എല്ലാ സ്കൂളുകളും നേഴ്സറികളും ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടും; മെയ്, ജൂൺ മാസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളും റദ്ദാക്കി.എൻഎച്ച്എസ് ജീവനക്കാരുൾപ്പടെയുള്ളവരുടെ മക്കൾക്ക് സ്കൂളിൽ പോകുന്നതിന് തടസ്സമില്ല.

March 20 04:06 2020 Print This Article

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ സ്കൂളുകൾ ഇന്ന് മുതൽ അടച്ചിടും. അനിശ്ചിതകാലത്തേക്ക് സ്കൂളുകൾ അടച്ചിടുമെന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ അടച്ചിടുമെന്ന് ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു. പല യൂറോപ്പ്യൻ രാജ്യങ്ങളും സ്കൂൾ അടച്ചിടുന്ന സാഹചര്യത്തിലാണ് ബ്രിട്ടനിലും ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഇത് സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഈ സമയത്ത് അക്ഷീണം പ്രയത്നിക്കുന്ന എൻ‌എച്ച്എസ് സ്റ്റാഫ്, പോലീസ്, ഫുഡ്‌ ഡെലിവറി ഡ്രൈവർമാർ എന്നിവരുടെ കുട്ടികൾക്കായി സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. മാതാപിക്കളുടെ ജോലിക്ക് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ ഭക്ഷണം ലഭിക്കുന്ന കുട്ടികൾ, വിദ്യാഭ്യാസ ആരോഗ്യ പരിരക്ഷാ പദ്ധതികളിൽ ഉൾപ്പെട്ട കുട്ടികൾ എന്നിവരെ സഹായിക്കാൻ സ്കൂളുകളോട് ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ ഏതൊക്കെ സ്കൂളുകളാണ് ഈ സേവനങ്ങൾ നൽകുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

സ്കൂളുകൾ അടച്ചിടുന്ന സാഹചര്യത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലും മെയ്, ജൂൺ മാസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഇതിൽ ജിസി‌എസ്ഇ, എ-ലെവൽ പരീക്ഷകളും ഇംഗ്ലണ്ടിന്റെ പ്രൈമറി സ്കൂൾ ദേശീയ പാഠ്യപദ്ധതി പരീക്ഷയും (സാറ്റ്സ് ) ഉൾപ്പെടുന്നു. നേഴ്സറികളും സ്വകാര്യ സ്കൂളുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. പരീക്ഷകൾ നടക്കില്ലെന്നും എന്നാൽ എല്ലാ വിദ്യാർത്ഥികൾക്കും അവരവരുടെ അർഹതയ്ക്കനുസരിച്ചുള്ള യോഗ്യത ലഭിക്കുമെന്നും വില്യംസൺ പറഞ്ഞു.

സ്കോട് ലാൻഡ് സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിടുയാണെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. സെപ്റ്റംബറിന് മുമ്പ് സ്കൂളുകൾ വീണ്ടും തുറക്കുമെന്ന കാര്യത്തിൽ ഉറപ്പുനൽകാനാവില്ലെന്നും സ്റ്റർജിയൻ പറഞ്ഞു. യുകെയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,626 ആയി ഉയർന്നു. മരണസംഖ്യ 108ലേക്കും ഉയർന്നു. ഈയൊരവസ്ഥയിൽ സ്കൂളുകൾ അടച്ചിടുന്ന നടപടി, രോഗവ്യാപനത്തെ ഒരു പരിധി വരെ തടയുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
*വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles