ഗോവയില്‍ മരിച്ച കാസര്‍കോട് നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരം. അഞ്ജന ഹരീഷ് മരണപ്പെടുന്നതിനു മുന്‍പ് പ്രകൃതിവിരുദ്ധമായും അല്ലാതെയും നിരന്തരം ലൈംഗികമായി ഉപയോഗിക്കപ്പെട്ടതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഞ്ജനയുടെ മരണം ആത്മഹത്യയല്ലെന്നും വ്യക്തമായ ആസൂത്രണത്തോടെ, ലഹരി നല്‍കി അബോധാവസ്ഥയില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാസപരിശോധനയിലൂടെയും അന്വേഷണത്തിലൂടെയും മാത്രമെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരാനാവൂവെന്നാണ് അധികൃതര്‍ പറയുന്നത്.

അഞ്ജനയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകള്‍ ഉണ്ട്. അതേസമയം കാലങ്ങളായി നിരന്തരം അഞ്ജനയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ കഴുത്തില്‍ കയര്‍ കുരുക്കിയ നിലയില്‍ കണ്ടെത്തിയത്.

ആണ്‍ സുഹൃത്ത് ശബരിയും നസീമയും ആതിരയും ഉള്‍പ്പെടെ നാലുപേരും ഒരുമുറിയിലാണ് താമസിച്ചതെന്നാണ് വിവരം. അഞ്ജനയെ കാണാതായി മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് പത്തുമീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്.

അഞ്ജനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് അമ്മയും ബന്ധുക്കളും പറയുന്നത്. സാഹചര്യത്തെളിവുകള്‍ അതിനെ സാധൂകരിക്കുന്നതായും മൃതദേഹം ഗോവയില്‍ നിന്നു കൊണ്ടുവന്ന ബന്ധുക്കളും ഉറപ്പിക്കുന്നു. കോഴിക്കോട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പമാണ് യുവതി ഗോവയിലെത്തിയത്.

ഇവരെ ക്വാറന്റീനിലാക്കിയിരുന്നു. കുണ്ടറ, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നു. വടകരയിലെ സംഘവുമായി തെറ്റിപ്പിരിഞ്ഞാണ് യുവതി ഗോവയില്‍ എത്തിയത്.

അഞ്ജനയെ കാണാനില്ലെന്ന് കാട്ടി ഫെബ്രുവരിയില്‍ മാതാവ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്രകാരം പോകുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയുടെ മകളോടൊപ്പമായിരുന്നു അഞ്ജന അന്ന് കോടതിയില്‍ നിന്ന് ഇറങ്ങിയത്.

പിന്നീട് യുവതി ഈ സൗഹൃദം വിട്ട് മറ്റ് ചില സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം. വ്യാഴാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗോവ പോലീസ് ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിച്ചത്.