റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സീൻ വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആന്ദ്രേ ബോടിക്കോവിനെ (47) സ്വന്തം അപ്പാർട്ട്മെന്റിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വാക്കുതർക്കത്തെ തുടർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയശേഷം ഓടിപ്പോയ പ്രതിയെ (29) അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഗാമലേയ നാഷനൽ റിസർച് സെന്ററിൽ ഗവേഷകനായി പ്രവർത്തിച്ചിരുന്ന ബോടിക്കോവ് ഉൾപ്പെടുന്ന 18 അംഗ സംഘമാണു 2020 ൽ റഷ്യയുടെ സ്പുട്നിക് V എന്ന കോവിഡ് പ്രതിരോധ വാക്സീൻ വികസിപ്പിച്ചത്. ഇതിനു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഒരു വർഷം മുൻപ് യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം റഷ്യയിൽ നിരവധി പ്രമുഖർ അസ്വാഭാവികമായ രീതിയിൽ മരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയും പുട്ടിന്റെ വലംകൈയുമായ മറീന യാങ്കിന (58) 16 നില കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചത് കഴിഞ്ഞ മാസമാണ്. പുട്ടിൻ പുറത്താക്കിയ മേജർ ജനറൽ വ്ലാഡിമിർ മകാറോവ്, റഷ്യൻ കരസേനയുടെ മുൻ മേധാവി അലക്സി മാസ്​ലോവ്, കപ്പൽ സേനയെ ഒരു ദശകത്തോളം നയിച്ച അലക്സാണ്ടർ ബുസ്കോവ് എന്നിവർ മരിച്ചതിലും ദുരൂഹതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുട്ടിന്റെ കടുത്ത വിമർശകനായ പാർലമെന്റംഗം പാവൽ ആന്റോവും (66) സഹയാത്രികൻ വ്ലാഡിമിർ ബിഡെനോവും ഇന്ത്യയിൽ സന്ദർശനത്തിനിടെ കഴിഞ്ഞ ഡിസംബറിൽ ഒഡീഷയിൽ വച്ചാണു മരിച്ചത്.