നിലപാടുകളും അഭിപ്രായങ്ങളും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ തുറന്ന് പറയുന്ന ആളാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. പൗരത്വഭേദഗതി നിയമത്തിലുള്ള വിയോജിപ്പ് ആദ്യം മുതല്‍ അനുരാഗ് കശ്യപ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് കാണണമെന്നും, മോദി തന്റെ ജനന സര്‍ട്ടിഫിക്കറ്റും അച്ഛന്റെയും കുടുംബത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റുകളും മുഴുവന്‍ രാജ്യത്തിനും കാണിച്ചുകൊടുക്കണമെന്നും അതിനുശേഷം മാത്രമേ പൗരന്മാരില്‍ നിന്ന് രേഖകള്‍ ചോദിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറയുന്നു. സിഎഎയ്ക്ക് എതിരായ ഹാഷ്ടാഗുകളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.

മോദിയുടെ പൊളിറ്റിക്കല്‍ സയന്‍സിലുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിച്ചു തരാന്‍ കഴിഞ്ഞദിവസം അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് തന്റെ വിമര്‍ശനം രേഖപ്പെടുത്തിയത്.

മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ രണ്ടായി തിരിച്ചുവെന്ന് അനുരാഗ് കശ്യപ് നേരത്തേ വിമര്‍ശിച്ചിരുന്നു. ചോദ്യം ചോദിക്കുന്നവര്‍ ദേശ ദ്രോഹികളും, മോദി ഭക്തര്‍ മാത്രം ദേശ സ്‌നേഹികളുമായുള്ള ഇന്ത്യയാണ് മോദി സൃഷ്ടിക്കുന്നതെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.