കായിക മേഖലയേയും പിടിച്ചുലച്ച് കൊറോണ . ആർസനൽ കോച്ചിനും ചെൽസി താരത്തിനും കൊറോണ .

കായിക മേഖലയേയും പിടിച്ചുലച്ച് കൊറോണ . ആർസനൽ കോച്ചിനും ചെൽസി താരത്തിനും കൊറോണ .
March 13 13:02 2020 Print This Article

ലണ്ടൻ∙ അർജന്റീന താരം പൗലോ ഡിബാലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇറ്റലിയിൽ അദ്ദേഹത്തിന്റെ ക്ലബ്ബായ യുവെന്റസ് വ്യക്തമാക്കി. പ്രതിരോധതാരം ഡാനിയേല റുഗാനിക്കു പിന്നാലെ ഡിബാലയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, മറ്റു താരങ്ങൾക്കൊപ്പം ഡിബാലയും ക്വാറന്റീനിലാണെന്നും രോഗബാധയില്ലെന്നും യുവെന്റസ് വ്യക്തമാക്കി. യുവെന്റസ് താരങ്ങളും പരിശീലകരും ഉൾപ്പെടെ 121 പേരാണ് നിലവിൽ ക്വാറന്റീനിലുള്ളത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ ഏപ്രിൽ 3 വരെ എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആർസനലിന്റെ പരിശീലകൻ മൈക്കൽ അർട്ടേറ്റ, ചെൽസിയുടെ കൗമാര താരം കല്ലം ഹസ്ഡൻ–ഒഡോയ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ലീഗ് മത്സരങ്ങൾ അനിശ്ചിതത്വത്തിലായി. പരിശീലകനു വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ശനിയാഴ്ച നടക്കേണ്ടിയിരിക്കുന്ന ആർസനൽ – ബ്രൈറ്റൺ ലീഗ് മത്സരം നീട്ടിവച്ചു. അർട്ടേറ്റയുമായി സമ്പർക്കം പുലർത്തിയിരുന്ന മുഴുവൻ താരങ്ങളെയും ക്വാറന്റീൻ ചെയ്ത ആർസനൽ, പരിശീലന കേന്ദ്രവും താൽക്കാലികമായി അടച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒഡോയിയെ ഐസലേഷനിലേക്കു മാറ്റി. ഒഡോയിയുമായി സമ്പർക്കം പുലർ‌ത്തിയ മുഴുവൻ താരങ്ങളെയും ക്വാറന്റീൻ ചെയ്തു. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ലെസ്റ്റർ സിറ്റിയും രോഗ ലക്ഷണങ്ങൾ കാട്ടിയ ഏതാനും താരങ്ങളെ കരുതൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

മുഖ്യ പരിശീലകനു തന്നെ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആർസനൽ ടീമിലെ എല്ലാ താരങ്ങളെയും ക്വാറന്റീൻ ചെയ്യേണ്ടിവരും. ഈ സാഹചര്യത്തിൽ‌ ക്ലബ്ബിന്റെ ഇനിയുള്ള മത്സരങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലായി. കൂടുതൽ താരങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ പ്രീമിയർ ലീഗ് അധികൃതർ ക്ലബ്ബുകളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് യോഗം ചേരുക.

ഈ ശനിയാഴ്ച ആസ്റ്റൺ വില്ലയുമായി ലീഗ് മത്സരം നടക്കാനിരിക്കെയാണ് ചെൽസി താരം ഒഡോയിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. താരത്തെ ഐസലേഷനിലേക്കു മാറ്റിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ രോഗ ലക്ഷണങ്ങൾ കാട്ടിയ ഹഡ്സൻ ഒഡോയ് അതിനുശേഷം സഹതാരങ്ങളുമായി സമ്പർക്കം ഒഴിവാക്കി ഒറ്റയ്ക്കു കഴിയുകയായിരുന്നു. വ്യാഴാഴ്ചയോടെയാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒഡോയിയുമായി സമ്പർക്കം പുലർത്തിയിരുന്ന മുഴുവൻ താരങ്ങളെയും സർക്കാർ നിർദ്ദേശമനുസരിച്ച് ഐസലേഷനിലേക്കു മാറ്റുമെന്ന് ക്ലബ് അറിയിച്ചു.

അതിനിടെ, കുടുംബാഗങ്ങളിൽ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് ഡിഫൻഡർ ബെഞ്ചമിൻ മെൻഡി സ്വയം ഐസലേഷനിലേക്കു മാറിയതായി ക്ലബ് അറിയിച്ചു. വ്യാഴാഴ്ചവരെ മെൻഡി സഹതാരങ്ങൾക്കൊപ്പം പതിവു പരിശീലനത്തിന് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മെൻഡിയുടെ ബന്ധുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ താരം സ്വയം ഐസലേഷനിലേക്കു മാറി. സിറ്റിക്ക് ഈ ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ ബേൺലിക്കെതിരെ മത്സരമുണ്ടായിരുന്നു. സിറ്റിയുടെ ആർസനലിനെതിരായ ലീഗ് മത്സരവും റയൽ മഡ്രിഡിനെതിരായ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദവും നേരത്തെ തന്നെ നീട്ടിവച്ചിരുന്നു.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബാസ്കറ്റ്ബോൾ താരത്തിനൊപ്പം സമ്പർക്കം പുലർത്തിയിരുന്ന താരങ്ങളെ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രി‍ഡും ക്വാറന്റീൻ ചെയ്തിരുന്നു. വൈറസ് ബാധ കൂടുതൽ മേഖലകളിലേക്കു പടരുന്ന സാഹചര്യത്തിൽ സ്പാനിഷ് ലാലിഗ, ഡച്ച് ലീഗ, പോർച്ചുഗലിലെ പ്രീമിയർ ലീഗ്, യുഎസ്എയിലെ മേജർ ലീഗ് സോക്കർ എന്നിവയെല്ലാം താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles