അദ്ധ്യായം – 22
പോലീസ്സിനെ ഭയന്ന് ഡല്‍ഹിയിലേക്ക്

ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിച്ചു. ഓമന വിടര്‍ന്ന കണ്ണുകളുമായി വരാന്തയിലേക്ക് ഇറങ്ങി വന്നു. ഇമ വെട്ടാതെ പുഞ്ചിരി തൂകി നോക്കി നിന്നിട്ട് പറഞ്ഞു കാണാനുളള ആഗ്രഹം മനസ്സില്‍ തോന്നിയപ്പോള്‍ ആളിതാ മുന്നില്‍ . എന്താ കിടന്നിട്ട് ഉറക്കം വരുന്നില്ലേ?. ഞങ്ങളുടെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു. ഞാന്‍ മറുപടിയായി പറഞ്ഞു, രണ്ടു പേരുടേയും ആഗ്രഹം സഫലമായില്ലേ.വരണമെന്ന് പലവട്ടം ആഗ്രഹിച്ചതാണ്. ഇപ്പോള്‍ വന്നത് വളരെ പ്രാധാന്യമുളള ഒരു കാര്യം പറയാനാണ്. എന്റെ മുഖത്തേക്ക് ഗൗരവത്തോടെ നോക്കിനില്‍ക്കേ കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചത് തുറന്നു പറഞ്ഞു. ഇടയ്ക്കവള്‍ വാര്‍ഡിലേക്ക് നോക്കുന്നുണ്ടായിരുന്നു. അതു കേട്ട് പുഞ്ചിരി പൊഴിച്ചുകൊണ്ടവള്‍ പറഞ്ഞു. എന്റേയും ആഗ്രഹം റാഞ്ചിയില്‍ നിന്നു പോകണമെന്നു തന്നെയാണ്. ഇപ്പോള്‍ അതിനുളള അവസരം വന്നിരിക്കുന്നു. എനിക്ക് ജയാശംസകള്‍ നേര്‍ന്നപ്പോള്‍ ഹൃദയം നിറയെ ആനന്ദമാണുണ്ടായത്. അവള്‍ പ്രണയ ലഹരിയില്‍ വിശാലമായ ഒരു ലോകത്തേക്കു പോകാനാണ് ആവശ്യപ്പെടുന്നത്. വെയില്‍ നാളങ്ങളെപ്പോലെ ആ കണ്ണുകള്‍ തിളങ്ങി നിന്നു.

സ്വന്തം ജീവിതം എന്തായിത്തീരും എന്നവള്‍ ചിന്തിക്കുന്നില്ല. എന്തായിരിക്കും സമീപനമെന്നറിയാതെ ഇളകിയാടുന്ന മനസ്സുമായിട്ടാണ് വന്നത്. പക്വമായ മറുപടിയാണ് ലഭിച്ചത്. ഇവിടെ ഏറെ നേരം നില്‍ക്കാന്‍ പറ്റില്ലെന്ന് അവള്‍ മുന്നറിയിപ്പു തന്നു. സിസ്റ്റര്‍ കാപ്പി കുടിക്കാന്‍ പോയിരിക്കുകയാണ്. സ്റ്റുഡന്റസ് എന്തെങ്കിലും തെറ്റു കാണിച്ചാല്‍ അതങ്ങു മുകളിലെത്തും. ആ കൂട്ടത്തിലറിയിച്ചു, എങ്ങോട്ടുപോയാലും ചെന്നാലുടന്‍ കത്തയയ്ക്കണം. അങ്ങനെയെങ്കിലും ഈ വഴക്കാളി ഒന്നു നന്നാകട്ടെ. കണ്ണൊന്നു തുറന്നു നോക്കിയാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകും. ഒന്നും ഓര്‍ത്ത് വിഷമിക്കേണ്ട. ഞാനും പ്രാര്‍ത്ഥിക്കാം. വരാന്തയിലൂടെ വാര്‍ഡ് സിസ്റ്റര്‍ വരുന്നത് കണ്ട് എന്നോട് ”സിസ്റ്റര്‍ വരുന്നുണ്ട് സന്തോഷമായിരിക്ക്” പറഞ്ഞിട്ടവള്‍ പോയി. ഞാന്‍ വേഗത്തില്‍ നടന്നകന്നു. എന്റെ യാത്രയ്ക്ക് സാഫല്യമുണ്ടായതായി തോന്നി. റാഞ്ചിയില്‍ എത്തുന്നതുവരെ എന്റെ മനസ്സ് നക്ഷത്രങ്ങളെപ്പോലെ തിളങ്ങി നിന്നു. ബസ്സില്‍ നിന്നിറങ്ങി ആദ്യം പോയത് ബസ്സസ്‌റ്റേഷനിലെ പബ്ലിക്ക് ടെലിഫോണ്‍ ബൂത്തിലേക്കാണ്. പത്തു പൈസ അതിലിട്ട് ശശിയുടെ ഓഫീസ്സിലേക്ക് വിളിച്ചിട്ട് പറഞ്ഞു, എത്രയും വേഗം മുരളീധരന്റെ മുറിയിലേക്ക് ജ്യേഷ്ഠന്റെ അഡ്ഡ്രസ്സുമായി വരണം. ബാക്കി നേരില്‍ പറയാം.

ഫോണ്‍ വച്ചിട്ട് റയില്‍വേ സ്‌റ്റേഷനിലേക്കു നടന്നു. ന്യൂഡല്‍ഹിക്കുളള ട്രയിനിന്റെ സമയമറിയാനാണ് പോയത്. അവിടെച്ചെന്ന് എന്‍ക്വയറിയില്‍ ട്രെയിനിന്റെ സമയ വിവരങ്ങള്‍ തിരക്കി. രാത്രി ഏഴുമണിക്കുളള ഒരു ടിക്കറ്റ് എടുത്തിട്ട് വാച്ചിലേക്ക് നോക്കി. അഞ്ചുമണിയാകാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിയുണ്ട്. വേഗത്തിലെത്തി മുറി തുറന്ന് ശശിയെ കാത്തിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് ചുറ്റുപാടും കണ്ണുകളോടിച്ച് ശശി മുറിക്കു മുന്നിലെത്തി. ജനാലയിലൂടെ ശശി വരുന്നത് കണ്ട് പെട്ടെന്ന് കതകു തുറന്ന് അകത്തു കയറ്റി കതകടച്ചു. ആകാംക്ഷയോടെ പറഞ്ഞു കഴിഞ്ഞ രാത്രിയിലും ഇന്നത്തെ പകലും നടന്നതൊന്നും ഞാനറിഞ്ഞില്ല.

ശശി ജ്യേഷ്ഠന്‍ രാമകൃഷ്ണന്റെ അഡ്രസ്സ് തന്നിട്ടു പറഞ്ഞു, സോമന്‍ ജ്യേഷ്ഠന്റെ ഒപ്പമെന്ന് മറ്റാരും അറിയരുത്. കഴിഞ്ഞ രാത്രിയില്‍ പോലീസ് വന്നിരുന്നു. കേസ്സിലെ ഒന്നാം പ്രതി സോമനാണ്. ഞങ്ങള്‍ പറഞ്ഞു അയാള്‍ നിരപരാധിയാണ്, എവിടെപ്പോയി എന്നറിയില്ല. ഉടനെ പോലീസ് ഞങ്ങളോട് കയര്‍ത്തിട്ടു പറഞ്ഞു, ഒരുത്തനെ കൊല്ലാക്കൊല ചെയ്തിട്ട് നീയൊക്കെ അവന്റെ വക്കാലത്ത് പറയുന്നോ. എല്ലാ തെളിവും ഞങ്ങളുടെ കയ്യിലുണ്ട്. അവന്‍ എവിടെ ഒളിച്ചാലും ഞങ്ങള്‍ അവനെ പൊക്കും. ഇവിടെ വന്നാലുടന്‍ പോലീസ് സ്‌റ്റേഷനില്‍ വരാന്‍ പറയണം. ഞങ്ങളുടെ മൊഴിയും ദൃക്‌സാക്ഷികളുടെ മൊഴിയും അവര്‍ എഴുതിയെടുത്തിട്ടുണ്ട്. പിന്നീടുളള എന്റെ ചോദ്യം ഐ.സി.യുവിലുളള ഗൗരവിനെപ്പറ്റിയാണ്. ദുഖം കലര്‍ന്ന സ്വരത്തില്‍ ശശി പറഞ്ഞു, രാവിലെ അടുത്ത വീട്ടിലെ ശ്രീവാസ്തവയോടു ഞാന്‍ തിരക്കിയപ്പോള്‍ പറഞ്ഞത് അയാള്‍ ജീവിക്കുമോ മരിക്കുമോ ഒന്നും പറയാന്‍ പറ്റില്ലെന്നാണ്. അതാണ് ഞാന്‍ പറഞ്ഞത് ഇവിടെ നിന്നും രക്ഷപ്പെടണം ഒരു കുഞ്ഞു പോലും അറിയരുത്. അറിഞ്ഞാല്‍ ഞാനടക്കം അകത്താകും.

ജ്യേഷ്ഠനോടു പറഞ്ഞപ്പോള്‍ അയാള്‍ ഗുരുതരാവസ്ഥയിലെങ്കില്‍ സോമന്‍ ഇവിടെ നില്‍ക്കാന്‍ പാടില്ലെന്നാണ് പറഞ്ഞത്. ഇനിയും കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. നമ്മള്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ഡല്‍ഹിക്കു പോകുന്നത് നമ്മള്‍ക്ക് രണ്ടു പേര്‍ക്കു മാത്രമേ അറിയൂ. അബ്ദുളിനോടും പറഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചു അബ്ദുളിനെങ്ങിനെയുണ്ട്. ശശി വിഷമത്തോടെ പറഞ്ഞു ആ പാവത്തിന് തീരെ വയ്യ. ശരീരമെല്ലാം നല്ല വേദനയാണ്. ഇടി കൊണ്ടതല്ലേ വേദനിക്കാതിരിക്കുമോ. സത്യത്തില്‍ സോമന്‍ വന്നത് ഞങ്ങളുടെ ഭാഗ്യമായിട്ടാണ് കണ്ടത്. അവന്മാരോടു നേരിടാന്‍ ഞങ്ങള്‍ക്ക് പറ്റുമോ. തല്ലിക്കൊല്ലാനല്ലേ വന്നത്. മറ്റൊന്ന് അവിടെ പോയിട്ട് ഇങ്ങോട്ട് ആര്‍ക്കും കത്തയക്കരുത്. പോലീസ് വെല്ലുവിളിച്ചിട്ടല്ലേ പോയിരിക്കുന്നത്, ഉടനെ പൊക്കുമെന്ന്; അവരുടെ പൊക്കല്, സോമന്‍ ധൈര്യമായി പൊയ്‌ക്കോ. പൈസ വേണോ. പോക്കറ്റില്‍ നിന്നു പേഴ്‌സ് എടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പോള്‍ വേണ്ട. ആവശ്യമെങ്കില്‍ ജ്യേഷ്ഠന്‍ വഴി അറിയിക്കാം. ഞാനിപ്പോള്‍ ടിക്കറ്റ് എടുത്തിട്ടാണ് വന്നത്. ട്രെയിന്‍ ഏഴുമണിക്കു തിരിക്കും. അതുകൂടി ജ്യേഷ്ഠനെ അറിയിക്കണം. ശശി തലയാട്ടി സമ്മതിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് യാത്രാമംഗളങ്ങളും നേര്‍ന്നിട്ട് ശശി മുറി തുറന്നു പുറത്തേക്ക് പോയി. ഞാന്‍ കതകടച്ചിട്ട് പെട്ടി തുറന്ന് ഡയറിയില്‍ രാമകൃഷ്ണന്റെ അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയിട്ടു. മനസ്സിലെ ഏക പ്രാര്‍ത്ഥന ഗൗരവിന് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു. അയാള്‍ ജീവനോടെ ഉണ്ടെങ്കില്‍ മാത്രമേ എനിക്ക് ഈ മണ്ണില്‍ കാലു കുത്താന്‍ കഴിയൂ.

യൗവ്വനം ഒരിക്കലും രോഷാഗ്നിയില്‍ ആളിക്കത്തിക്കാന്‍ പാടില്ല. അതു കുറ്റവാളികളെ മാത്രമേ സൃഷ്ടിക്കൂ എന്ന് എനിക്കറിയാം. ഞാനെന്ന കുറ്റവാളിയെ ഇതിലേക്ക് വലിച്ചിഴച്ചത് ആരാണ്. ഇനിയും അതൊന്നും ചിന്തിച്ചിട്ട് ഫലമില്ല. മുരളി വരുന്നതിനു മുമ്പു തന്നെ പോകണം. സന്ധ്യ മയങ്ങിയിട്ടു വേണം പുറത്തേക്കു പോകാന്‍. ഞാന്‍ കുളിമുറിയില്‍ കയറി കുളിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ സന്ധ്യ ഭൂമിയെ തലോടിത്തുടങ്ങി. പോലീസ്സുകാര്‍ എന്നെത്തേടി നടക്കുന്നുണ്ടോ. എന്റെ മുഖം പോലീസ്സിനറിയില്ല. അറിയണമെങ്കില്‍ ആരെങ്കിലും ഒറ്റികൊടുക്കണം. സാമര്‍ത്ഥ്യമുളള പോലീസ്സുകാരന്‍കുറ്റവാളിയെ പിടിക്കുന്നത് മുഖം നോക്കി മാത്രമല്ല, ലക്ഷണം കണ്ടുമാണ്. പുറത്തേക്ക് ജനാലയിലൂടെ നോക്കിയിട്ട് പെട്ടിയുമായി പുറത്തിറങ്ങി കതകടച്ചു താക്കോല്‍ മുറിക്കുളളിലിട്ട് അല്പം ഭയത്തോടെ സ്‌റ്റേഷനിലേക്കു നടന്നു. എന്റെ ഓരോ കാല്‍പ്പാടുകളിലും ഭീതി അമര്‍ന്നിരുന്നു. സ്റ്റേഷനിലെത്തിയ നിമിഷം തെല്ല് അമ്പരപ്പോടെ ഒന്നിലധികം പോലീസ്സുകാരെ കണ്ടു. സാധാരണ ഒന്നോ രണ്ടോ പോലീസ്സുകാര്‍ മാത്രമേ ഇവിടെ കാണാറുളളൂ. യാത്രക്കാരുടെ ഇടയിലൂടെ അവര്‍ നടക്കുകയും നോക്കുകയും ചെയ്യുന്നു. മനസ്സില്‍ ആശങ്കകള്‍ ഉണര്‍ന്നു. ഇവര്‍ എന്നെയാണോ തിരയുന്നത്. ഉടനടി ഞാന്‍ പുറത്തേക്കിറങ്ങി ഒരു ഭാഗത്തായി മാറി നിന്നു. മനസ്സിന്റ ഭാരം ഏറി. കണ്ണുകളില്‍ ഭീതിയും നിറഞ്ഞു. ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇനിയും എങ്ങനെ ട്രെയിനില്‍ കയറും. പ്ലാറ്റ് ഫോമില്‍ ചെന്നാല്‍ അവര്‍ പിടികൂടും. അപകടമാണ്, മറ്റൊന്ന് എന്നെ ഭയപ്പെടുത്തിയത് ഗൗരവ് മരണപ്പെട്ടോ എന്നാണ്. ഊര്‍ജ്ജിതമായ അന്വേഷണം അതിന്റെ പേരിലാണോ. എന്തായാലും മനോധൈര്യം നഷ്ടപ്പെടുത്താന്‍ പാടില്ല. ശ്രദ്ധാപൂര്‍വ്വം പോലീസ് പുറത്തേക്കു വരുന്നതും നോക്കി നിന്നു.

അല്പ സമയത്തിനുള്ളില്‍ ഒരു ട്രെയിന്‍ വന്നു. വാച്ചിലേക്കു നോക്കി. ആറര കഴിഞ്ഞിരിക്കുന്നു. ഇത് ഡല്‍ഹിക്കുളള ട്രെയിനാകാനാണ് സാധ്യത. പെട്ടെന്ന് പോയി അതില്‍ കയറിയാല്‍ പോലീസ് ശ്രദ്ധിക്കും അതു പാടില്ല, അബദ്ധമാണ്. മനസ്സു പതറി നിന്ന നിമിഷങ്ങളില്‍ ഒരു കുടുംബത്തിലെ പലപ്രായത്തിലുളള സ്ത്രീപുരുഷന്മാരായ നാലു പേര്‍ അകത്തേക്ക് നടന്നുവന്നു. ആ നിമിഷം ഞാനും അവര്‍ക്കൊപ്പം എങ്ങും നോക്കാതെ ആ കുടുംബത്തിലെ ഒരംഗമായി അവര്‍ കയറിയ ബോഗിയിലേക്കു കയറി. അടുത്തുകൂടി നടക്കുന്നവരെ കാണാന്‍ പോലും എനിക്ക് കണ്ണില്ലായിരുന്നു. എന്നിലെ ദീര്‍ഘ നിശ്വാസം കുറഞ്ഞുവന്നു. ട്രെയിനില്‍ നിന്ന ഒരാളോട് ചോദിച്ച് ഇത് ന്യൂഡല്‍ഹിക്കളള ട്രെയിന്‍ എന്ന് ഉറപ്പു വരുത്തി. എന്റെ ഭയവും സങ്കടവുമെല്ലാം സന്തോഷത്തിനു വഴി മാറി. ട്രെയിനില്‍ നിന്ന് പുറത്തേക്ക് നോക്കി. പോലീസ് ഏതോ കുറ്റവാളിയെ തിരയുകയാണെന്ന് എനിക്കു മനസ്സിലായി. പല ഭാഗത്തും അവര്‍ പലരേയും തുറിച്ചുനോക്കുന്നുണ്ട്.

എന്റെ നിറം കറുപ്പായതു കൊണ്ട് ആ നിറത്തിലുളളവരെയാണോ നോക്കുന്നത്. മദ്രാസ്സി കൂടിയാകുമ്പോള്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. അവിടെ കറുത്ത നിറമുളളവരുണ്ടെങ്കിലും അവരുടെ രൂപസാദൃശ്യം മദ്രാസ്സിയുടെ പോലല്ല. ചില പോലീസ്സുകാര്‍ ട്രെയിനിലുളളവരേയും നോക്കിനടക്കുന്നുണ്ട്. അന്വേഷണം റെയില്‍വേ സ്‌റ്റേഷനിലേക്കും ബസ്സ് സ്റ്റാന്‍ഡിലേക്കും വ്യാപിച്ചതാണോ. ട്രയിനിന്റെ മുന്നിലെ എന്‍ജിന്‍ ഇരക്കുന്നതു പോലെ എന്റെ ഹൃദയവും ദൃതഗതിയില്‍ ഇടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് കാതില്‍ തുളച്ചു കയറുന്ന സൈറണ്‍ വീണ്ടും മുഴക്കി ട്രെയിന്‍ മുന്നോട്ടു നിങ്ങി. തളര്‍ന്നിരുന്ന ശരീരത്തിന് പുറത്തു നിന്നടിച്ച കുളിരിളം കാറ്റ് ഒരാശ്വാസ്മായി. അതു നെറ്റിയിലെ വിയര്‍പ്പ് തുടച്ചു മാറ്റി. ട്രയിന്‍ റാഞ്ചയില്‍നിന്ന് അപ്രത്യക്ഷമായപ്പോഴാണ് ഉളളില്‍ തിളച്ചുമറിഞ്ഞ ഭയാശങ്കകള്‍ മാറിയത്.
അനാഥമായി കിടന്ന ട്രെയിന്‍ പാളങ്ങളെ വിറപ്പിച്ചു കൊണ്ട് ട്രെയിന്‍ അടുത്തൊരു സ്റ്റേഷനില്‍ നിന്നു. പെട്ടെന്ന് പെട്ടിയെടുത്ത് പുറത്തേക്കിറങ്ങി. ഏറ്റവും പുറകിലേക്ക് ഓടി. അവിടെയാണ് റിസര്‍വേഷന്‍ ഇല്ലാത്തത്. ഓടുന്നതിനിടയില്‍ ട്രെയിനില്‍ നിന്നിറങ്ങിയ ഒരാളുടെ പൂട്ടില്ലാത്ത പെട്ടിയില്‍ നിന്നു പുറത്തേക്ക് എന്തോ ഒക്കെ ചിന്നിച്ചിതറി വീഴുന്നതു കണ്ടു. ഞാന്‍ ഓടിക്കയറിയതും ട്രെയിന്‍ മുന്നോട്ടു പോയതും ഒന്നിച്ചായിരുന്നു. സംശയത്തോടെ ഒരിരിപ്പിടം നോക്കി നടന്നു. മദ്രാസ്സിയായ എന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്റെ കാഴ്ച്ച ശക്തി അല്പം കുറഞ്ഞു. അതില്‍ ഒരാള്‍ ഒരല്പം ഒതുങ്ങിയിരുന്നിട്ട് ഇവിടെ ഇരിക്കാന്‍ പറഞ്ഞു. അയാള്‍ക്ക് നന്ദി പറഞ്ഞ് പെട്ടി അടിയില്‍ വെച്ചിട്ട് ഞാനിരുന്നു. യാത്രചെയ്യുന്നവര്‍ ഒരിക്കലും മറ്റു യാത്രക്കാരെ ശല്യപ്പെടുത്താന്‍ പാടില്ല.

റിസര്‍വേഷന്‍ കംമ്പാര്‍ട്ടുമെന്റില്‍ ഇരുന്നാല്‍ ടിക്കറ്റ് ചെക്കര്‍ക്ക് കൈക്കൂലി കൊടുക്കാതെ ഇരിക്കാന്‍ പറ്റില്ല. എന്റെ കയ്യില്‍ അനാവശ്യമായി ചെലവഴിക്കാന്‍ കാശുമില്ല. കുറച്ചു ബുദ്ധിമുട്ടിയാലും ഈ ട്രെയിന്‍ എന്നെ എത്തേണ്ടിടത്ത് എത്തിക്കും. എന്നെപ്പോലുളള എത്ര കുറ്റവാളികളെ ശിക്ഷിക്കാതെ രക്ഷപെടുത്തുന്നു ട്രയിനുകള്‍. ഇതില്‍ കയറുന്നവര്‍ ആരായാലും ട്രെയിന്‍ എന്തിനു നോക്കണം. ഒരു ഉത്തരവാദിത്വമേയുളളു, യാത്രക്കാരെ അതതു സ്ഥാനങ്ങളില്‍ ഒരാപത്തും കൂടാതെ എത്തിക്കുക. അവരെ പരിചരിക്കുക. ഇരുളില്‍ ഒഴുകിക്കൊണ്ടിരുന്ന ട്രയിനിനുളളില്‍ ഇപ്പോള്‍ ഭീതിയോ, വിഷാദമോ ഒന്നുമില്ല. ആരേയും ഭയന്നിറങ്ങി ഓടേണ്ടതുമില്ല. അടുത്തിരുന്ന ചിലരൊക്കെ ഉറക്കം തൂങ്ങുന്നുമുണ്ട്. ഏതാനും സ്‌റ്റേഷനുകള്‍ കഴിഞ്ഞപ്പോള്‍ ഞാനൊരു സ്‌റ്റേഷനിലിറങ്ങി പ്ലാറ്റ്‌ഫോമിലെ കച്ചവടക്കാരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചു. ഇരുളിനെ കീറിമുറിച്ച് പ്രകാശം പരത്തിക്കൊണ്ട് ട്രെയിന്‍ ഓടികൊണ്ടിരുന്നു. ഉറക്കം തൂങ്ങി കണ്ണു തുറക്കുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. ഇടയ്‌ക്കൊരു ചായ കുടിച്ചു. ട്രെയിനിന്റെ ജനല്‍പാളികളിലൂടെ ഞാന്‍ നോക്കിയിരുന്നു. വലിയ സ്‌റ്റേഷനുകളില്‍ എത്തുമ്പോഴാണ്. ആളുകളുടെ തിരക്ക് കണ്ടത്. അവരുടെയിടയില്‍ ആഭരണങ്ങള്‍ ധരിച്ച സുന്ദരിമാരായ സ്ത്രീകളും ഉണ്ടായിരുന്നു. സിനിമ നടിമാരെ പോലെ മുഖത്ത് ചായം പൂശിനില്‍ക്കുന്നതു കണ്ടാല്‍ സ്റ്റേഷനില്‍ ആരേയെങ്കിലും പ്രതീക്ഷിച്ചു നില്‍ക്കുകയാണോ എന്നു തോന്നും.

ചൂടുളള കാറ്റില്‍ ഗംഗാ നദിയിടെ മുകളിലൂടെ ട്രെയിന്‍ പൊയ്‌ക്കൊണ്ടിരിക്കെ എന്റെയടുത്തിരുന്ന രണ്ടു പേര്‍ അതിലേക്ക് നാണയത്തുട്ടുകള്‍ എറിയുന്നതു കണ്ടു. എന്റെ പുരികക്കൊടികള്‍ ആശ്ചര്യത്തോടെ നോക്കി. എന്റെ അടുത്തിരുന്നയാളും എഴുന്നേറ്റു ചെന്ന് നാണയത്തുട്ട് എറിഞ്ഞു. കുറച്ചകലെയായി വിശാലമായൊഴുകുന്ന നദിയുടെ തീരത്ത് ആളുകള്‍ കുളിക്കുകയും തുണികള്‍ കഴുകുകയും ചെയ്യുന്നു. മറ്റൊരിടത്ത് പോത്തുകള്‍ മുങ്ങിക്കിടക്കുന്നു. അതിനടുത്തായി പശുക്കള്‍ പുല്ലു മേയുന്നു. നദിയിലൂടെ തടിക്കഷണമോ മൃഗങ്ങളുടെ അവയവമോ ജലപ്പരപ്പിലൂടെ ഒഴുകുന്നു. എന്റെ അടുത്തിരുന്ന ആളിനോടു ചോദിച്ചു, എന്തിനാ വെളളത്തില്‍ പൈസ എറിയുന്നത്. അയാള്‍ ഒട്ടും കൂസ്സാതെ പറഞ്ഞു ഗംഗാ ദേവിയെ പ്രസാദിപ്പിക്കാനാണ്. അമ്പലവും പള്ളിയും ശ്രീകോവലുമൊക്കെ മനസ്സിലേക്ക് വന്നു. നാട്ടിലെ ദേവീ,ദേവന്മാരുടെ കഴുത്തില്‍ പൂമാല അണിഞ്ഞു കിടക്കുന്നതു കണ്ടിട്ടുണ്ട്. ഇവിടെ ജലത്തില്‍ പ്രതിമകള്‍ തീര്‍ക്കാന്‍ കഴിയില്ല. അതിനാലാണ് ആകാശഗംഗ പോലെ കിടക്കുന്ന ദേവിക്ക് പ്രണാമം അര്‍പ്പിക്കാനായി പണം എറിഞ്ഞു കൊടുക്കുന്നത്. ഒരാള്‍ വെളളികൊണ്ടുളള അരഞ്ഞാണവും എറിയുന്നതു കണ്ടു. അതു കുട്ടികള്‍ക്കു നന്മ വരാനായിരിക്കും. ദേവീ ഭക്തര്‍ക്ക് ഗംഗ പുണ്യജലമാണ്. ഹിമാലയത്തില്‍ നിന്ന് ഒഴുകിയെത്തുന്ന ജലത്തില്‍ കുളിച്ചാല്‍ ശുദ്ധി വരുമെന്നാണ് വിശ്വാസം. എന്നാലും എന്നില്‍ കൗതുകമുണര്‍ത്തിയത് സ്‌നേഹപാരവശ്യത്തോടെ മനുഷ്യനെ താലോലിച്ചൊഴുകുന്ന ഗംഗയ്ക്ക് ഈ പണത്തിന്റെ ഔദാര്യം ആവശ്യമുണ്ടോ. ആ പണം ഏതെങ്കിലും ദരിദ്രര്‍ക്ക് കൊടുത്തുകൂടെ. വെളളത്തിലെറിഞ്ഞാല്‍ എന്തെങ്കിലും ഗുണമുണ്ടോ?. ഈ മനുഷ്യര്‍ ഇങ്ങനെ പോയാല്‍ അരാജകത്വവും, പട്ടിണിയും, ദാരിദ്ര്യവും കൂടുക തന്നെ ചെയ്യും.

ട്രെയിന്‍ ന്യൂഡല്‍ഹിയിലെത്തി. തളര്‍ന്ന മനസ്സുമായി ഞാന്‍ പുറത്തിറങ്ങി. ചുറ്റും നോക്കി എങ്ങും തിരക്കാണ്. അടുത്തൊരു ട്രെയിനും കിടപ്പുണ്ട്. പുറത്തിറങ്ങി എങ്ങനെയെങ്കിലും ഈ വിലാസത്തിലെത്തണം. ഞാന്‍ മുന്നോട്ടു നടക്കുമ്പോള്‍ എന്റെ മുന്നില്‍ നിന്ന് ഒരാള്‍ എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ചോദിച്ചു, ”സോമനാണോ?”. അതെയെന്ന് ഞാന്‍ മറുപടി കൊടുത്തു. അതു ശശിയുടെ ജ്യേഷ്ഠന്‍ രാമകൃഷ്ണനായിരുന്നു. അദ്ദേഹമെന്നെ സ്വീകരിച്ചു. പുറത്തിറങ്ങി കുതിര റിക്ഷയില്‍ മാളവ്യനഗരത്തിലേക്ക് തിരിച്ചു. ബസ്സുകള്‍ അങ്ങോട്ടു പോകുന്നുണ്ട്, പക്ഷേ യാത്രക്കാരുടെ സൗകര്യത്തിനല്ല പോകുന്നത് എന്നു മാത്രം. ആ യാത്രയില്‍ റാഞ്ചിയിലുണ്ടായ കാര്യങ്ങള്‍ ഞാന്‍ വിവരിച്ചു.

ശശിയെപ്പോലെ തന്നെ ജ്യേഷ്ഠനും സ്‌നേഹവും ആത്മാര്‍ത്ഥതയും ഉളളവനെന്ന് മനസ്സിലായി.റാഞ്ചിയിലുണ്ടായ മാനസ്സിക സംഘര്‍ഷങ്ങള്‍ ഇപ്പോഴാണ് മാറിക്കിട്ടിയത്. എന്നാലും ഗൗരവ് മരിച്ചോ ഇല്ലയോ എന്നത് മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഞാന്‍ ആ കാര്യം രാമേട്ടനുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, സോമന്‍ അതോര്‍ത്ത് വിഷമിക്കേണ്ട അഥവാ അവന്‍ ചത്താലും തൂക്കിലേറ്റാനൊന്നും പോകില്ല. അതുപോലുളള മത ഭ്രാന്തന്മാരെ വെടിവച്ചു കൊല്ലണം. ഒരുത്തന്റെ വീട്ടില്‍ കയറി അതിക്രമം കാണിച്ചാല്‍ സ്വയരക്ഷക്ക് ചിലപ്പോള്‍ കൊല്ലേണ്ടിവരും. ഒരു കോടതിക്കും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ആ വാക്കുകള്‍ എനിക്ക് ധൈര്യംപകര്‍ന്നു.
എന്നെയും ചിന്തിപ്പിച്ചത് ആ വഴിക്കാണ്. മറ്റുളളവരുടെ സ്വകാര്യതയില്‍ തലയിടുന്നവര്‍ക്ക് പലതും അനുഭവിക്കേണ്ടി വരും. അവര്‍ക്ക് ഒരു കോടതിയും ഒരാനുകൂല്യങ്ങളും നല്‍കില്ല. മാനസ്സിക രോഗികളായ മതവാദികളെ ബിഹാറിലാണ് കണ്ടത്. കേരളത്തില്‍ എല്ലാ മതക്കാരുമുണ്ട്. ഇന്നുവരെ ആരും കലഹിക്കന്നതായി ഞാന്‍ കണ്ടിട്ടില്ല. നല്ലൊരു സമസ്‌കാരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഒരിക്കല്‍ പോലും കാണാത്ത ദൈവങ്ങളെ പറ്റി കെട്ടുകഥകളുണ്ടാക്കി ആരാധിക്കാന്‍ പറഞ്ഞാല്‍ അത് നടപ്പുളള കാര്യമല്ല. ഇങ്ങനെയുളള വികാര-വിചാരങ്ങളുണ്ടാക്കുന്നത് അധികാരമുളളവരാണ്. ആ അധികാരമാണ് ദുര്‍ബലരെ ധൈര്യപ്പെടുത്തുന്നത്. അവര്‍ നേടുന്ന ആ ധൈര്യം പിശാചിന്റേതാണ്, ഈശ്വന്റേതല്ല. ഈശ്വര വിശ്വാസികള്‍ക്ക് മാനസീകപീഡനങ്ങള്‍ ഉണ്ടായാലും അവരില്‍ നിന്നു പുറത്തു വരിക സ്‌നേഹവും കാരുണ്യവുമായിരിക്കും.

മാളവിക നഗറിലേക്കുളള യാത്രക്കിടയില്‍ ഡല്‍ഹിയിലെ ഓരോ സ്ഥലങ്ങളെപ്പറ്റിയും രാമേട്ടന്‍ വിവരിച്ചു. അതില്‍ എനിക്ക് ഏറെ ആകര്‍ഷകമായി തോന്നിയത് കനോട്ട് പ്ലെയ്‌സാണ്. നിലാവു പോലെ ശോഭയാര്‍ന്ന കെട്ടിടങ്ങള്‍ റോഡരികില്‍ വൃക്ഷങ്ങള്‍ നിരനിരയായി നില്‍ക്കുന്നതു കാണാന്‍ എന്തഴകാണ്. ഞാന്‍ കണ്ടിട്ടുളള ചെറിയ നഗരങ്ങളൊക്കെ പൊടിപടലമേറ്റതാണ്. ഇതുപോലെ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച റാഞ്ചിയിലെ കോളജുകളും മറ്റ് കെട്ടിടങ്ങളും ശിരസ്സ് കുനിച്ചല്ല, ഉയര്‍ത്തി നില്‍ക്കന്നതായി എനിക്കു തോന്നി. സുന്ദരമായ കുഞ്ചിരോമങ്ങള്‍ ചലിപ്പിച്ചുകൊണ്ട് കുതിര വണ്ടി വീടിനു മുന്നില്‍ നിന്നു. വീടിന്റെ മുറ്റത്ത് പുഞ്ചിരി തൂകിനില്‍ക്കുന്ന നിറമാര്‍ന്ന റോസ്സാപ്പൂക്കളുണ്ട്.
രണ്ടു മുറിയും ഒരടുക്കളയുമുളള ഒരു ചെറിയ വീട്. എന്നെ അകത്തെ മുറിയിലേക്ക് കൊണ്ടു പോയിട്ടു പറഞ്ഞു, ഇതാണ് സോമന്റെ മുറി. ഞാനിപ്പോള്‍ വരാം. രാമേട്ടന്‍ പുറത്തേക്കു പോയി. എന്റെ മനസ്സിലെ ആദിയും വ്യാധിയും അകന്നു. കഴിഞ്ഞ രാത്രിയില്‍ ട്രെയിനില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഞാന്‍ ഏതോ കൊടുങ്കാറ്റില്‍പ്പെട്ടുഴലുന്ന പായ്ക്കപ്പലിലായിരുന്നു. കാറ്റും കോളും ഇരുളും നിറഞ്ഞ ആ കപ്പലില്‍ നിന്ന് ഞാനിപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നു. രാമേട്ടന്‍ എനിക്കായി ആവിപറക്കുന്ന ചായ തന്നിട്ട് അറിയിച്ചു. ഞാന്‍ രണ്ടു മണിക്കൂര്‍ അവധിയെടുത്താണ് ഓഫിസ്സില്‍ നിന്നു വന്നത്. ഭക്ഷണം കിച്ചനിലുണ്ട്. എന്തായാലും വെറുതേ ഇരിക്കാന്‍ പറ്റില്ലല്ലോ, ഒരു ബയോ എഴുതി തരിക. ഞാനൊന്നു ശ്രമിക്കാം.പുറത്തേക്ക് തിരിഞ്ഞപ്പോള്‍ ആ ഗൗരവ് ശര്‍മ്മയുടെ കാര്യമൊന്ന് തിരക്കണം എന്നു പറഞ്ഞു. അതിനു സമ്മതം മൂളിക്കൊണ്ട് അദ്ദേഹം മുറി വിട്ടുപോയി.

ദിനങ്ങള്‍ വിരിഞ്ഞും കൊഴിഞ്ഞം കടന്നുപോയി. എനിക്ക് കസ്തൂര്‍ബാ ഗാന്ധിനഗറിലുളള ഹിന്ദുസ്ഥാന്‍ റ്റൈംസ് ഓഫിസ്സില്‍ രാമേട്ടന്റെ ശുപാര്‍ശപ്രകാരം ജോലി ലഭിച്ചു. രാമേട്ടന്റെ വീട്ടഡ്രസ്സില്‍ ഓമനയുടെ കത്തുകള്‍ വന്നുകൊണ്ടിരുന്നു. ഞാന്‍ ഇവിടെ വരുന്നതിനു മുമ്പു തന്നെ ജ്യേഷ്ഠന്‍ അമ്പാലയിലേക്ക് ട്രാന്‍സ്ഫറായി പോയിരുന്നു. ശശിയില്‍നിന്നും ഗൗരവിന്റെ കാര്യം ഞാനറിഞ്ഞുകൊണ്ടിരുന്നു. അയാള്‍ ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നു. ഇപ്പോള്‍ ഒരു വടിയില്ലാതെ നടക്കാന്‍ കഴിയില്ല. എന്നെ തിരഞ്ഞ് അയാളുടെ ഗുണ്ടകള്‍ നടക്കുന്നുണ്ട്. കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ആരോ ഉപദേശിച്ചു. കേസ്സ് പിന്‍വലിച്ചില്ലെങ്കില്‍ തിരിഞ്ഞു കൊത്തുമെന്ന്. വടി കൊടുത്ത് അടി വാങ്ങിയിട്ട് ഇനി കോടതിയുടെ അടിയും കൂടി വാങ്ങണോ?. ആ കേസ്സ് അയാള്‍ പിന്‍വലിച്ചു. അതോടെ എന്റെ മനസ്സിന് ഒരാശ്വാസമായി. ഡല്‍ഹി ജീവിതം ഞാനിഷ്ടപ്പെട്ടു. ഞാനിവിടെ സുഖമായിരിക്കുന്നുവെന്നു മാത്രം റാഞ്ചിയിലുള്ളവരെ അറിയിച്ചു. എനിക്ക് പുതിയൊരു ജോലിക്കുള്ള കത്തു കിട്ടി.