ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ ചരിത്രത്തിന്റെ കാവ്യനീതി എന്നെല്ലാമുളള വിശേഷണങ്ങൾ അറം പറ്റുകയാണ്. ബംഗാൾ കടുവ സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിൽ സർവ്വാധികാരത്തോടെ സിംഹാസനത്തിൽ ഉപവിഷ്ടനാകാനിരിക്കെ നെഞ്ചിടിപ്പ് ഉയരുന്നവരിൽ ഇന്ത്യൻ പരിശീലകൻ മുതൽ സൂപ്പർ താരങ്ങൾ വരെയുണ്ട്.

മുൻകാലത്ത് തന്നോട് ചെയ്ത അപരാധങ്ങൾക്ക് ഇവരോടെല്ലാം ഗാംഗുലി പകവീട്ടുമോയെന്നാണ് ഇനി അറിയാനുളളത്. 2008 ൽ ഗാംഗുലിയെ ഇന്ത്യൻ ടീമിൽ നിന്നും ഇറക്കി വിടുമ്പോൾ അതിന് മുഖ്യ സൂത്രധാരനായി ചരടു വലിച്ചത് അന്നത്തെ നായകൻ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു.

2005 മുതൽ കരിയറിലെ കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നു പോയ ഗാംഗുലി ഒടുവിൽ നിരാശനായി തല താഴ്ത്തിയായിരുന്നു ഇന്ത്യൻ ടീം വിട്ടത്. ഗ്രെഗ് ചാപ്പലുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടെ 2005 ലാണ് ഗാംഗുലിയെ നായക സ്ഥാനത്ത് നിന്നും മാറ്റുന്നത്. 2006 ൽ ഗാംഗുലിയെ ടീമിൽ നിന്ന് ഒഴിവാക്കി. എന്നാൽ ആ വർഷം ഡിസംബറിൽ ഗാംഗുലി ഗംഭീര തിരിച്ചുവരവ് നടത്തി.

2007 ൽ താൻ കളിച്ച 19 ഇന്നിംഗ്‌സിൽ നിന്ന് ഇരട്ട ശതകം ഉൾപ്പെടെ 1106 റൺസാണ് ഗാംഗുലി അടിച്ചെടുത്തത്. ബാറ്റിംഗ് ശരാശരി 61.44. എന്നാൽ 2008ൽ വീണ്ടും ഫോം മങ്ങി. ട്വന്റി20 ലോക കിരീടം ധോണിയിലൂടെ ഇന്ത്യ സ്വന്തമാക്കുക കൂടി ചെയ്തതോടെ ധോണി ഇന്ത്യൻ ക്രിക്കറ്റിലെ സർവ്വാധിപതിയായി. പ്രായക്കൂടുതലുള്ള മുതിർന്ന താരങ്ങളിൽ ഫീൽഡിൽ റൺസ് നഷ്ടപ്പെടുത്തുന്നതിലെല്ലാം ആശങ്ക അറിയിച്ച് ധോണിയുടെ റിപ്പോർട്ട് കൂടി ബിസിസിഐയുടെ കൈകളിലേക്ക് എത്തിയതോടെ വിരമിക്കൽ സമ്മർദ്ദം ഗാംഗുലിയിൽ നിറഞ്ഞു. ഒടുവിൽ ദാദ ക്രിക്കറ്റ് മതിയാക്കി.

അതെസമയം 11 വർഷത്തിന് ഇപ്പുറം ധോണിയുടെ വിരമിക്കൽ ക്രിക്കറ്റ് ലോകത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ അന്ന് ഗാംഗുലിക്ക് നേരെ ധോണി ചൂണ്ടിയ ഘടകങ്ങൾ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. അന്ന് ലോക കപ്പ് മുമ്പിൽ കണ്ട് ഒരുങ്ങാനാണ് മുതിർന്ന താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കാൻ ധോണി വാദിച്ചത്. ഇന്നും സമാനമാണ് കാര്യങ്ങൾ.

എന്നാൽ ഗാംഗുലി ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കും എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ധോണിയുടെ വിരമിക്കൽ കാര്യത്തിൽ ഒക്ടോബർ 24ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും എന്നാണ് ഗാംഗുലി പറയുന്നത്. പന്ത് ഇപ്പോൾ ഗാംഗുലിയുടെ കോർട്ടിലാണ്. ഗാംഗുലിയാണ് തീരുമാനിക്കേണ്ടത് ധോണി വിരമിക്കണോ അതോ തുടരണമോയന്ന്.