ഫാ. ഹാപ്പി ജേക്കബ്

സമാധാനത്തിന്റെയും, ശാന്തതയുടെയും ദിവ്യ ദിനങ്ങളിലേക്ക് കടന്നു വരികയാണല്ലോ. കർത്താവ് അരുളിച്ചെയ്ത ലോകം തരാത്ത സമാധാനം, അത് നേടുവാൻ നമ്മെ ഒരുക്കുന്ന ഭവ്യതയാർന്ന സമയം കൂടി ആണിത് എന്ന് നാം വിസ്മരിക്കരുത്. ഏവരുടെയും ശ്രദ്ധയും, ചിന്തയും, ധ്യാനവും ആ സമാധാന ദാതാവിന്റെ ജനന സ്ഥലത്തേക്ക് എത്തി ഇന്നത്തെ സാഹചര്യത്തിൽ എപ്രകാരം നാം ആയിത്തീരണമെന്ന് കൂടി ചിന്തിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നു.

നാം അധിവസിക്കുന്ന ഈ സാഹചര്യങ്ങളിൽ നിന്ന് നമുക്ക് യാത്ര ആരംഭിക്കാം. പോകുന്ന വഴിയിൽ നാം കേട്ടിട്ടുള്ള പക്ഷേ അത്ര പരിചയമില്ലാത്ത ചില മുഖങ്ങളെ കൂടി നമുക്ക് കൂട്ടാം. അത്യാധുനികതയും, സാങ്കേതിക വിപ്ലവങ്ങളും ബൗദ്ധികമായ ഉപായങ്ങൾ ഒന്നും കൊണ്ടു പോകേണ്ട കാര്യമില്ല. പകരം നിർമ്മലത ഉള്ള മനസ്സ് മാത്രം മതി ഈ യാത്രയിൽ. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും. വി. മത്തായി 5 : 8.

പ്രവാചകന്മാർ അരുളിച്ചെയ്ത രാജാവ് പിറക്കുന്നതും അത് കാണുവാനും ദൈവ ജനസമൂഹം ഒരുങ്ങി. അവർ കാത്തിരുന്നു എവിടെ ആയിരിക്കും ഈ രാജാവ് പിറക്കുന്നത് . പൂർണ്ണഗർഭിണിയായ മറിയവും, ജോസഫും യാത്രയിലാണ്. കഷ്ടതയും, ഭാരവും, ക്ഷീണവും, ആകുലതയും, നിരാശയും, വേദനയും എല്ലാം കൂട്ടിനുണ്ട്. വഴി യാത്രയിൽ വീണു പോകാൻ ഈ കാരണങ്ങളെല്ലാം ധാരാളം. എങ്കിലും അവർ യാത്ര തുടർന്നു. നമുക്കും ഈ യാത്രയിൽ പങ്കുചേരാം. ഇതിൽ ഏതെങ്കിലും ചിലത് നമ്മുടെ ജീവിതത്തിൽ ചിലർ എങ്കിലും അനുഭവിച്ചേക്കാം. മറ്റ് ചിലർക്ക് കേട്ട് കേൾവി ഉണ്ടാകും. ഈ കഠിന യാതനകളിൽ നമ്മെ വിടുവിക്കാനാണ് ദൈവപുത്രനെ വഹിച്ചുകൊണ്ട് ദൈവമാതാവ് യാത്ര ചെയ്യുന്നതെന്ന് നമുക്ക് എത്രമാത്രം ബോധ്യം ഉണ്ട്. മറിയത്തിന് പ്രചോദനവും ശക്തിയും ലഭിച്ചത് താൻ ശ്രവിച്ച ദൈവ ശബ്ദം മാത്രമായിരിക്കും. “മറിയമേ നീ ഭയപ്പെടേണ്ടാ, നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന് യേശു എന്ന് പേർ വിളിക്കണം. ലൂക്കോസ് 1:30 – 33.

ഈ യാത്രയിൽ നമുക്ക് യാത്രികരായ നമ്മുടെ ജീവിതചര്യകൂടി ഒന്ന് ഓർക്കാം. പഴയതും പഴമയും വളരെ നല്ലത് എന്ന് പലരും പറഞ്ഞു പ്രസംഗിച്ചും കേട്ടിട്ടുണ്ട്. ഓണം ആഘോഷിക്കുന്ന സമയത്ത് പലരും പറയാറുണ്ട് ഞങ്ങളുടെ ചെറുപ്പകാലത്ത് ഓണം അത്രയൊന്നും ഇന്നില്ല. പെരുന്നാൾ ആഘോഷങ്ങളും നാം ഇങ്ങനെ വിലയിരുത്താറുണ്ട്. അപ്പോൾ എന്താ ഇന്നത്തെ കുറവ്. എന്താ പഴമയുടെ മേന്മ. എന്റെ കാഴ്ചപ്പാടിൽ ദൈവഭയവും ദൈവസ്നേഹവും കുറച്ച് ഉണ്ടായിരുന്നു പഴയ കാലത്തിൽ. പങ്കുവയ്ക്കലിൽ കൂടി കുറച്ച് എങ്കിലും കരുതൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇതെല്ലാം കൈമോശം വന്നുപോയി. വിളവ് ലഭിക്കുമ്പോൾ സ്തോത്രം അർപ്പിച്ചിരുന്ന മാതാപിതാക്കന്മാർ നമുക്ക് ഉണ്ടായിരുന്നു. വിളവ് ലഭിച്ചില്ലെങ്കിൽ പ്രാർത്ഥനയും നോമ്പും നോറ്റിരുന്ന തലമുറ. ഇന്നോ ചെറിയ ഒരു കുറവ് മതി നിരാശപ്പെടുവാനും ജീവിതം അവസാനിപ്പിക്കുവാനും എന്തേ നാം ഇങ്ങനെ ആയി. ഒരേ ഒരു കാരണം ദൈവസ്നേഹം വിട്ടകന്ന് ഭൗതിക സ്നേഹം മാത്രമായി.

ബേത് ലഹേമിലേക്ക് ഒന്ന് നോക്കൂ. പുഞ്ചിരിക്കുന്ന മുഖങ്ങളില്ല. മിന്നുന്ന
നക്ഷത്രങ്ങളില്ല തീൻമേശയിൽ വിഭവങ്ങളുമില്ല. എങ്കിലും ദൈവ വചനത്തിന്റെ നിവൃത്തിക്കുവേണ്ടി യാത്ര ചെയ്യുന്ന മറിയവും ജോസഫും. ഇതിൽ നിന്ന് നാം എന്താണ് ഉൾക്കൊള്ളേണ്ടത്.ഇന്ന് ബേത് ലഹേമിൽ നിന്ന് എന്താണ് നാം കാണേണ്ടത്.

മുഴുവൻ പ്രയാസവും പ്രതികൂലതയും ചുറ്റിവരിയുമ്പോഴും നിന്നെ ആക്കിയിരിക്കുന്ന നിന്റെ ദൈവം നിന്നോട് സംസാരിച്ചത് നീ ഓർക്കുക. ഈ യാത്രയിൽ നിന്റെ ശ്രമം കൊണ്ട് ഒഴിവാക്കാവുന്ന, ഒപ്പി എടുക്കാവുന്ന ചിലതെങ്കിലും ഇല്ലേ. എന്തേ ശ്രമിക്കുന്നില്ല. രോഗവും മരണവും യുദ്ധവും പ്രതികൂലതകളും ഉണ്ട്. അവയൊന്നും നമുക്ക് തടയാൻ പറ്റില്ല. എങ്കിലും വേദനിക്കുന്ന ഹൃദയവും പിടയുന്ന മനസ്സുമായി എത്ര പേർ നമുക്ക് ചുറ്റിലും ഉണ്ട്. കുറച്ച് രൂപ കൊടുത്ത് ഉത്തരവാദിത്വത്തിൽ നിന്ന് ഓടിപ്പോകുമ്പോൾ ഓർക്കുക ,ഒരു വാക്ക് കേൾക്കാൻ ,ഒരു തലോടൽ ലഭിപ്പാൻ കൊതിക്കുന്ന അനേകരുടെ നടുവിൽ ആണ് നാം ജീവിക്കുന്നത്. അവരിൽ ചിലർ നമ്മുടെ മാതാപിതാക്കളോ സഹോദരരോ ആണ്.

ആയതിനാൽ ഈ ക്രിസ്തുമസ് കാലം ദൈവപുത്രനെ കാണാനായി നാം ഒരുങ്ങുമ്പോൾ ബേത് ലഹേമിലേക്കുള്ള യാത്രയിൽ മറിയവും ജോസഫും നമ്മുടെ വേദന അകറ്റാനായി ജനിച്ച ക്രിസ്തുവും വേദനിക്കുന്നവരെ ആശ്വസിപ്പിക്കാൻ നമ്മെ ഒരുക്കുവാൻ തക്കവണ്ണം നോമ്പിലേക്ക് പ്രവേശിക്കാം. കാഴ്ചക്കാരായി വഴിയരികിൽ നിൽക്കാതെ കർത്താവിനെ കാണുവാനായി പോകാം.