ബോറിസ് ജോൺസന് തോൽവികളുടെ ബുധനാഴ്ച. ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിപക്ഷ ബില്ലിന് വിജയം. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് തീരുമാനത്തിനും വൻ തിരിച്ചടി. ബ്രെക്സിറ്റിൽ ആടിയുലഞ്ഞ് ബ്രിട്ടൻ

ബോറിസ് ജോൺസന് തോൽവികളുടെ ബുധനാഴ്ച. ബ്രിട്ടീഷ് പാർലമെന്റിൽ പ്രതിപക്ഷ ബില്ലിന് വിജയം. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് തീരുമാനത്തിനും വൻ തിരിച്ചടി. ബ്രെക്സിറ്റിൽ ആടിയുലഞ്ഞ് ബ്രിട്ടൻ
September 05 03:00 2019 Print This Article

ബ്രെക്സിറ്റ്‌ കുരുക്കഴിക്കാനാവാതെ ബോറിസ് ജോൺസൻ. ചൊവ്വാഴ്ച സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതോടെ പ്രതിസന്ധിയിലായ ജോൺസന് ഇന്നലെയും വൻ തിരിച്ചടി നേരിടേണ്ടി വന്നു. ഒക്ടോബർ 31ന് കരാറില്ലാതെ തന്നെ യൂറോപ്യൻ യൂണിയൻ വിടാനുള്ള ജോൺസന്റെ നീക്കം ഭരണകക്ഷി വിമതരുടെ പിന്തുണയോടെ പ്രതിപക്ഷ എംപിമാർ ശക്തമായി തടഞ്ഞു. ബ്രെക്സിറ്റ്‌ കാലതാമസ ബിൽ പാർലമെന്റിൽ ഇന്നലെ പാസ്സായതോടെ യൂറോപ്യൻ യൂണിയനിൽ പോയി യുകെയുടെ അംഗത്വം നീട്ടാൻ ജോൺസൻ ആവശ്യപ്പെടേണ്ടി വരും. ഈ ബിൽ അംഗീകാരത്തിനായി ലോർഡ്സിലേക്ക് നീങ്ങും. എലിസബത്ത് രാജ്ഞിയുടെ അംഗീകാരം കൂടി ലഭിച്ചാലേ ബിൽ നിയമമാകൂ. ബ്രെക്സിറ്റ്‌ 3 മാസത്തേക്ക് നീട്ടിവെക്കാനായി പ്രതിപക്ഷം അവതരിപ്പിച്ച ബിൽ പാർലമെന്റ് പാസാക്കിയാൽ ഒരു പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന ജോൺസന്റെ തീരുമാനത്തിനും വൻ തിരിച്ചടി ഉണ്ടായി. തെരഞ്ഞെടുപ്പ് വിളിക്കാൻ പ്രധാനമന്ത്രിയ്ക്ക് മൂന്നിൽ രണ്ട് എംപിമാരുടെ പിന്തുണ ആവശ്യമായിരുന്നു. ഇത് നേടാൻ കഴിയാഞ്ഞതോടെ ഒക്ടോബർ 15ന് ഒരു തെരഞ്ഞെടുപ്പ് നടത്താൻ അദ്ദേഹത്തിന് സാധിക്കില്ല.

 

നേരത്തെ, 21 ടോറി വിമതർ പ്രതിപക്ഷത്തോടൊപ്പം ചേർന്നതോടെയാണ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. ഒപ്പം അവർ മുന്നോട്ട് കൊണ്ടുവന്ന ബ്രെക്സിറ്റ്‌ കാലതാമസ ബിൽ ഇന്നലെ 299 നെതിരെ 327 വോട്ടുകൾക്ക് പാർലമെന്റിൽ പാസ്സായി. അതിനെത്തുടർന്ന് ഫിക്സഡ് ടെം പാർലമെന്റ് ആക്ട് നിയമമനുസരിച്ച് ജോൺസൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെങ്കിൽ പാർലമെന്റ് ഈ പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കണം. അതിനുള്ള വോട്ടെടുപ്പിൽ 298 വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 56 പേർ എതിർത്തു വോട്ട് ചെയ്തപ്പോൾ 288 പേർ വോട്ട് രേഖപ്പെടുത്താതെ ഇരുന്നു. വിജയിക്കാൻ 434 വോട്ടുകൾ ജോൺസന് ആവശ്യമായിരുന്നു. ആകെ പ്രതീക്ഷയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തതോടെ പ്രധാനമന്ത്രിയുടെ അടുത്ത നീക്കം എന്തെന്ന് അറിയാൻ ബ്രിട്ടൻ കാത്തിരിക്കുന്നു.

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ കൊച്ചുമകൻ നിക്കൊളാസ് സോയെംസ് അടക്കം 21 കൺസേർവേറ്റിവ് അംഗങ്ങളെ ബ്രെക്സിറ്റ്‌ വിഷയത്തിലുള്ള കൂറുമാറ്റത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കി. മുൻ ധനമന്ത്രി ഫിലിപ് ഹാമൻഡ്, ഏറ്റവുമധികം കാലം എംപിയായിരുന്ന കെൻ ക്ലാർക് എന്നിവരും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles