രാജ്ഞിയോട് കള്ളം പറഞ്ഞുവോ ? ‘തീര്‍ച്ചയായും ഇല്ല’ ; പാര്‍ലമെന്റ് സസ്പെന്‍ഷന്‍, രാജ്ഞിയോട് കളവ് പറഞ്ഞിട്ടില്ലെന്ന് ബോറിസ് ജോണ്‍സണ്‍

രാജ്ഞിയോട് കള്ളം പറഞ്ഞുവോ ? ‘തീര്‍ച്ചയായും ഇല്ല’ ; പാര്‍ലമെന്റ് സസ്പെന്‍ഷന്‍, രാജ്ഞിയോട് കളവ് പറഞ്ഞിട്ടില്ലെന്ന് ബോറിസ് ജോണ്‍സണ്‍
September 14 04:28 2019 Print This Article

ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് താന്‍ രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ബുധനാഴ്ച സ്‌കോട്ട്‌ലന്‍ഡിലെ പരമോന്നത സിവില്‍ കോടതി വിധിച്ചിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ജോണ്‍സണ്‍. സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങളെകുറിച്ച് രാജ്ഞിയോട് കള്ളം പറഞ്ഞുവോ എന്ന ചോദ്യത്തിന് ‘തീര്‍ച്ചയായും ഇല്ല’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പരമ്പരാഗതമായി രാജ്ഞിക്കാണ് ഉള്ളത്. നീക്കങ്ങള്‍ തടസ്സപ്പെടുത്തി പാര്‍ലമെന്റിനെ വരുതിയില്‍ നിര്‍ത്താനുള്ള ദുരുദ്ദേശ്യമായിരുന്നു പ്രധാനമന്ത്രി ജോണ്‍സണ്‍ന്റേതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി. ‘ഇംഗ്ലണ്ടിലെ ഹൈക്കോടതി തീരുമാനത്തോട് പൂര്‍ണ്ണമായും യോജിച്ചതാണ്. പക്ഷെ, അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്’- എന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചാഴ്ചത്തെ സസ്‌പെന്‍ഷന്‍ ചൊവ്വാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്. ഇനി ഒക്ടോബര്‍ 14-നാണ് പാര്‍ലമെന്റ് വീണ്ടും ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ഓപ്പറേഷന്‍ യെല്ലോ-ഹാമര്‍ എന്നപേരില്‍ ഒരു കരട് രേഖ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാരലമെന്റ് പിരിച്ചുവിട്ടത് തീര്‍ത്തും അനുചിതമായ തീരുമാനമാണെന്ന് ലേബര്‍പാര്‍ട്ടി വക്താക്കള്‍ ആരോപിച്ചു.

ഉടമ്പടികളില്ലാതെ ബ്രക്സിറ്റ് സംഭവിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മുന്നറിയിപ്പ്. ഭക്ഷണം, ഔഷധങ്ങള്‍, ഇന്ധനമടക്കമുള്ള മുഴുവന്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ദൗര്‍ലഭ്യമുണ്ടാകുന്നത് രാജ്യത്ത് വന്‍വിലകയറ്റത്തിന് കാരണമാകും. അയര്‍ലാന്‍ഡ് അതിര്‍ത്തിയിലുണ്ടായേക്കാവുന്ന പരിശോധനകള്‍ വന്‍ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അയര്‍ലാന്‍ഡ് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാവാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ നോ ഡീല്‍ ബ്രക്സിറ്റ് സംഭവിച്ചാല്‍ ഉണ്ടായേക്കാവുന്ന വ്യത്യസ്ത സാഹചര്യങ്ങളുടെ സാധ്യതകള്‍ മാത്രമാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത് എന്നതാണ് സര്‍ക്കാരിന്റെ വാദം.

ബ്രിട്ടനിലെ ജനങ്ങളെ ശിക്ഷിക്കാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുന്നതെന്ന് വ്യക്തമായതായി പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചു. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശം എംപിമാര്‍ തള്ളിയിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles