കൊച്ചി: പോണേക്കര പെരുമനത്താഴത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴ പാണാവള്ളി ആഞ്ഞിലിത്തുരുത്ത് വീട്ടിൽ പവിശങ്കർ (33)യും ആറുവയസ്സുള്ള മകൾ വാസുകിയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കറിനെ തൂങ്ങിയ നിലയിലും വാസുകിയെ കട്ടിലിൽ ചലനമറ്റ നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം പവിശങ്കർ ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പോലീസ്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യുട്ടീവായിരുന്നു പവിശങ്കർ. ഭാര്യ സ്നാഷ കൊച്ചിയിലെ ഒരു മാളിലെ കോസ്മെറ്റിക്സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സ്നാഷ പൂത്തോട്ടയിലെ വീട്ടിലേക്ക് പോയിരുന്നു. പിന്നാലെ താനും മകളും വരുമെന്ന സന്ദേശം പവിശങ്കർ അയച്ചതിനെ തുടർന്ന് സ്നാഷ രാത്രിയിൽ തന്നെ പോണേക്കരയിലെ വീട്ടിലെത്തിയെങ്കിലും വാതിൽ പൂട്ടിയ നിലയിലായിരുന്നു.
രാത്രി മുഴുവൻ കാത്തിരുന്നിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് രാവിലെ ബന്ധുവിനെ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് എളമക്കര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. വാസുകി ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പവിശങ്കറിന്റെ അച്ഛൻ മുരളിയും അമ്മ ഷൈലജയും സഹോദരി പ്രവീണയുമാണ്.
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വിഎസ്എസ്സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. ഇന്നലെയാണ് വിഎസ്എസ്സിയിൽ നിന്നുള്ള പരിശോധനാഫലം സീൽ ചെയ്ത കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. കോടതിയിൽ ലഭിച്ച ഈ റിപ്പോർട്ട് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറും.
റിപ്പോർട്ട് വിശദമായി പരിശോധിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. പത്തൊൻപതാം തീയതി ഹൈക്കോടതിയിൽ സമർപ്പിക്കേണ്ട അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ പരിശോധനാ ഫലവും ഉൾപ്പെടുത്തും. അന്വേഷണത്തിന്റെ ദിശ തന്നെ നിർണ്ണയിക്കുന്ന നിർണായക രേഖയാണിതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ശബരിമലയിൽ ഉപയോഗിച്ച സ്വർണ്ണപാളികൾ മാറ്റിയിട്ടുണ്ടോയെന്നും ഇപ്പോൾ ഉള്ളത് പഴയ പാളികളാണോ പുതിയതാണോയെന്നും പാളികളിലെ സ്വർണ്ണത്തിന്റെ അളവ് എത്രയാണെന്നും വ്യക്തമാക്കുന്നതാണ് നടത്തിയ പരിശോധന. അതേസമയം, തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ജയിൽ ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
മലപ്പുറം: കരുവാരക്കുണ്ടിൽ നിന്ന് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. പാണ്ടിക്കാട് റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്ന മൃതദേഹത്തിൽ സ്കൂൾ യൂണിഫോം ധരിച്ചിരുന്നതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കരുവാരക്കുണ്ടിൽ നിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തിരച്ചിലിനിടെയാണ് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കേസുമായി ബന്ധപ്പെട്ട് പതിനാറ് വയസുള്ള ഒരു ബാലനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.
കൊല്ലം: ശാസ്താംകോട്ടയിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്തോഷ് മാനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു എന്നും സ്ഥിരമായി മരുന്ന് കഴിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
സംഭവസമയത്ത് വീട്ടിൽ രാമകൃഷ്ണനും മൂത്ത മകൻ സനലും (36) സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സന്തോഷിന്റെ ആക്രമണം സഹിക്കാൻ കഴിയാതെയാണ് രാത്രി കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചതെന്നാണ് പിതാവായ രാമകൃഷ്ണന്റെ മൊഴി.
പലതവണ തടയാൻ ശ്രമിച്ചെങ്കിലും സന്തോഷ് കൂടുതൽ അക്രമാസക്തനായതോടെ അച്ഛനും സഹോദരനും ചേർന്ന് ഇയാളെ കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടുവെന്നും, ബഹളം അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി ഇടുകയും വീണ്ടും തലയ്ക്ക് അടിക്കുകയും ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി. മൂന്നാമത്തെ അടിയിലാണ് തലക്ക് ഗുരുതരമായി പരിക്കേറ്റതെന്ന് പറയുന്നു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് രാമകൃഷ്ണനെയും സനലിനെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട വിശദമായ വാദങ്ങൾ കോടതിയിൽ ഉണ്ടാകും. അന്വേഷണം നടത്തുന്ന എസ്ഐടി സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും ജാമ്യഹർജിയിൽ കോടതി തീരുമാനം എടുക്കുക. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ, പീഡനം നടന്നതായി പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കുമെന്നാണ് സൂചന. അതേസമയം, നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടത്തിയതെന്ന വാദം ഉന്നയിച്ച് ജാമ്യം നേടാനാണ് പ്രതിഭാഗത്തിന്റെ ശ്രമം. ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ സംഭവത്തിൽ കേസും രജിസ്റ്റർ ചെയ്തു. രാഹുലിന്റെ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെതിരെയാണ് പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്തത്.
കസ്റ്റഡി കാലാവധി കഴിഞ്ഞ് രാഹുലിനെ വീണ്ടും ജയിലിലേക്ക് മാറ്റുമ്പോൾ ഇന്നലെയും പ്രതിഷേധം ഉണ്ടായി. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും ആശുപത്രിയിൽ പ്രതിഷേധം ഉണ്ടായില്ല. വൈദ്യ പരിശോധനയ്ക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധിക്കുകയും പൊലീസ് വാഹനത്തിന് നേരെ ചീമുട്ട എറിയുകയും ചെയ്തു.
പാലക്കാട്: മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിൽ അക്രമ കാരണത്തിൽ ഒരു കുടുംബനാഥൻ വെട്ടേറ്റ് കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതിയിലെ 47 വയസ്സുള്ള രാജാമണിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ രാഹുൽ സംഭവത്തിന് പ്രധാന പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. രാജാമണിയുടെ മകളുമായുള്ള രാഹുലിന്റെ ബന്ധം ചോദ്യം ചെയ്തതാണെന്നും പോലീസ് കുറ്റകൃത്യത്തിന് കാരണമാകുന്നതായി വ്യക്തമാക്കുന്നു.
കൊടുവാൾ കൊണ്ട് വെട്ടിക്കൊല്ലപ്പെട്ട രാജാമണിയെ ഗുരുതര പരിക്കുകളോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന പ്രദേശത്ത് ഉടൻ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ മേഖലയിൽ തിരച്ചിൽ തുടരുകയാണ്. രാഹുൽ സംഭവം കഴിഞ്ഞ് സ്ഥലത്ത് നിന്ന് രക്ഷപെട്ടുവെന്ന് പൊലീസ് അറിയിച്ചു.
വണ്ണപ്പുറം ചേലച്ചുവട് റോഡിലെ നാൽപ്പതേക്കർ ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പോയി . ഹാൻഡ് ബ്രേക്ക് ഇട്ടിട്ടും ബസ് നിർത്താനായില്ല. ബുധനാഴ്ച രാവിലെ 10.40 ഓടെയായിരുന്നു സംഭവം. കട്ടപ്പന ഡിപ്പോയിലെ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് കോട്ടയത്തേക്ക് പോകുകയായിരുന്നു. ബസിൽ 80 ലധികം യാത്രക്കാരുണ്ടായിരുന്നു.
ബ്രേക്ക് പോയെന്ന് മനസ്സിലായതോടെ ഡ്രൈവർ പി.വി. ജോണി യാത്രക്കാരോട് കമ്പികളിൽ ശക്തമായി പിടിക്കാൻ പറഞ്ഞു. മനസ്സാന്നിധ്യം കൈവിടാതെ കുറച്ചുദൂരം ഓടിച്ച ശേഷം സുരക്ഷിതമായ സ്ഥലത്തെ മൺതിട്ടയിൽ ബസ് ഇടിച്ച് നിർത്തി. എതിർവശത്ത് മറ്റ് വാഹനങ്ങളില്ലാതിരുന്നതും അപകടം ഒഴിവാക്കാൻ സഹായിച്ചു.
ഡ്രൈവറുടെ സമയബന്ധിതമായ ഇടപെടലിൽ ആർക്കും പരിക്കില്ല. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ബ്രേക്ക് പാളിയ ബസ് പിന്നീട് നന്നാക്കി ഡിപ്പോയിലേക്ക് കൊണ്ടുപോയി. വലിയ അപകടമാണ് ഒഴിവായത് എന്നാണ് അധികൃതർ പറയുന്നത്.
കണ്ണൂർ ജില്ലയിൽ ജയിച്ച രണ്ട് നഗരസഭാ വാർഡുകളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ സാധ്യത. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികൾ ജയിലിലായതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്തതാണ് പ്രശ്നം. പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. നിഷാദും തലശ്ശേരിയിൽ ബിജെപി സ്ഥാനാർഥി യു. പ്രശാന്തുമാണ് ജയിലിൽ കഴിയുന്നത്.
നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട തീയതിയിൽ നിന്ന് 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം നഷ്ടപ്പെടും. ഇക്കാര്യം നഗരസഭ സെക്രട്ടറിമാർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. കമ്മീഷനാണ് തുടർ നടപടി എടുക്കേണ്ടത്. സത്യപ്രതിജ്ഞ നടക്കാത്തതിനാൽ ഇരുവരുടെയും കൗൺസിലർ പദവി തുലാസിലായി.
പയ്യന്നൂരിൽ വി.കെ. നിഷാദ് 341 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. തലശ്ശേരിയിൽ യു. പ്രശാന്ത് 121 വോട്ടിന്റെ ഭൂരിപക്ഷവും നേടി. തിരഞ്ഞെടുപ്പ് റദ്ദാക്കിയാൽ രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് നടക്കും.
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകി. ഡികെ മുരളി എംഎൽഎയാണ് പരാതി നൽകിയത്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ സഭാ ചട്ടപ്രകാരം നടപടി വേണമെന്നാണ് ആവശ്യം.
പരാതി ലഭിച്ചാൽ പരിശോധിച്ച് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറണോ എന്ന് സ്പീക്കർ തീരുമാനിക്കും. നിയമോപദേശം തേടിയ ശേഷമായിരിക്കും തുടർനടപടി. ഈ സർക്കാരിന്റെ അവസാന സമ്മേളനത്തിന് ദിവസങ്ങൾ മാത്രമുള്ളതിനാൽ അയോഗ്യതയിൽ ഉടൻ തീരുമാനമുണ്ടാകുമോ എന്നത് വ്യക്തമല്ല.
ഇതിനുമുമ്പ് നിയമസഭാംഗം പരാതി നൽകിയാൽ മാത്രമേ നടപടി സാധ്യമാകൂവെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഡികെ മുരളി എംഎൽഎ ഔദ്യോഗികമായി പരാതി നൽകിയത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗമായ കെ.പി. ശങ്കരദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്.ഐ.ടി സംഘവും മജിസ്ട്രേറ്റും ആശുപത്രിയിൽ എത്തിയാണ് നടപടി പൂർത്തിയാക്കിയത്. കുറച്ച് ദിവസങ്ങളായി ഐസിയുവിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ റൂമിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾ കൈക്കൊണ്ടത്.
ശബരിമല സ്വർണപ്പാളിക്കേസിലെ പ്രതിയായ ശങ്കരദാസിനെതിരെ നടപടി വൈകുന്നതിൽ ഹൈക്കോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അറസ്റ്റ് ചെയ്യാത്തതിനെതിരെ കോടതി ശക്തമായ പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയാണ് പോലീസ് നടപടി. ശങ്കരദാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്.
അതേസമയം, ശങ്കരദാസ് അബോധാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നത്. ആരോഗ്യനില മാനസികമായും ശാരീരികമായും സമ്മർദം സഹിക്കാനാകാത്തതാണെന്നും ആശുപത്രി റിപ്പോർട്ടും ഫോട്ടോയും ഹാജരാക്കിയിരുന്നു. എന്നാൽ, മകൻ പോലീസ് ഉദ്യോഗസ്ഥനാണെന്നതടക്കമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കേസിൽ നടപടി വൈകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്.