ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിന് ആധുനികതയുടെ പുതിയ മുഖം നൽകാൻ Al സാങ്കേതികവിദ്യ ഉപയോഗിക്കും. ആശുപത്രി ഡേറ്റാബേസുകൾ വിശകലനം ചെയ്യുന്നതിനും സാധ്യമായ സുരക്ഷാ വീഴ്ചകൾ നേരത്തേ കണ്ടെത്തുന്നതിനും AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സംവിധാനമായി എൻഎച്ച്എസ് മാറുമെന്ന് സർക്കാർ പറഞ്ഞു. പാറ്റേണുകളോ ട്രെൻഡുകളോ കണ്ടെത്താനും അടിയന്തര പരിശോധനകൾക്ക് തുടക്കമിടാനും കഴിയുന്ന ഒരു മുൻകൂർ മുന്നറിയിപ്പ് സംവിധാനം ഈ സാങ്കേതികവിദ്യ നൽകുമെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു. ഈ ആഴ്ച ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പുറത്തിറക്കാൻ പോകുന്ന എൻഎച്ച്എസിനുള്ള 10 വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്.
മാനസികാരോഗ്യ മേഖലയിലും പ്രസവപരിചനത്തിനും നിരവധി പരാതികൾ അടുത്തിടെ ഉയർന്നുവന്നിരുന്നു. എൻഎച്ച്എസിൽ ഉടനീളം രോഗി പരിചരണത്തെ കുറിച്ചുള്ള ആശങ്കകൾ സർക്കാരിൻറെ ഉറക്കം കെടുത്തുന്ന അവസ്ഥയിലാണ്. ഇതേ തുടർന്ന് കഴിഞ്ഞ ആഴ്ച എൻ എച്ച് എസ് പ്രസവ, നവജാതശിശു സേവനങ്ങളെ കുറിച്ചുള്ള ഒരു ദേശീയ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 15 വർഷത്തെ ആരോഗ്യ സംവിധാനത്തിന്റെ പ്രധാന വീഴ്ചകളെ കുറിച്ച് ഇതിൻറെ ഭാഗമായി അന്വേഷണം നടത്തും.
എൻ എച്ച് എസിലെ മിക്ക ചികിത്സകളും സുരക്ഷിതമാണെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഒഴിവാക്കണമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഓരോ സുരക്ഷാ ലംഘനങ്ങളുടെയും പിന്നിൽ ഒരു വ്യക്തിയുടെ ജീവിതമാണെന്നും അതുവഴി ഒരു കുടുംബമാണ് തകരുന്നതെന്നും ആരോഗ്യ സെക്രട്ടറി കൂട്ടി ചേർത്തു. രോഗിയുടെ സുരക്ഷയും ശക്തിയുമാണ് തങ്ങളുടെ 10 വർഷത്തെ ആരോഗ്യ പദ്ധതിയുടെ കാതൽ എന്നും AI സ്വീകരിച്ച് ലോകത്തിലെ ആദ്യത്തെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ, അപകടകരമായ ലക്ഷണങ്ങൾ വേഗത്തിൽ കണ്ടെത്തുകയും ദോഷം സംഭവിക്കുന്നതിന് മുമ്പ് ദ്രുത പരിശോധനകൾ ആരംഭിക്കുകയും ചെയ്യാനാകും എന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം കാത്തിരിപ്പ് സമയം കുറയ്ക്കാൻ ഈ AI സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ രോഗികളുടെ സുരക്ഷ നിലനിർത്തുന്നതിന് Al ഉപയോഗിക്കുന്നതിന് പകരം ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈ സെപ്റ്റംബറിൽ ഇംഗ്ലണ്ടിൽ ഏകദേശം 200 സ്കൂൾ അധിഷ്ഠിത നേഴ്സറികൾ പുതുതായി തുറക്കും. ജോലിക്കാരായ മാതാപിതാക്കൾക്ക് കുട്ടികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. സ്കൂൾ പ്രായത്തിന് താഴെയുള്ള 4,000 കുട്ടികളെ ഉൾക്കൊള്ളാൻ ഈ നേഴ്സറികൾ സഹായിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് തിങ്കളാഴ്ച വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കും .
ഈ പദ്ധതിയുടെ അടുത്തഘട്ടം ശരത്കാലത്ത് ആരംഭിക്കും എന്നാണ് അറിയാൻ സാധിച്ചത്. അടുത്ത ഘട്ടത്തിൽ നേഴ്സറി സ്കൂളുകളുടെ എണ്ണം 300 ആയി ഉയർത്തും. കൂടാതെ സൗജന്യമായി ഭക്ഷണം ഉൾപ്പെടെ മാതാപിതാക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള ഒട്ടേറെ പദ്ധതികളും സർക്കാർ നടപ്പിലാക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കൂടുതൽ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ സാധിക്കും എന്നാണ് സർക്കാർ വിലയിരുത്തുന്നത്. പദ്ധതി പൂർണ്ണരൂപത്തിൽ നടപ്പിലാക്കുന്നത് ഒട്ടേറെ യു കെ മലയാളികൾക്കും പ്രയോജനം ചെയ്യും. നിലവിൽ കുഞ്ഞു കുട്ടികൾ ഉള്ള മാതാപിതാക്കൾ രണ്ടുപേരും ജോലിക്ക് പോകുമ്പോൾ നാട്ടിൽ നിന്ന് വിസിറ്റിംഗ് വിസയിൽ മാതാപിതാക്കളെ കൊണ്ടു വരേണ്ട രീതിയാണ് മിക്കവരും അവലംബിക്കുന്നത് .
പുതിയ നേഴ്സറികൾ സെപ്റ്റംബറിൽ ആരംഭിക്കുന്നത് ഒരു തുടക്കം മാത്രമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ലേബർ പാർട്ടി സമ്മേളനത്തിന് തൊട്ടുമുമ്പ് പറഞ്ഞു. എല്ലാ വർഷവും പതിനായിരക്കണക്കിന് കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ സജ്ജമാക്കുന്നതിനുള്ള വ്യക്തമായ ഒരു പദ്ധതി ഈ സർക്കാരിനുണ്ടെന്നും അതുവഴി ഏത് പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടിക്കും ജീവിതത്തിൽ മുന്നേറാൻ ആവശ്യമായ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനസഹായത്തോടെ ആഴ്ചയിൽ 30 മണിക്കൂർ ചൈൽഡ്കെയർ നടത്തുന്നത് രക്ഷിതാക്കൾക്ക് ശരാശരി 7,500 പൗണ്ടും സ്കൂളുകളിലെ സൗജന്യ പ്രഭാതഭക്ഷണ ക്ലബ്ബുകൾ വഴി പ്രതിവർഷം 450 പൗണ്ടും ലാഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കഴിഞ്ഞ മാസം പദ്ധതിക്കായി സർക്കാർ ഏകദേശം 370 മില്യൺ പൗണ്ട് കൂടുതൽ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ചില സ്ഥലങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികളെ ആദ്യകാല വർഷങ്ങളിലേക്കുള്ള ക്രമീകരണങ്ങളാക്കി മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്‌ബോൾ താരം പോൾ ഇൻസിനെ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് 57 കാരനായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ചെസ്റ്റർ ഹൈറോഡിൽ പോൾ ഓടിച്ചിരുന്ന കറുത്ത റേഞ്ച് റോവർ അപകടത്തിൽ പെട്ടിരുന്നു. ഇൻസിനെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. ഇനി ജൂലൈ 18 വെള്ളിയാഴ്ച ചെസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ തുടർ നടപടികൾക്കായി ഇയാളെ ഹാജരാക്കും.
1990 കളുടെ ആരംഭം മുതൽ മധ്യം വരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 200 ലധികം മത്സരങ്ങളിൽ പങ്കെടുത്ത മുൻ ഫുട്‌ബോൾ താരം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് എഫ്എ കപ്പുകളും ഒരു യൂറോപ്യൻ കപ്പും നേടിയിട്ടുണ്ട് . 20 വർഷം നീണ്ടുനിന്ന കരിയറിൽ വെസ്റ്റ് ഹാം, വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ്, ഇന്റർ മിലാൻ എന്നിവയ്‌ക്ക് വേണ്ടിയും ഇൻസ് കളിച്ചിരുന്നു. ഇംഗ്ലണ്ടിനായി 53 മത്സരങ്ങൾ കളിച്ച അദ്ദേഹം 1993-ൽ ദേശീയ ടീമിനെ നയിച്ച ആദ്യത്തെ കറുത്ത വർഗക്കാരനായ ഫുട്ബോൾ കളിക്കാരനാണ് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജീവിതച്ചിലവ് ഉയരുന്നതിനനുസരിച്ച് കുട്ടികളെ നോക്കാൻ കഴിയുമോ എന്ന ആശങ്കയിൽ യുകെയിലെ ജനന നിരക്ക് കുറഞ്ഞ് വരികയാണ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മറ്റേതൊരു നഗരത്തേക്കാളും ജനന നിരക്ക് കുറഞ്ഞിരിക്കുന്നത് ബ്രിസ്റ്റലിലാണ്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ജനന നിരക്ക് 21 ശതമാനമാണ് കുറഞ്ഞത്. ബ്രിസ്റ്റലിൽ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ജനനനിരക്ക് 36% കുറഞ്ഞു. കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ സാമ്പത്തിക സമ്മർദ്ദങ്ങൾ ഈ പ്രവണതയെ സ്വാധീനിച്ചിരിക്കാമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.
നിലവിലെ സാമ്പത്തിക സ്ഥിതിയിൽ തൻെറ പ്രായത്തിലുള്ളവർക്ക് കുടുംബം വളർത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് 32 കാരനായ കോർട്ട്നി യംഗ് പറയുന്നു. സ്വന്തമായി കുട്ടികൾ വേണമെന്ന ആഗ്രഹം ഉണ്ടെങ്കിലും സാമ്പത്തിക സ്ഥിരതയെയും ലഭ്യമായ സമയത്തെയും കുറിച്ചുള്ള ആശങ്കകൾ പലർക്കും ഉണ്ട്. ജനസംഖ്യയിൽ ഉള്ള കുറവ് ഇതിനുള്ള ഉത്തമ ഉദാഹരണമാണ്. ബ്രിസ്റ്റലിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനനങ്ങളുടെ എണ്ണം മൂന്നിലൊന്നായാണ് കുറഞ്ഞിരിക്കുന്നത്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ (ONS) കണക്കുകൾ പ്രകാരം, യുകെയുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് നിലവിൽ ഒരു സ്ത്രീക്ക് 1.44 കുട്ടികൾ എന്നാണ്. അതേസമയം, ബ്രിസ്റ്റലിൽ ഫെർട്ടിലിറ്റി നിരക്ക് വെറും 1.14 ആണ്. കുതിച്ചുയരുന്ന ജീവിതച്ചെലവുകൾക്കിടയിൽ കുട്ടികളെ വളർത്തുന്നത് ബുദ്ധിമുട്ടാണ് എന്ന് രണ്ട് കുട്ടികളുടെ അമ്മയായ ആലിയ തോമസ് പറയുന്നു. വൈകിയ വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങൾ സ്ത്രീകൾ ശരാശരി 31 വയസ്സിൽ കുട്ടികൾ ഉണ്ടാകുന്ന പ്രവണതയ്ക്ക് കാരണമാകുന്നുവെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിലെ (ONS) കെറി ഗാഡ്‌സൺ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൗണ്ടി ഡൗണിലെ ഡോണഗാഡിയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 28 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളുടെ അമ്മയായ 27 വയസ്സുള്ള സാറാ മോണ്ട്ഗോമറി മരിക്കുമ്പോൾ ഗർഭിണിയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ആണ് നഗരത്തിലെ എൽംഫീൽഡ് വാക്ക് പ്രദേശത്തെ ഒരു വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഒരു സ്ത്രീയെ കു റിച്ച് പോലീസിന് റിപ്പോർട്ട് ലഭിച്ചത് . മോണ്ട്ഗോമറി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ആണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദാരുണമായ ഈ കേസിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ് എന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ടോം ഫിലിപ്സ് പറഞ്ഞു. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ കുടുംബത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അക്രമം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനം ഞങ്ങൾ തിരിച്ചറിയുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ തുറമുഖത്ത് നിന്ന് ഏകദേശം 100 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി. എസെക്സിലെ തുറോക്കിലുള്ള ലണ്ടൻ ഗേറ്റ്‌വേ തുറമുഖത്ത് പനാമയിൽ നിന്ന് എത്തിയ കപ്പലിലെ കണ്ടെയ്‌നറുകൾക്കടിയിൽ നിന്നാണ് 2.4 ടൺ ഭാരമുള്ള കൊക്കെയ്ൻ അധികൃതർ കണ്ടെത്തിയത്. നേരത്തെ ഇന്റലിജൻസ് നടത്തിയ ഓപ്പറേഷനിൽ മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. പിന്നാലെ യുകെയിൽ കപ്പൽ എത്തിയതിന് പിന്നാലെ പിടികൂടുകയായിരുന്നു.
തുറമുഖ ഓപ്പറേറ്ററുടെ സഹായത്തോടെ 37 വലിയ കണ്ടെയ്‌നറുകളിലായി ഏകദേശം 96 മില്യൺ പൗണ്ട് വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്. ബോർഡർ ഫോഴ്‌സിന്റെ കണക്കനുസരിച്ച്, യുകെയുടെ ചരിത്രത്തിലെ ആറാമത്തെ വലിയ കൊക്കെയ്ൻ വേട്ടയാണിത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന കൊക്കയ്ൻ സംഘങ്ങളേക്കാൾ അതിർത്തി സേനയിലെ സമുദ്ര ഉദ്യോഗസ്ഥർ എപ്പോഴും ഒരു പടി മുന്നിലാണെന്നുള്ളതിൻെറ ഉത്തമ ഉദാഹരണമാണ് ഈ സംഭവം എന്ന് മാരിടൈം ഡയറക്ടർ ചാർളി ഈസ്റ്റോ പറഞ്ഞു.
അന്താരാഷ്ട്ര സംഘങ്ങൾ യുകെയിലേക്ക് ക്ലാസ് എ മയക്കുമരുന്ന് കടത്തുന്ന പ്രധാന മാർഗങ്ങളിലൊന്നാണ് കണ്ടെയ്നർ കപ്പലുകളെന്ന് ചാർളി ഈസ്റ്റോ പറയുന്നു. 2022 നും 2023 നും ഇടയിൽ ഇംഗ്ലണ്ടിലും വെയിൽസിലും കൊക്കെയ്ൻ മരണങ്ങൾ 31% വർദ്ധിച്ചതായി ഹോം ഓഫീസ് ഡേറ്റ പറയുന്നു. ഈ വാരാന്ത്യത്തിൽ കെന്റിലെ ഡോവർ പോർട്ടിൽ നിന്ന് 170 കിലോ കെറ്റാമൈൻ, 4,000 എംഡിഎംഎ ഗുളികകൾ, 20 തോക്കുകൾ എന്നിവ ഒരു ലോറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. വിദഗ്ദ്ധരുടെ കണക്കനുസരിച്ച് കെറ്റാമൈനിന്റെ 4.5 മില്യൺ പൗണ്ട് ആണ് വില വരുന്നത്, എംഡിഎംഎയ്ക്ക് കുറഞ്ഞത് 40,000 പൗണ്ട് വിലവരും. ലോറിയുടെ ഡ്രൈവറായ 34 വയസ്സുള്ള താജിക്കിസ്ഥാൻ പൗരനെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തതായി നാഷണൽ ക്രൈം ഏജൻസി അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിന്റെ എൻഎച്ച്എസ് ആശുപത്രികൾക്കുള്ള ധനസഹായം പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. അതായത് മോശം അഭിപ്രായം നേരിടുന്ന ഹോസ്പിറ്റലുകൾക്ക് ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എൻഎച്ച്എസിനായുള്ള സർക്കാർ അടുത്ത പത്ത് വർഷത്തെ പദ്ധതികൾ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നിർദ്ദേശം ഉടലെടുത്തിരിക്കുന്നത്.
രോഗികൾ അസന്തുഷ്ടരായാൽ ഹോസ്പിറ്റലുകൾക്ക് ലഭിക്കുന്ന ധനസഹായത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടും. ഈ നടപടി ഹോസ്പിറ്റലുകൾക്കിടയിൽ കൂടുതൽ ഗുണകരമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വളരെ മോശം സേവനങ്ങൾ നൽകുന്ന ഹോസ്പിറ്റലുകളെ ഇത് നല്ല രീതിയിൽ ബാധിക്കും. എന്നാൽ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായി ഈ ആശയം ആരും ഉന്നയിച്ചിട്ടില്ലന്നും നിലവിൽ അന്താരാഷ്ട്രതലത്തിൽ മറ്റൊരു ആരോഗ്യ സംരക്ഷണ സംവിധാനവും ഈ മാതൃക സ്വീകരിക്കുന്നില്ലന്നും ആണ് നിർദ്ദേശങ്ങളോട് എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് മാത്യു ടെയ്‌ലർ പ്രീതികരിച്ചത് .
പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എൻഎച്ച്എസിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങൾ നിർത്തലാക്കാൻ പോവുകയാണെന്ന് വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. രോഗികൾക്ക് വേണ്ടി വാദിക്കുന്ന ഹെൽത്ത് വാച്ച് ഇംഗ്ലണ്ടും വിസിൽ ബ്ലോവർമാരെ പിന്തുണയ്ക്കുന്ന നാഷണൽ ഗാർഡിയൻസ് ഓഫീസും നിർത്തലാക്കുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. നിലവിലെ എൻഎച്ച്എസ്സിന്റെ ഭരണ സംവിധാനം വളരെ സങ്കീർണ്ണമാണെന്നും എൻ എച്ച് എസിന് താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരെ ആണ് ആവശ്യമുള്ളതെന്നും സർക്കാർ തീരുമാനത്തെ കുറിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ആരോഗ്യ സംവിധാനത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനമേഖലയിൽ ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോഴും ക്വാംഗോകൾക്ക് വേണ്ടി വളരെ അധികം തുക ചിലവഴിക്കേണ്ടി വരുന്നതാണ് സർക്കാരിൻറെ ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസെക്സ് പാർക്കിൽ മരം വീണ് ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ഏഴു വയസ്സുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. 6 വയസ്സുകാരിയായ മറ്റൊരു പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
സൗത്ത് എൻഡ്-ഓൺ-സീയിൽ നടന്ന സംഭവത്തെ തുടർന്ന് മറ്റ് മൂന്ന് കുട്ടികൾക്ക് നിസാര പരിക്കുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊട്ടുമുമ്പ് ചാക്ക്‌വെൽ പാർക്കിലേക്ക് തങ്ങളെ വിളിച്ചതായി എസെക്സ് പോലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് പൊതുജനങ്ങൾ പ്രദേശം ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടനെ അടിയന്തിര രക്ഷാപ്രവർത്തനത്തിന് സമീപത്ത് ഉണ്ടായിരുന്നവർ ഓടിയെത്തിയതായി ഒരു ദൃക്സാക്ഷി പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് അതിൻ്റെ സേവനങ്ങൾ നടപ്പിലാക്കാൻ ഉപയോഗിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളാണ് ക്വാംഗോകൾ. എൻ എച്ച് എസ് ക്വാംഗോകൾക്ക് ആരോഗ്യ സേവനങ്ങൾ ആസൂത്രണം ചെയ്യാനും കൈകാര്യം ചെയ്യാനും പരിശോധിക്കാനുമുള്ള അധികാരമുണ്ട്. ആശുപത്രികളും ക്ലിനിക്കുകളും നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് ക്വാംഗോകളുടെ കടമയാണ്.
എന്നാൽ എൻഎച്ച്എസിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന നൂറുകണക്കിന് ഇത്തരം സ്ഥാപനങ്ങൾ നിർത്തലാക്കാൻ പോവുകയാണെന്ന് സർക്കാർ അറിയിച്ചു. രോഗികൾക്ക് വേണ്ടി വാദിക്കുന്ന ഹെൽത്ത് വാച്ച് ഇംഗ്ലണ്ടും വിസിൽ ബ്ലോവർമാരെ പിന്തുണയ്ക്കുന്ന നാഷണൽ ഗാർഡിയൻസ് ഓഫീസും നിർത്തലാക്കുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നു. നിലവിലെ എൻഎച്ച്എസ്സിന്റെ ഭരണ സംവിധാനം വളരെ സങ്കീർണ്ണമാണെന്നും എൻ എച്ച് എസിന് താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരെ ആണ് ആവശ്യമുള്ളതെന്നും സർക്കാർ തീരുമാനത്തെ കുറിച്ച് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ആരോഗ്യ സംവിധാനത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനമേഖലയിൽ ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോഴും ക്വാംഗോകൾക്ക് വേണ്ടി വളരെ അധികം തുക ചിലവഴിക്കേണ്ടി വരുന്നതാണ് സർക്കാരിൻറെ ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആരോഗ്യപരിപാലന മേഖലയുടെ അടുത്ത പത്ത് വർഷത്തെ നയങ്ങളുടെ ഭാഗമായാണ് ഈ കാര്യങ്ങൾ സർക്കാർ എടുത്തിരിക്കുന്നത്. ലേബർ പാർട്ടിയുടെ ആരോഗ്യമേഖലയുടെ നയരൂപീകരണത്തിൻ്റെ പൂർണ്ണരൂപം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. മൊത്തം 201 സംഘടനകളെ പിരിച്ചുവിടും എന്നാണ് അറിയാൻ സാധിച്ചത്. അവയിൽ കഴിഞ്ഞ കൺസർവേറ്റീവ് സർക്കാർ ആരോഗ്യ പദ്ധതികൾ വികസിപ്പിക്കുന്നതിനായി രൂപീകരിച്ച സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്. എൻഎച്ച്‌എസിനും സാമൂഹിക പരിചരണ രോഗികൾക്കും വേണ്ടി സംസാരിക്കുന്നതിനും സേവനങ്ങൾ കാര്യക്ഷമമല്ലാത്തപ്പോൾ മന്ത്രിമാരെ ഉപദേശിക്കുന്നതിനുമായി 2012 ൽ രൂപീകരിച്ച ഹെൽത്ത് വാച്ച് ഇംഗ്ലണ്ട് നിർത്തലാക്കുന്നതിനെതിരെ കടുത്ത വിമർശനവും ഉയർന്നു വരുന്നുണ്ട്. ആരോഗ്യ സേവനത്തിന്റെ ദൈനംദിന മാനേജ്മെന്റിന് ഉത്തരവാദിയായ ഭരണ സ്ഥാപനമായ എൻഎച്ച്എസ് ഇംഗ്ലണ്ട് നിർത്തലാക്കുമെന്നും സിസ്റ്റം കൂടുതൽ സർക്കാർ നിയന്ത്രണത്തിലാക്കുമെന്നും മാർച്ചിൽ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ രണ്ടാം വേനൽക്കാല ഉഷ്ണതരംഗം ആരംഭിക്കുന്നതിനാൽ, രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ഹീറ്റ് ഹെൽത്ത് വാണിങ്ങുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത്-ഈസ്റ്റ്, സൗത്ത്-വെസ്റ്റ്, ഈസ്റ്റ്, ലണ്ടൻ എന്നിവിടങ്ങളിൽ ആംബർ അലേർട്ട് പുറപ്പെടുവിച്ചു. അതായത് ഈ സ്ഥലങ്ങളിലെ വിവിധ ആരോഗ്യ സേവനങ്ങളെയും മുഴുവൻ ജനങ്ങളെയും ചൂട് ബാധിച്ചേക്കാം എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പറയുന്നു.
യോർക്ക്ഷെയറിലും ഹംബറിലും വെസ്റ്റ് മിഡ്‌ലാൻഡ്‌സിലും, ഗൗരവം കുറഞ്ഞ യെല്ലോ അലേർട്ടുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് പ്രായമായവരെയും ദുർബലരെയും ചൂട് ബാധിച്ചേക്കാം. ഗ്ലാസ്റ്റൺബറി ഫെസ്റ്റിവൽ നടക്കുന്ന വാരാന്ത്യത്തിൽ താപനില 30 ഡിഗ്രിയിലേക്ക് ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ബിബിസി വെതർ പ്രകാരം, തിങ്കളാഴ്ച ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ ദിവസമായിരിക്കാം. ഈ ദിവസം ലണ്ടനിലെ താപനില 34Cഉം, കേംബ്രിഡ്ജ്ഷെയർ പ്രദേശത്തേക്ക് 35C ആയിരിക്കാമെന്നും കാലാവസ്ഥ പ്രവചനങ്ങൾ പറയുന്നു.
ഈ വാരാന്ത്യത്തിൽ സോമർസെറ്റിലെ ഗ്ലാസ്റ്റൺബറിയിൽ താപനില 20 ഡിഗ്രി സെൽഷ്യസ് മുതൽ പരമാവധി 28 ഡിഗ്രി സെൽഷ്യസ് വരെ തുടരും. ഞായറാഴ്ച 28 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്താനും സാധ്യതയുണ്ട്. നിലവിൽ ബ്രിട്ടൻെറ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ഉഷ്‌ണതരംഗം നാല് മുതൽ ആറ് ദിവസം വരെ നീണ്ട് നിൽക്കാനാണ് സാധ്യത. ചില പ്രദേശങ്ങളിൽ രാത്രി മുഴുവൻ താപനില 20°C ന് മുകളിൽ തുടരും. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ഇതിലും ചൂടുള്ള കാലാവസ്ഥയാണ് നേരിടുന്നത്. സ്പെയിനിലെ കോർഡോബ പോലെയുള്ള സ്ഥലങ്ങളിൽ താപനില 44°C വരെ എത്തിയേക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.