Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഭക്ഷണം നൽകി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവത്തിൽ 41 വയസുകാരനായ പുരുഷനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്‌ച ബെർക്ക്‌ഷെയറിലെ എയ്‌ൽസ്‌ബറിയിലുള്ള ബക്കിംഗ്ഹാം പാർക്ക് കമ്മ്യൂണിറ്റി സെൻററിൽ ആണ് സംഭവം നടന്നത് . ഇതേ തുടർന്ന് കമ്മ്യൂണിറ്റി സെന്ററിലേയ്ക്ക് പോലീസിനെ വിളിച്ചു വരുത്തിയിരുന്നു.


സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ വിവരങ്ങൾ കൈമാറണമെന്ന് തെയിംസ് വാലി പോലീസ് അഭ്യർത്ഥിച്ചു. ഒരു അറസ്റ്റ് നടത്തിയിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി വരുകയാണെന്നും പോലീസ് അറിയിച്ചു. വാട്ടർമീഡിൽ നിന്ന് അറസ്റ്റ് ചെയ്തയാൾ ഇപ്പോൾ കസ്റ്റഡിയിൽ തുടരുകയാണ് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത ആഴ്ച യുകെയിൽ വീണ്ടും ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് വിദഗ്ദ്ധർ. ഈ ആഴ്ച താരതമ്യേന താപനില കുറവായിരുന്നു. പല പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴ ലഭിക്കുക വരെ ചെയ്‌തിരുന്നു. യുകെയിൽ നിലവിൽ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ആർഗിൽ ആൻഡ് ബ്യൂട്ട്, തെക്കൻ ഹൈലാൻഡ്സ്, മുൾ, സ്കൈ എന്നിവയുൾപ്പെടെ വെസ്റ്റേൺ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഉള്ള സാധ്യതയ്ക്ക് പിന്നാലെ മെറ്റ് ഓഫീസ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്രദേശങ്ങളിൽ മഴ 100 മില്ലിമീറ്ററിൽ കൂടുതൽ ലഭിക്കാൻ സാധ്യത ഉണ്ട്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വൈദ്യുതി തടസ്സത്തിനും യാത്രാ ബുദ്ധിമുട്ടുകൾക്കും സാധ്യത ഉണ്ട്.

സെൻട്രൽ, ഈസ്റ്റ് ഇംഗ്ലണ്ടിൽ വീണ്ടും 30°C യോ അതിൽ കൂടുതലോ താപനില അനുഭവപ്പെടുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. 2025 ജൂൺ ഇംഗ്ലണ്ടിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു. ജൂൺ മാസം മാത്രം രണ്ട് ഉഷ്ണതരംഗമാണ് ഉണ്ടായത്. ജൂലൈ 1 ന് ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ താപനില 34.7°C ആണ് രേഖപ്പെടുത്തിയത്.

അടുപ്പിച്ചുള്ള മൂന്നാമത്തെ ഉഷ്ണതരംഗം യുകെയിൽ തീവ്രമായ ഉഷ്ണതരംഗങ്ങളുടെ വർദ്ധിച്ചുവരുന്ന ആവൃത്തിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആഗോളതാപനം മൂലമാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ സാധാരണമായി വരുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്ക് തയ്യാറെടുക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നതിന്റെ വാർത്തകൾ ആണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയതായി മുൻ എംപി സാറാ സുൽത്താന പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. മുൻ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അവർ പറഞ്ഞു.

രണ്ട് കുട്ടികളുടെ ആനുകൂല്യ പരിധി നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തെ പിന്തുണയ്ക്കാതിരുന്നതിന് കഴിഞ്ഞവർഷം അവർ പാർട്ടി വിപ്പ് ലംഘിച്ചിരുന്നു. ഇതിനെ തുടർന്ന് കവൻട്രി എംപി സ്ഥാനം അവർക്ക് രാജിവെയ്ക്കേണ്ടതായി വന്നു. കെയർ സ്റ്റാർമർ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമാന ചിന്താഗതിക്കാരായ സ്വതന്ത്ര എംപിമാരെയും പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് പുതിയ പാർട്ടിയുടെ രൂപീകരണം. ഗാസയിലെ വംശഹത്യയിൽ സർക്കാർ സജീവ പങ്കാളിയാണെന്ന് സുൽത്താന ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു . വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, ക്ഷേമ പദ്ധതികളോടുള്ള സർക്കാരിന്റെ നിലപാട്, ജീവിത ചിലവ് എന്നിവയാണ് തന്റെ പുതിയ പാർട്ടി സ്ഥാപിക്കാനുള്ള കാരണങ്ങളായി അവർ എടുത്തുകാണിച്ചത്.


നിലവിൽ കെയർ സ്റ്റാർമർ സർക്കാർ കടുത്ത വിമത ഭീഷണിയാണ് നേരിടുന്നത്. കഴിഞ്ഞദിവസം വെൽഫെയർ ബിൽ പാർലമെന്റിൽ പാസാക്കുന്നതിന് നിരവധി മാറ്റങ്ങൾക്ക് സർക്കാരിന് വഴങ്ങേണ്ടിവന്നു. കഴിഞ്ഞവർഷം ഇതേ ദിവസം ജൂലൈ നാലിന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് സർക്കാർ അധികാരത്തിലെത്തിയത്. സർക്കാരിൻറെ ഒന്നാം വാർഷികത്തിൻ്റെ അന്ന് തന്നെ മുൻ ലേബർ പാർട്ടി എംപിയുടെ പുതിയ പാർട്ടി പ്രഖ്യാപനം കെയർ സ്റ്റാർമറിനും സർക്കാരിനും കടുത്ത തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിദേശ തൊഴിലാളികൾ യുകെ വിടുകയാണോ അതോ വിസ കാലഹരണപ്പെട്ടതിന് ശേഷം നിയമവിരുദ്ധമായി ജോലിക്കായി താമസിക്കുകയാണോ എന്ന് ഹോം ഓഫീസിന് അറിയില്ലെന്ന് എംപിമാരുടെ ക്രോസ്-പാർട്ടി കമ്മിറ്റി കണ്ടെത്തി. 2020 ൽ കൺസർവേറ്റീവുകൾക്ക് കീഴിൽ സ്കിൽഡ് വർക്കർ വിസ റൂട്ട് അവതരിപ്പിച്ചതിനുശേഷം എക്സിറ്റ് ചെക്കുകൾ വിശകലനം ചെയ്യുന്നതിൽ ഹോം ഓഫീസ് പരാജയപ്പെട്ടുവെന്ന് സർക്കാർ ചെലവുകൾ പരിശോധിക്കുന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ആണ് കണ്ടെത്തിയത്. അനധികൃത കുടിയേറ്റക്കാരെ നിരീക്ഷിക്കുന്നതിന് ഹോം ഓഫീസിന് കടുത്ത വീഴ്ച പറ്റിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയതിനുശേഷം സ്കിൽഡ് വർക്കർ വിസ റൂട്ട് ടയർ 2 (ജനറൽ) വർക്ക് വിസയ്ക്ക് പകരമായി മാറി.
2020 ഡിസംബറിൽ ആരംഭിച്ചതിനും 2024 അവസാനത്തിനും ഇടയിൽ ഏകദേശം 1.18 ദശലക്ഷം ആളുകൾ ആണ് ഈ വിഭാഗത്തിൽ യുകെയിലേക്ക് വരാൻ അപേക്ഷിച്ചത്.


കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ, സാമൂഹിക പരിചരണ മേഖലയിലെ നൈപുണ്യ ക്ഷാമവും ജോലി ഒഴിവുകളും പരിഹരിക്കുന്നതിനായി മുൻ കൺസർവേറ്റീവ് സർക്കാർ 2022-ൽ ആണ് വിസ നിബന്ധനകളിൽ ഇളവ് അനുവദിച്ചത്. ഇത് കുടിയേറ്റത്തിന്റെ തോത് വൻതോതിൽ വർദ്ധിക്കാൻ ഇടയായതായാണ് കണക്കാക്കുന്നത്.

എന്നാൽ വിസ കാലാവധി കഴിഞ്ഞതിന് ശേഷം ആളുകൾ യുകെ വിടുന്നുണ്ടോ എന്നതിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിൽ ഹോം ഓഫീസ് പരാജയപ്പെട്ടുവെന്നാണ് പിഎസി ആരോപിക്കുന്നത്. ആരെങ്കിലും രാജ്യം വിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വകുപ്പ് ഇപ്പോഴും എയർലൈൻ യാത്രക്കാരുടെ രേഖകളെ ആശ്രയിക്കുന്നുണ്ടെന്നും 2020 മുതൽ ആ രേഖകളുടെ വിശകലനം നടന്നിട്ടില്ലെന്നും അതിന്റെ റിപ്പോർട്ട് പറയുന്നു. ആളുകൾ രാജ്യം വിട്ടുപോകുമ്പോൾ രേഖപ്പെടുത്താൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്ന് ഹോം ഓഫീസ് വ്യക്തമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഹൈ സ്ട്രീറ്റ് കടകളിലെ നിയമവിരുദ്ധ സിഗരറ്റ് വ്യാപാരത്തെ കുറിച്ചുള്ള ബിബിസിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പ്രാദേശിക സ്റ്റോറുകളുടെ അടിയിൽ ആയിരക്കണക്കിന് വ്യാജ സിഗരറ്റുകളും കള്ളക്കടത്തും സൂക്ഷിക്കുന്ന രഹസ്യ അറകളാണ് അധികൃതർ കണ്ടെത്തിയത്. ഇത്തരത്തിൽ നിയമവിരുദ്ധമായി സൂക്ഷിക്കുന്ന ഉത്പന്നങ്ങൾ പലപ്പോഴും ഡോറുകൾക്ക് പിന്നിലും തറയുടെ അടിയിലും ആയി ഒളിപ്പിക്കും. ബ്രാഡ്‌ഫോർഡ്, കവൻട്രി, നോട്ടിംഗ്ഹാം തുടങ്ങിയ നഗരങ്ങളിലും വ്യാജ സിഗരറ്റ് വിൽക്കുന്ന ക്രിമിനൽ സംഘങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്.

മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, നിയമവിരുദ്ധ കുടിയേറ്റം എന്നിവയുൾപ്പെടെയുള്ള മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായാണ് നിയമവിരുദ്ധ പുകയില വ്യാപാരത്തെ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്. ബ്ലാക്ക് മാർക്കറ്റുകളിൽ ഇവ സജീവമാകുന്നതിനോടൊപ്പം ഇത് നിയമപാലകരിലും സർക്കാരിലും പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ക്രിമിനോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഹളിൽ മാത്രം 80 കടകളിൽ ഇത്തരം നിയമവിരുദ്ധ വ്യാപാരം നടക്കുന്നതായി കണ്ടെത്തി.

നിയമവിരുദ്ധമായ ഇത്തരം വ്യാപാരങ്ങൾ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. നിയമവിരുദ്ധ സിഗരറ്റുകളിൽ ആസ്ബറ്റോസ്, മനുഷ്യ മാലിന്യങ്ങൾ, ചത്ത പ്രാണികൾ തുടങ്ങിയ ദോഷകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഈ ഉത്പന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്കാണ് വിൽക്കപ്പെടുന്നതും. ജീവിത ചിലവ് വർദ്ധിച്ച് വരുന്ന ഈ കാലത്ത് ഇത്തരം സിഗരറ്റുകളുടെ വിലക്കുറവും ജനങ്ങളെ ആകർഷിക്കുന്നു. നിയമവിരുദ്ധമായി ഇത്തരം സിഗരറ്റുകൾ വിൽക്കുന്നതിൻെറ പിഴകളും ശിക്ഷകളും വർദ്ധിച്ചിട്ടുണ്ടെങ്കിലും, നിർവ്വഹണ സംവിധാനം ഇപ്പോഴും ദുർബലമായി തുടരുന്നു. ഇത്തരം പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് അഭയാർത്ഥികളോ നിയമവിരുദ്ധ കുടിയേറ്റക്കാരോ ആണ്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുംബൈയേയും മാഞ്ചസ്റ്ററേയും ബന്ധിപ്പിക്കുന്ന ആദ്യ ദീർഘദൂര സർവീസ് ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ. ഇന്ത്യയും പ്രധാന ആഗോള വിപണികളും തമ്മിൽ മെച്ചപ്പെട്ട ബന്ധം പുലർത്തുന്നതിനായുള്ള ഒരു സുപ്രധാന നീക്കമായി ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയും നോർത്തേൺ ഇംഗ്ലണ്ടിലെ പ്രധാന സാമ്പത്തിക, സാംസ്കാരിക കേന്ദ്രമായ മാഞ്ചസ്റ്ററും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന് ഈ പുതിയ വിമാന സർവീസ് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിസിനസ്സ് യാത്രക്കാർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, യുണൈറ്റഡ് കിംഗ്ഡത്തിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ എന്നിവർക്ക് ഈ സേവനം ഏറെ പ്രയോജനപ്പെടും. ഇത് ശക്തമായ സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക ബന്ധങ്ങൾ വളർത്തിയെടുക്കാനും സുപ്രധാന പങ്ക് വഹിക്കും. മുംബൈയേയും മാഞ്ചസ്റ്ററേയും ബന്ധിപ്പിക്കുന്ന ഒരേയൊരു എയർലൈനായിരിക്കും ഇൻഡിഗോ.

ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഇൻഡിഗോ നൽകുക. മുംബൈയിൽ നിന്നും മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചുകൊണ്ട് ദീർഘദൂര യാത്ര ആരംഭിക്കുമ്പോൾ, ആഗോള പ്രസക്തിയുള്ള എയർലൈൻ ഗ്രൂപ്പായി തങ്ങൾ മാറുകയാണെന്ന് ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. പീറ്റർ എൽബേഴ്‌സ് പറഞ്ഞു. ബോയിംഗ് 787-9 ഡ്രീംലൈനർ ആണ് പുതിയ സർവീസിനായി ഉപയോഗിക്കുക എന്നും അറിയിച്ചു. എല്ലാ യാത്രക്കാർക്കും പ്രത്യേകം തയ്യാറാക്കിയ സൗജന്യ ചൂടുള്ള ഭക്ഷണവും പാനീയങ്ങളും വിമാന കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 56 ഇൻഡിഗോ സ്ട്രെച്ച് സീറ്റുകളും 282 ഇക്കണോമി സീറ്റുകളും ഉള്ള വിമാനമാണ് മുംബൈ മാഞ്ചസ്റ്റർ സർവീസിനായി ഇൻഡിഗോ ഉപയോഗിക്കുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിനായി തൻറെ സർക്കാർ അവതരിപ്പിക്കുന്ന പദ്ധതികളിൽ യുകെയിലെ ആരോഗ്യമേഖലയെ സമൂലമായി മാറ്റുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പറഞ്ഞു. പ്രധാനമായും ദശലക്ഷ കണക്കിന് രോഗികളെ അവരുടെ വീടിനടുത്ത് തന്നെ ചികിത്സിക്കുന്നതിന് മുൻതൂക്കം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ആശുപത്രികളിൽ നിന്ന് പരിചരണം തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

പുതിയ പദ്ധതിക്കായി പ്രൈമറി ഹെൽത്ത് സെൻററുകളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കേണ്ടതായി വരും. രോഗികൾക്ക് അവർ എവിടെ താമസിക്കുന്നുവോ അവിടെ അവർക്ക് എളുപ്പവും വേഗമേറിയതും കൂടുതൽ സൗകര്യപ്രദവുമായ പരിചരണം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു. എന്നാൽ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം ഉയർത്തി നേഴ്സിങ് ജീവനക്കാരുടെ ക്ഷാമം അടിയന്തിരമായി പരിഹരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത് എന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തോടെ റോയൽ കോളേജ് ഓഫ് നേഴ്സിങ് പ്രതികരിച്ചത്.

ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസിനായുള്ള സർക്കാരിന്റെ 10 വർഷത്തെ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ലണ്ടനിൽ നടത്തും. ഇതിൽ ഏകദേശം 200 പുതിയ അയൽപക്ക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഉൾപ്പെടും. ഇവയിൽ ജിപിമാർ, നേഴ്‌സുമാർ, സാമൂഹിക പരിചരണ പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, മറ്റ് ഡോക്ടർമാർ എന്നിവരുടെ ഒരു സംഘം ഉണ്ടാകും. ഈ കേന്ദ്രങ്ങൾ ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ആറ് ദിവസവും തുറന്നിരിക്കുമെന്ന് സർക്കാർ അറിയിച്ചു. സേവനങ്ങളുടെ കൃത്യമായ ഘടന പ്രാദേശിക മേഖലയെ ആശ്രയിച്ചായിരിക്കും നിർണയിക്കുന്നത്. ദുർബലരും എത്തിച്ചേരാൻ പ്രയാസമുള്ളവരുമായ രോഗികളെ ബന്ധപ്പെടാൻ ചില ഔട്ട്‌റീച്ച് ടീമുകൾ വീടുതോറും പോകുന്ന രീതിയിൽ ആയിരിക്കും ഇവയുടെ പ്രവർത്തനം. എൻഎച്ച്എസ്സിനായി ഇന്ന് അവതരിപ്പിക്കുന്ന കർമ്മ പദ്ധതികളെ യുകെ മലയാളികളും വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എൻഎച്ച്എസിന് ആധുനികതയുടെ പുതിയ മുഖം നൽകാൻ Al സാങ്കേതികവിദ്യ ഉപയോഗിക്കും എന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ആശുപത്രി ഡേറ്റാബേസുകൾ വിശകലനം ചെയ്യുന്നതിനും സാധ്യമായ സുരക്ഷാ വീഴ്ചകൾ നേരത്തേ കണ്ടെത്തുന്നതിനും AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സംവിധാനമായി എൻഎച്ച്എസ് മാറുമെന്നാണ് ആരോഗ്യ സെക്രട്ടറി പറഞ്ഞത് .

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പാർലമെൻറ് ഇതുവരെ കാണാത്ത നാടകീയ രംഗങ്ങൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. പ്രധാന മന്ത്രിയുടെ ചോദ്യോത്തര വേളയിൽ ചാൻസിലർ റേച്ചൽ റീവ്സ് പൊട്ടി കരയുന്ന ദൃശ്യങ്ങൾ വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ ഏറ്റെടുത്തത്. ക്ഷേമ പദ്ധതികളിലെ വെട്ടിക്കുറവുമായി ബന്ധപ്പെട്ട വിമത പ്രശ്നങ്ങൾ അടക്കമുള്ള രാഷ്ട്രീയ കാരണങ്ങൾ ചാൻസലറിന്റെ കണ്ണീരിനു പിന്നിലുണ്ടെന്ന വാർത്തകളാണ് പെട്ടെന്ന് പ്രചരിച്ചത്.

എന്നാൽ ചാൻസിലറിന്റെ കണ്ണീരിന് രാഷ്ട്രീയമായോ വെൽഫെയർ ബില്ലുമായോ ബന്ധമില്ലെന്ന് പ്രധാനമന്ത്രി വിശദീകരണം നടത്തി. അത് അവരുടെ തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചാൻസിലർ എന്ന രീതിയിൽ റേച്ചൽ റീവ്സ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭരണപക്ഷ ബഞ്ചിൽ ഉടലെടുത്ത തർക്കങ്ങളാണ് ചാൻസിലർ കരയുന്ന അവസ്ഥയിലേയ്ക്ക് കൊണ്ട് എത്തിച്ചതെന്ന ആരോപണം ശക്തമാണ്.

വിമത ശല്യം നേരിടുന്ന കെയർ സ്റ്റാർമർ ഒന്നാം വാർഷികം പൂർത്തിയാക്കാൻ പോകുമ്പോൾ കടുത്ത അഗ്നി പരീക്ഷയെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വെൽഫെയർ ബിൽ പാർലമെൻറിൽ പാസാക്കാൻ മുൻ തീരുമാനങ്ങളിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ സർക്കാരിന് വരുത്തേണ്ടതായി വന്നു. ക്ഷേമ പദ്ധതികളിൽ വെട്ടി കുറവ് വരുത്തി സാമ്പത്തിക മേഖല ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന് ചാൻസിലർ ആണ് മുൻകൈ എടുത്തത്. ഇതിനോട് ലേബർ പാർട്ടിയിൽ നിന്ന് തന്നെ ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. ഏകദേശം അരമണിക്കൂറോളം ചാൻസിലറിൻ്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിയതായാണ് പാർലമെൻറിലെ പ്രസ് ഗാലറിയിൽ നിന്ന് പത്രപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. ചാൻസിലറുടെ കണ്ണുനീരിന് പിന്നിൽ വ്യക്തിപരമായ കാരണമാണെന്ന് പറയുമ്പോഴും വരും ദിവസങ്ങളിൽ ഇത് ചൂടുള്ള ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളികളെ വെട്ടിലാക്കി കർശന നിബന്ധനകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് യുകെ സർക്കാർ. തൊഴിൽ വിസ അപേക്ഷകർക്ക് കുറഞ്ഞത് ബിരുദമെങ്കിലും വേണമെന്നതുൾപ്പെടെ പുതിയ വിസ ചട്ടങ്ങൾ ബ്രിട്ടീഷ് സർക്കാർ പാർലമെന്റിൽ മുന്നോട്ട് വച്ചിരിക്കുകയാണ്. വിസ നിയമങ്ങളിൽ ഉള്ള മാറ്റം നിലവിൽ ജോലി ചെയ്യുന്നവർക്ക് ബാധകമാകില്ല. ജൂലൈ 22നു പാർലമെന്റ് അംഗീകാരം നൽകുന്നതോടെ നിലവിൽ വരും. മേയിൽ പ്രഖ്യാപിച്ച കുടിയേറ്റ ധവളപത്രത്തിന്റെ ഭാഗമാണ് പുതിയ ചട്ടങ്ങൾ.

പാർലമെന്റിന് മുന്നിൽ വയ്ക്കുന്ന പുതിയ നിയമങ്ങൾ പ്രകാരം, 100-ലധികം തൊഴിലുകൾ സ്‌കിൽഡ് വർക്കർ വിസ റൂട്ടിന് കീഴിലുള്ള യോഗ്യതയിൽ നിന്ന് നീക്കം ചെയ്യപ്പെടും. പുതിയ മാറ്റങ്ങൾ വിദഗ്ധ തൊഴിൽ മേഖലയ്ക്ക് ഉയർന്ന യോഗ്യതയും ശമ്പളവും ഉറപ്പാക്കും. കുറഞ്ഞ ശമ്പളമുള്ള പല ജോലികൾക്കും ഇനി തൊഴിൽ വിസ അനുവദിക്കില്ല. കൂടാതെ, വിദേശികളായ സോഷ്യൽ കെയർ വർക്കർമാരുടെ നിയമനം അവസാനിപ്പിക്കും. നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ മാറാൻ 3 വർഷം സമയം നൽകും.

പുതിയ മാറ്റത്തിൻെറ കീഴിൽ ബിരുദത്തെക്കാൾ കുറഞ്ഞ യോഗ്യത ആവശ്യമുള്ള ജോലികൾക്ക് ഇനി താൽക്കാലിക അനുമതിയേ ഉണ്ടാകൂ. ഈ പട്ടികയിലുള്ള തൊഴിലാളികൾക്ക് ആശ്രിതരെ കൊണ്ടുവരാൻ സാധിക്കില്ല. 2026നു ശേഷം ഇത്തരം ജോലികളിലെ നിയമനം വിദഗ്ധസമിതി റിപ്പോർട്ട് അനുസരിച്ചു തീരുമാനിക്കും. സ്‌കിൽഡ് വർക്കർ വിസ പട്ടികയിൽ നിന്ന് 111 തൊഴിലുകൾ നീക്കം ചെയ്യുക, കെയർ വർക്കർമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കുക, തുടങ്ങിയവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

 

ഇലക്ട്രിക് സബ്സ്റ്റേഷനിലെ തകരാറിനെ തുടർന്ന് വിമാനത്താവളം അടച്ചുപൂട്ടാനിടയായ സംഭവത്തിൽ നാഷണൽ ഗ്രിഡിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഹീത്രു വിമാനത്താവളം ആലോചിക്കുന്നു. പ്രശ്നത്തിന് കാരണമായ തീപിടുത്തം ഇലക്ട്രിക് സബ്സ്റ്റേഷനിലെ തകരാറിനെ തുടർന്നാണെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. വിമാനത്താവളത്തിൽ വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷന്റെ പ്രശ്നത്തെ കുറിച്ച് 7 വർഷം മുമ്പ് മുതൽ കമ്പനിക്ക് അറിവുണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കുന്നതിന് ഉചിതമായ നടപടി നാഷണൽ ഗ്രിഡിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലെ ഇലക്ട്രിക്കൽ ഭാഗങ്ങൾ ശരിയാക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾ ആവർത്തിച്ച് മാറ്റിവച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ബുധനാഴ്ച റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന്, ഊർജ്ജ നിരീക്ഷണ ഏജൻസിയായ ഓഫ്‌ജെം നാഷണൽ ഗ്രിഡിനെക്കുറിച്ച് സ്വന്തം അന്വേഷണം ആരംഭിച്ചു. സബ്‌സ്റ്റേഷനിലെ ഇലക്ട്രിക്കൽ ഘടകങ്ങളിലേക്ക് ഈർപ്പം പ്രവേശിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) പറഞ്ഞു.

വൈദ്യുത സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ എയർപോർട്ടിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യം രാജ്യത്തിന് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടിരുന്നു. . . പടിഞ്ഞാറൻ ലണ്ടനിലെ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കാനും ലോകമെമ്പാടും യാത്രക്കാർ കുടുങ്ങിക്കിടക്കാനും കാരണമായി. ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിമാനങ്ങൾ തിരിച്ചുവിട്ടത് മറ്റ് എയർപോർട്ടുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു

Copyright © . All rights reserved