
ബിനോയ് എം. ജെ.
മരണം എക്കാലവും മനുഷ്യനെ ഭയപ്പെടുത്തുന്ന ഒരു സംഗതിയാണ്. അതിനപ്പുറം പോവാനോ അതിൽ നിന്ന് പുറത്തു കടക്കുവാനോ ഏതാണ്ട് എല്ലാവരും തന്നെ തീവ്രമായിആഗ്ര ക്കുന്നു. മനുഷ്യരാശിയുടെ ഉത്ഭവം മുതൽ ഇന്ന് വരെയും ഇത് ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. മനുഷ്യൻ ഏതാണ്ട് തോൽവി സമ്മതിച്ച മട്ടാണ്. ശാസ്ത്രകാരന്മാരുടെയും സാധാരണക്കാരുടെയും പ്രതീക്ഷ മങ്ങിത്തുടങ്ങിയിരിക്കുന്നു. മാനവരാശി നിരാശയിലേക്ക് വഴുതിവീണു തുടങ്ങിയിരിക്കുന്നു. മനുഷ്യജീവിതത്തിന് എന്തെങ്കിലും അർത്ഥം ഉണ്ടോ? പ്രകൃതിയുടെയും മരണത്തിന്റെയും മേൽ വിജയം വരിക്കുവാൻ മനുഷ്യന് കഴിയുമോ? ഇവിടെ അല്പം മാറി ചിന്തിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. നിലവിലുള്ള ഭൗതികവാദത്തിലൂന്നിയ സംസ്കാരത്തിന് മരണത്തെ ജയിക്കാനുള്ള കഴിവില്ല എന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു.
പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ഒരു പദാർത്ഥമല്ല മനുഷ്യൻ. ആയിരുന്നെങ്കിൽ അവന് വിജയസാധ്യത ഉണ്ടാകുമായിരുന്നില്ല. പദാർത്ഥത്തിന് എങ്ങനെയാണ് നിത്യജീവിതം ഉണ്ടാകുക? പഞ്ചഭൂതങ്ങൾ കൂടി ചേർന്നുണ്ടായ ശരീരം പിന്നീട് പഞ്ചഭൂതങ്ങളിൽ തന്നെ ലയിക്കേണ്ടിയിരിക്കുന്നു. കൂടിച്ചേർന്നവയെല്ലാം വേർപെടണം എന്നത് പ്രപഞ്ച നിയമമാണ്. അപ്പോൾ പിന്നെ എന്താണ് ബാക്കിയുള്ളത്? അതേസമയം താൻ വെറും ശൂന്യതയാണെന്ന് ആരും സമ്മതിച്ചു കൊടുക്കുകയില്ല. സ്വന്തം അസ്തിത്വത്തെ നിഷേധിക്കുവാൻ ആർക്കാണ് കഴിയുക? പ്രപഞ്ചത്തെ
നിഷേധിക്കുവാൻ കഴിഞ്ഞേക്കാം, ഈശ്വരനെ നിഷേധിക്കുവാൻ കഴിഞ്ഞേക്കാം, പക്ഷേ തന്നെ തന്നെ നിഷേധിക്കാൻ ആർക്കാണ് കഴിയുക? ഭാരതീയർ അതിന്റെ അങ്ങേയറ്റം വരെ പോകുന്നു അവർ പറയുന്നു “ഞാൻ ഈശ്വരൻ തന്നെയാണ്”. അവിടെ പരമാനന്ദം സംഭവിക്കുന്നു.
മനുഷ്യൻ ഒരിക്കലും തോൽവി സമ്മതിക്കുകയില്ല. പ്രപഞ്ചത്തെ മുഴുവൻ അടക്കി ഭരിക്കണം. മരണത്തിനും അപ്പുറം പോകണം. അവന്റെയുള്ളിൽ കത്തിജ്വലിക്കുന്ന ദീപം ഒരിക്കലും അണയുകയില്ല. ശരീരം മരിച്ചേക്കാം എങ്കിലും അവൻ പുനർജനിക്കുന്നു. മരണത്തിനു മുമ്പിൽ തോൽവി സമ്മതിക്കരുത്. അതിനെ സധൈര്യം നേരിടുവിൻ. മരണം ശരീരത്തെ ബാധിക്കുന്നു. അത് ശരീരത്തെ മാത്രമേ ബാധിക്കുന്നുള്ളൂ.
അതിന്റെയുള്ളിൽ ഉള്ള മനസ്സും ബുദ്ധിയും ആത്മാവും ഇതിനാൽ ബാധിക്കപ്പെടാതെ കിടക്കുന്നു. എന്നാൽ താൻ ശരീരം മാത്രമാണ് എന്ന് ചിന്തിക്കുന്നവർക്ക് മരണം ഒരു പൂർണ്ണവിരാമം പോലെയാണ്. അവർക്ക് മരണം ഒരു പേടിസ്വപ്നമാണ്. മരണത്തെ ആസ്വദിക്കുവാൻ ശ്രമിക്കുവിൻ. അപ്പോൾ മരണം ഒരു ലഹരിയായി മാറും. മരണം ലഹരി ആകുമ്പോൾ ജീവിതവും ലഹരി ആയിരിക്കും. അതായത് ജീവിതവും മരണവും ഒരുപോലെ അനുഭവപ്പെടും. അവയ്ക്കിടയിലുള്ള ഭേദം തിരോഭവിക്കും. അയാൾ അദ്വൈത ബോധത്തിൽ എത്തുന്നു.
ജീവിതത്തോടുള്ള ആഭിമുഖ്യവും മരണത്തോടുള്ള ആഭിമുഖ്യവും- രണ്ടും ഒരുപോലെ ഉണ്ടായിരിക്കണം. ഒറ്റച്ചിറകുകൊണ്ട്പറക്കുവാൻ ആവില്ല.
അതിന് രണ്ട് ചിറകുകൾ വേണം. നാം ഓരോ നിമിഷവും ജീവിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മരണം ഏത് നിമിഷവും സംഭവിക്കാം. ജീവിതവും മരണവും രണ്ടല്ല ഒന്നാണ് എന്ന് നാം കണ്ടു കഴിഞ്ഞു. നിങ്ങളുടെ അസ്ഥിത്വത്തെ ബാധിക്കുവാൻ മരണത്തിന് കഴിയുകയില്ല. അതിന് നിങ്ങളുടെ ശരീരത്തെയേ ബാധിക്കുവാൻ കഴിയൂ. ഇത്തരം ഒരു ബോധ്യം നിങ്ങളുടെ ശരീര അവബോധത്തെ നീക്കിക്കളയുന്നു. താനി കാണുന്ന ശരീരമല്ല എന്ന ഉറച്ച ബോധ്യം ഉള്ളയാൾ ഒരു മദയാനയെ പോലെ ചുറ്റിത്തിത്തിരിയുന്നു. ശരീര അവബോധം തിരോഭവിച്ചാൽ നിങ്ങളുടെ ആഹവും തിരോഭവിക്കുന്നു. അതോടെ സകലവിധ ക്ലേശങ്ങളും തിരോഭവിക്കുന്നു. താനാ അനന്ത സത്തയാണ് എന്നറിയുന്നയാൾക്ക് പിന്നീട് ജീവിതവും മരണവും ഒരുപോലെ തന്നെ. അയാൾ നിർവ്വാണത്തിലേക്ക് ചുവട് വയ്ക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120


വീണ്ടുമൊരു മണ്ഡലകാലം വന്നിരിക്കുകയാണ്. 41 ദിവസം വ്രതമെടുത്ത് പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളേറി പൊന്നുപതിനെട്ടാംപടി കയറി സാക്ഷാൽ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേൽക്കുന്നത് ‘തത്വമസി’ എന്ന മഹാവാക്യമാണ്. ഈശ്വരൻ നീയാണ്’ എന്ന ഓർമപ്പെടുത്തൽ. അഹങ്കാരവും അറിവില്ലായ്മയുമെല്ലാം ഇല്ലാതായി ഈശ്വരനും ഭക്തനും ഒന്നാകുന്ന സമത്വത്തിന്റെ പരമപദമാണ് അയ്യപ്പസന്നിധാനം.
ഭക്തിനിര്‍ഭരമായ വ്രതശുദ്ധിയുടെ മണ്ഡലകാലത്ത് എങ്ങും കേള്‍ക്കുന്നത് സ്വാമി നാമങ്ങളാണ്, ശരണ മന്ത്രങ്ങളാണ്.. മാലയിട്ടു കറുപ്പുടുത്തു ഇരുമുടി കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പനും ഭഗവാന്റെ പ്രതിരൂപങ്ങളാണ്.അതുകൊണ്ട് തന്നെ മണ്ഡലകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രധാന സ്ഥാനമുണ്ട് അയ്യപ്പവിളക്കിന്.

ലിവർപൂളിന്റെ മണ്ണിൽ ആദ്യത്തെ അയ്യപ്പവിളക്കിനു തിരിതെളിഞ്ഞതു മൂന്ന് വർഷങ്ങൾക്ക് മുൻപാണ്.ലിവർപൂൾ മലയാളി ഹിന്ദു സമാജം നടത്തുന്ന ഈ വർഷത്തെ അയ്യപ്പവിളക്ക് ജനുവരി 10 ന് കാർഡിനൻഹീനൻ സ്കൂളിന്റെ ഹാളിൽ നടത്തുന്ന വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു. ഈ വർഷത്തെ അയ്യപ്പവിളക്കിന് ലിവർപൂൾ മലയാളി ഹിന്ദു സമാജം “നാദതരംഗിണി” ഭജന ടീമിന്റെ ഭജനയും ഉണ്ടാകുമെന്ന് ഭക്തിപൂർവ്വം അറിയിക്കുന്നു. പ്രവാസികളായ നമ്മുക്ക് ഏവർക്കും നഷ്ടമാക്കുന്ന അയ്യപ്പവിളക്ക്,ലിവർപൂൾ ഹിന്ദു സമാജം നടത്തുന്നത് മേഴ്‌സിസൈഡിലെയും പരിസരപ്രദേശങ്ങളിയും അയ്യപ്പവിശ്വാസികൾക്ക് ഒരു അനുഗ്രഹമായിക്കരുതാം. 2026 ജനുവരി 10, ശനിയാഴ്ച നടക്കുന്ന ഈ മഹോത്സവം ഭക്തിസാന്ദ്രമായ നിമിഷങ്ങളാൽ സമൃദ്ധമാണ്. കലിയുഗ വരദനായ അയ്യപ്പന്റെ ദിവ്യാനുഗ്രഹം പ്രാപിക്കുന്നതിനായി ഭജനങ്ങളും പൂജകളും ദീപാരാധനയും അന്നദാനവും ഉൾപ്പെടെയുള്ള വിവിധ ചടങ്ങുകൾ ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

പൂജയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഹാളിനനുസരിച്ച് അംഗസംഖ്യ നിജപെടുത്തേണ്ടി വന്നിട്ടുണ്ട്. ആയതിനാൽ ആദ്യം റജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് മാത്രമേ പൂജയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ . രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://lmhs.uk/events-2026/ayyappa-vilakku1/booking
എല്ലാവരെയും മനുഷ്യന്മാരായി ഉൾക്കൊള്ളണമെന്ന സന്ദേശം അയ്യപ്പന്റെയും വാവരുടെയും സൗഹൃദ വർണനയിലൂടെ അയ്യപ്പൻ വിളക്ക് നൽകുന്നുണ്ട്. ലിവർപൂളിന്റെ മണ്ണിൽ ശരണം വിളികളിൽ ഭക്തിസാന്ദ്രമായ ഒരു സായാഹ്നത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ലിവർപൂൾ മലയാളി ഹിന്ദു സമാജവുമായി ബന്ധപ്പെടുക.
സ്ഥലം:
കാർഡിയിനൽ ഹീനൻ സ്പോർട്സ് സെന്റർ,
ഹണീസ് ഗ്രീൻ ലെയിൻ, ലിവർപൂൾ L12 9HZ
സമയം : 3pm മുതൽ 9pm വരെ

ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഇത്തവണത്തെയും ബർമിഹാം മണ്ഡലകാല തീർത്ഥാടനം 29 ശനിയാഴ്ച നടന്നു. കഴിഞ്ഞ 13 വർഷങ്ങളായി നടന്നു വരുന്ന മണ്ഡലകാല തീർത്ഥാടനം ആദ്യം മുതൽ അവസാനം വരെ ഭംഗിയായിനടന്നു. വിത്തിങ്ടൺ രാധാകൃഷ്ണ ക്ഷേത്രത്തിൽ നിന്നും പരമ്പരാഗത വിശ്വാസ ആചാരങ്ങൾക്ക് അനുസരിച്ച് കെട്ടുനിറച്ചു കർപ്പൂരാരാധനയോടെ തുടങ്ങിയ യാത്രയിൽ പ്രത്യേകിച്ചു അമ്മമാരുടെയും കുട്ടികളുടെയും പങ്കാളിത്തം എടുത്തു പറയേണ്ട ഒന്നായിരുന്നു.

ബർമിങ്ങാം ശ്രീ ബാലാജി ക്ഷേത്രത്തിൽ ജിഎംഎംഎച്ച്സി അംഗങ്ങൾ നടത്തിയ ഭക്തി സാന്ദ്രമായ ഭജൻ കൊണ്ട് ബർമിഗം ക്ഷേത്ര അങ്കണം അക്ഷരാർത്ഥത്തിൽ ശബരിമല സന്നിധിയിത്തിൽ എത്തിയ പ്രതീതി ഉണർത്തി. അയ്യപ്പ വിഗ്രഹത്തിൽ ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ കലാശാഭിഷേകം , നവകാഭിഷേകം, നെയ്യഭിഷേകം, പടിപൂജ, എന്നിവ നടത്തി ഹരിവരാസനം പാടി ഈ വർഷത്തെ തീർത്ഥാടനം സമാപിച്ചു. തീർത്ഥാടനത്തിൽ പങ്കെടുത്തവർക്കും മനസ്സുകൊണ്ട് പങ്കെടുക്കണം എന്ന് ആഗ്രഹിച്ചവർക്കും, ലോകത്തിലെ മുഴുവൻ ചരാചരങ്ങൾക്കും സ്വാമി അയ്യപ്പൻ നിറഞ്ഞു അനുഗ്രഹം നൽകട്ടെ എന്ന് സ്വാമി നാമത്തിൽ പ്രാർത്ഥിക്കുന്നു എന്ന് ജിഎംഎംഎച്ച്സി പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.





ഫാ. ഹാപ്പി ജേക്കബ്ബ്
ക്രിസ്തുമസ് എക്കാലവും ഒരു ആവേശവും പ്രത്യാശയും തരുന്ന കാലമാണ്. മാനവ രക്ഷയ്ക്കായി ദൈവത്വം മുറുകെ പിടിച്ച് മാനുഷ വേഷം ധരിച്ച് പാപം ഒഴികെ സർവൃത്തിലും മനുഷ്യനായി നമ്മുടെ ഇടയിൽ ജാതം ചെയ്ത സുദിനം. രക്ഷയുടെ അനുഭവത്തിനായാണ് ജാതം ചെയ്തത് എന്ന് ബോധ്യപ്പെട്ടവർക്ക് പ്രത്യാശയുടെ സുഗന്ധം നൽകപ്പെട്ട ദിനം. നാം ആഗ്രഹിക്കുന്ന ശബ്ദ കോലാഹലങ്ങളോ, ആർഭാടമോ ഇല്ലാതെ ഒരു പിഞ്ചുകുഞ്ഞിൻ്റെ കരച്ചിലോടെ മൃദുവായി ലോകത്തിലേക്ക് വന്ന അത്ഭുത വാർത്തയാണ് വിശുദ്ധ വചനം നമ്മെ ഓർമിപ്പിക്കുന്ന ക്രിസ്തുമസ് . ചിലരെങ്കിലും ഡിസംബർ ഒന്ന് മുതൽ ഇരുപത്തി അഞ്ച് ദിനങ്ങൾ നോമ്പോടുകൂടിയാണ് രക്ഷകനെ വരവേൽക്കാൻ ഒരുങ്ങുന്നത്. അതിനാൽ ആരംഭത്തിന് മുൻപ് തന്നെ നമ്മോട് ചോദിക്കുക ; ക്രിസ്തുമസ്സിന്റെ ഏത് മുഖമാണ് നാം കാണാൻ പോകുന്നത്. ആത്മ ഒരുക്കത്തോടെ തിരു അവതാരത്തെ കാണുവാനാണോ അതോ ഇക്കാലത്തെ അർത്ഥത്തിൽ “അടിപൊളി ” ആയി ക്രിസ്തുമസ് ആഘോഷമാണോ ആഗ്രഹിക്കുന്നതെന്ന്.
പല രീതികളിൽ ക്രിസ്തുമസിന്റെ മുഖം മാറിയിരിക്കുന്നു. ഒരു കാലം വരേയും ദൈവ മാനുഷിക ഐക്യം ആയിരുന്നു . എന്നാൽ ഇന്ന് ഉപഭോഗ സംസ്കാരവും, ആർഭാടവും, ശബ്ദ കോലാഹലങ്ങളും, പ്രകടനങ്ങളുടെയും ഇടയിൽ അർത്ഥം ചോർന്ന് പോയിരിക്കുന്നു. ഇടയന്മാരേയും വിദ്വാന്മാരേയും നയിച്ച നക്ഷത്രം പോലും മറ്റ് പ്രകാശ സംവിധാനങ്ങളോട് മത്സരിച്ച് തോറ്റ് പോയിരിക്കുന്നു. ഇന്ദ്രിയങ്ങൾക്ക് ആകർഷണം ലഭിക്കുമെങ്കിലും ആത്മാവിനെ പ്രകാശിപ്പിക്കാൻ മതിയാവുന്നില്ല.
ക്രിസ്തുമസ്സിന്റെ വൈകാരികപരമായ ഒരു ഉത്സവമായോ, തണുപ്പുള്ള കാലാവസ്ഥയിൽ ഒരു പതിവ് കൂട്ടമായ സഞ്ചാരമോ ആയി കണക്കാക്കരുതേ. ശാന്തമായാണ് കടന്ന് വന്നതെങ്കിലും ധീരമായ ഒരു അവതാരത്തിന്റെ യാഥാർത്ഥ്യം അതിന്റെ പിന്നിലുണ്ട് . ശക്തിയല്ല നിർമ്മലതയാണ് ആവശ്യം എന്നും കയ്യടിയും കതിനയും അല്ല മൗനവും ശാന്തതയും, അതുപോലെ ശക്തി പ്രകടനമല്ല കുമ്പിട്ടുള്ള നമസ്കാരം ആണ് ദൈവം തന്ന വഴികളിലൂടെ നാം പോകുമ്പോൾ കാണേണ്ടത്. ഇത് മറന്നുപോയ വഴിയിലൂടെയുള്ള ഒരു തിരികെ വരവായും ഉൾക്കൊള്ളുക. ‘മാറുന്ന മുഖം ‘ എന്നത് ഒരു സാംസ്കാരിക പ്രശ്നം മാത്രമല്ല, ഒരു ആദ്ധ്യാത്മിക ചോദ്യം കൂടിയാണ് . നാം എന്താണ് ആഘോഷിക്കുന്നത്. സ്വർഗ്ഗവും ഭൂമിയും ഒന്നാക്കിയ പൈതലാം യേശുവിനെ കുറിച്ചാണോ? സമ്മർദ്ദങ്ങളും ഭയവും ഏകാന്തതയും ആകുലതയുടെയും നടുവിൽ ജീവിക്കുന്ന കാലത്ത് അണിയിച്ചൊരുക്കിയ സ്വന്തം പ്രതിബിംബങ്ങൾ പ്രദർശിപ്പിക്കുന്ന ചടങ്ങാണോ? എന്തെല്ലാം ഉണ്ടെങ്കിലും വിനയവും ത്യാഗ പ്രണയവും സമർപ്പണ ധ്യാനവും ഇല്ലാതെ ഈ ദിനങ്ങൾ നമുക്ക് വേണ്ടാ എന്ന് നാം തീരുമാനിക്കുക.
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവകൃപ ദൈവപ്രീതിയുള്ളവർക്ക് സമാധാനം ഇതായിരിക്കട്ടെ നമ്മുടെ മന്ത്രധ്വനി. ആ ചെറിയ കുടുംബത്തിലേക്ക് നമ്മുടെ ശ്രദ്ധ കടന്ന് ചെല്ലണം. ഇല്ലായ്മയും വല്ലായ്മയും അല്ല ദൈവ വീണ്ടെടുപ്പിന്റെ സമാനമായ പുഞ്ചിരിയും ദൈവദൂതന്മാരുടെ സ്തുതിപ്പും അമ്മയപ്പന്മാരുടെ സമാധാന മുഖങ്ങളും നമുക്ക് ഒന്ന് പകർത്താം. ലാളിത്യവും ദൈവാശയവും അല്ലേ ആ കുടുംബത്തിൻറെ അലങ്കാരം.
ക്രിസ്തുമസ് പൂർണ്ണം ആകുന്നത് നമ്മുടെ മുഖം, മനോഭാവം, ചിന്തകൾ, മുൻഗണനകൾ, ബന്ധങ്ങൾ മാറുമ്പോഴാണ്. ഓരോ ക്രിസ്തുമസ് നമുക്ക് ലഭിക്കുന്ന പരിഗണനയോ , സമ്മാനങ്ങളോ, സമ്പത്തിന്റെയോ അളവിലല്ല മറിച്ച് മറ്റുള്ളവർക്ക് നൽകുന്ന മുഖത്തിലാണ്. കരുണ, ക്ഷമ , ദാനം, ശാന്തത വിശ്വാസം ഇതെല്ലാം ഉണ്ണിയേശുവിനെ നമ്മളിലൂടെ പ്രതിഫലിപ്പിക്കുന്ന മുഖങ്ങളാകണം. ക്രിസ്തുമസിലേക്ക് പ്രവേശിക്കുന്ന ഈ ദിനങ്ങൾ ആ യഥാർത്ഥ ക്രിസ്തുമസ് മുഖം തിരിച്ച് ലഭിക്കുവാൻ നമുക്ക് ഇടയാകണം. ദൈനംദിനം നാം കാഴ്ചവയ്ക്കുന്ന മുഖങ്ങൾ അല്ല, ശിശുവിനെ കാണുവാൻ നാം ശ്രമിക്കുമ്പോൾ അവൻറെ സ്നേഹത്തിൻറെ പ്രതിഫലം ആയി നമ്മുടെ ജീവിതം മാറട്ടെ , ക്രിസ്തുമസ് മാറട്ടെ.
സ്നേഹത്തോടെ
ഫാദർ ഹാപ്പി അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907

ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ 13-ാമത് വാർഷിക അയ്യപ്പ പൂജ 2025 നവംബർ 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ രാത്രി 10:00 മണി വരെ, കെന്റ് അയ്യപ്പ ടെമ്പിളിൽ നടക്കുന്നതാണ്.
പരിപാടിയിൽ ഗണപതി പൂജ, ഭജന, വിളക്ക് പൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അർച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉൾപ്പെടുന്നു. വിളക്ക് പൂജയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒരു നിലവിളക്ക്, ഒരു തേങ്ങ, പൂജയ്ക്കാവശ്യമായ പൂജ പുഷ്പങ്ങളും, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) നടത്തുവാൻ ആഗ്രഹിക്കുന്നവർ ദയവായി ഒരു തേങ്ങയും കൊണ്ടുവരുക. കൊണ്ടുവരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ, താഴെപ്പറയുന്ന നമ്പറുകളിൽ ഏതെങ്കിലും ബന്ധപ്പെടുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു:
07838170203, 07906130390, 07973151975, 07753188671, 07985245890, 07860578572, 07735368567.
സ്ഥലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
