Sports

44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ സ്വർണമണിഞ്ഞു. ജപ്പാനിലെ ഐച്ചി-നഗോയയിൽ നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ചൈനയെ 1-0ന് തോൽപ്പിച്ചാണ് ഇന്ത്യൻ വനിതകൾ ചരിത്രനേട്ടം സ്വന്തമാക്കിയത്. 1982-ൽ ന്യൂഡൽഹിയിൽ നേടിയ സ്വർണത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വനിതാ ഹോക്കി സ്വർണമാണിത്.

മത്സരത്തിന്റെ നിർണായക നിമിഷം സമ്മാനിച്ചത് ലാൽറെംസിയാമിയായിരുന്നു. കടുത്ത പ്രതിരോധ പോരാട്ടത്തിനിടെ നേടിയ അവരുടെ ഏക ഗോളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന നിമിഷങ്ങളിൽ ചൈന ശക്തമായി തിരിച്ചടിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധവും ഗോൾകീപ്പർ സവിത പുനിയയുടെ മികവും ടീമിന്റെ ലീഡ് കാത്തുസൂക്ഷിച്ചു. ഇതോടെ സ്വർണത്തിനൊപ്പം അടുത്ത ഒളിമ്പിക്സിലേക്കുള്ള യോഗ്യതയും ഇന്ത്യ ഉറപ്പിച്ചു.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 2-0ന് തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. മറുവശത്ത് ചൈന ജപ്പാനെ മറികടന്നാണ് കലാശപ്പോരിലേക്ക് മുന്നേറിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലത്തിൽ ഒതുങ്ങിയിരുന്ന ഇന്ത്യൻ വനിതകൾ ഇത്തവണ സ്വർണനേട്ടത്തോടെ ഏഷ്യൻ ഹോക്കിയിലെ തങ്ങളുടെ ശക്തമായ തിരിച്ചുവരവ് പ്രഖ്യാപിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ് : ഹർട്‌ഫോർഡ്ഷെയർ കൗണ്ടിയിൽ കുട്ടികൾക്കും, മുതിർന്നവർക്കും ഷട്ടിൽ ബാഡ്മിന്റണിൽ പരിശീലനവും , മത്സരങ്ങളും, വേദികളും ഒരുക്കുന്നതിൽ പ്രശസ്തരായ ‘റോയൽസ് സ്റ്റീവനേജ്’ ബാഡ്മിന്റൺ ക്ലബ്ബ് , അഖില യു കെ തലത്തിൽ സീനിയേഴ്സിനായി ഓപ്പൺ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 24ന് സ്റ്റീവനേജിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ സ്കൂളിന്റെ ഇൻഡോർ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുക. യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സീനിയർ താരങ്ങൾക്ക് കളിക്കളത്തിൽ മാറ്റുരക്കുവാനും, തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനും അവസരമൊരുക്കുകയാണ് ടൂർണമെന്റിന്റെ ലക്ഷ്യം.

50 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വനിതാ-പുരുഷ താരങ്ങൾക്കായാണ് മത്സരം ഒരുക്കിയിരിക്കുന്നത്. സിംഗിൾസ് വിഭാഗത്തിൽ 50 പ്ലസ് പ്രായമുള്ള താരങ്ങൾക്ക് പങ്കെടുക്കാം. ഡബിൾസ് വിഭാഗത്തിൽ മത്സരിക്കുന്ന താരങ്ങളുടെ ആകെ പ്രായം കുറഞ്ഞത് 100 വയസ്സായി നിജപ്പെടുത്തിയിരിക്കുകയാണ്. ആകർഷകമായ പ്രൈസ് മണി സമ്മാനമായി നൽകുന്ന ടൂർണ്ണമെന്റിൽ ആദ്യം പേരുകൾ രെജിസ്റ്റർ ചെയ്യുന്ന കുറച്ചു കളിക്കാർക്കുകൂടി അവസരമുണ്ടെന്നു സംഘാടകർ അറിയിച്ചു. https://forms.gle/4FnAj8PLsBoCPGry8

ബാഡ്മിന്റൺ ഗോദയിലെ പ്രഗത്ഭരായ മുൻകാല പോരാളികൾ തങ്ങളുടെ താര ശോഭ തെല്ലും മങ്ങാതെ, അനുഭവജ്ഞാനവും തന്ത്രങ്ങളും ആവനാഴിയിൽ നിന്നും പുറത്തെടുത്ത് വീറോടെ പോർക്കളത്തിൽ മാറ്റുരക്കുമ്പോൾ, കാണികൾക്കിതു ആവേശത്തിന്റെ നേർക്കാഴ്ച്ചയാവും സമ്മാനിക്കുക.

ഏറെ ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനും, കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുവാനും എല്ലാ കായിക പ്രേമികളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
Lawrance – 07925 916223
Mathew – 07475 686408
Registration: https://forms.gle/4FnAj8PLsBoCPGry8

Venue: St John Henry Newman Catholic School, Hitchin Road, Stevenage, SG1 4AE

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ അർധ സെഞ്ചറിയുമായി മലയാളി താരം സഞ്ജു സാംസൺ. 22 പന്തിൽ 57 റൺസെടുത്ത സഞ്ജു വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി. ഏഴ് ഫോറും നാല് സിക്സും ഉൾപ്പെട്ട ഇന്നിങ്സിൽ 52 റൺസും ബൗണ്ടറികളിലൂടെയായിരുന്നു. 259.09 ആയിരുന്നു സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. ആദ്യ മത്സരത്തിൽ 10 റൺസെടുത്ത് പുറത്തായതിനു പിന്നാലെ സഞ്ജുവിനെ മാറ്റി വൈഭവ് സൂര്യവംശിയെ ഓപ്പണറാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

ആദ്യ രണ്ട് ഓവറുകളിൽ സിംഗിളുകളുമായി നിലയുറപ്പിച്ച സഞ്ജു പിന്നീട് ആക്രമണത്തിലേക്ക് മാറി. അസ്മത്തുല്ല ഒമർസായിയുടെ അഞ്ചാം ഓവറിൽ ഒരു സിക്സും മൂന്ന് ഫോറും നേടിയ താരം തൊട്ടടുത്ത ഓവറിൽ മുഹമ്മദ് നബിക്കെതിരെ രണ്ട് സിക്സും രണ്ട് ഫോറും നേടി. പവർപ്ലേയ്ക്ക് പിന്നാലെ അഭിഷേക് ശർമ പുറത്തായെങ്കിലും സഞ്ജു അടി തുടർന്നു. റാഷിദ് ഖാന്റെ ഏഴാം ഓവറിൽ ഫോറോടെ അർധ സെഞ്ചറി പൂർത്തിയാക്കിയ സഞ്ജു അടുത്ത പന്തിൽ സിക്സും നേടി. അവസാന പന്തിൽ സിക്സിന് ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് നബിയുടെ ക്യാച്ചിൽ സഞ്ജു പുറത്തായത്.

20 പന്തിലാണ് സഞ്ജു അർധ സെഞ്ചറി പൂർത്തിയാക്കിയത്. ട്വന്റി20യിലെ താരത്തിന്റെ ഏഴാം അർധ സെഞ്ചറിയാണിത്. പന്തുകളുടെ എണ്ണത്തിൽ സഞ്ജുവിന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും ഇതുതന്നെ. സമ്മർദഘട്ടത്തിൽ നടത്തിയ ഈ പ്രകടനം വരാനിരിക്കുന്ന ട്വന്റി20 മത്സരങ്ങളിലെ ടീമിലെ സ്ഥാനത്തിനായുള്ള സഞ്ജുവിന്റെ അവകാശവാദം ശക്തമാക്കുന്നതായി വിലയിരുത്താം. അതേസമയം, കൗമാരതാരം വൈഭവ് സൂര്യവംശിയുടെ മികച്ച പ്രകടനങ്ങളും ടീമിലെ ഓപ്പണിങ് സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളും തുടരുകയാണ്.

യു.കെ.യിലെ വടംവലി പ്രേമികളെ ആവേശത്തിലാഴ്ത്തി “ഓൾ യു.കെ. ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് 2026” ഓഗസ്റ്റ് 30 -ന് പോർട്സ്മൗത്തിൽ നടക്കും. കൈരളി യു.കെ. പോർട്സ്മൗത്ത് – സതാംപ്ടൺ യൂണിറ്റും ലീഡ് ടാക്സ് കൺസൾട്ടന്റ്സും സംയുക്തമായി ആണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത് . രാവിലെ 9 മുതൽ വൈകിട്ട് 6 വരെ “മൗണ്ട്ബാറ്റൻ ലെഷർ സെന്റർ, അലക്സ് വേ, ഹിൽസിയ, പോർട്സ്മൗത്ത്” വേദിയാകും.

യു.കെ.യുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മികച്ച വടംവലി ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. കരുത്തും കായികമികവും പരീക്ഷിക്കുന്ന ആവേശകരമായ പോരാട്ടങ്ങൾക്കാണ് വേദിയൊരുങ്ങുന്നത്. ആംപിള്‍ മോർട്ട്ഗേജസ്, ടൂർ ഡിസൈനേഴ്സ്, ഡെയ്‌ലി ഡിലൈറ്റ്, ഡി നോവോ സോളിസിറ്റേഴ്സ്, മെഗാ വോയ്സ് ആൻഡ് ഇവന്റ്സ്, ക്വിക്കി മാർട്ട്, വയനാട് സ്പൈസസ് വില്ലേജ്, എൽടിസി ഗ്ലോബൽ കൺസൾട്ടൻസി തുടങ്ങിയ സ്ഥാപനങ്ങളും പരിപാടിക്ക് പിന്തുണ നൽകുന്നു.

ഒരു കായികമത്സരത്തിനപ്പുറം യു.കെ. മലയാളികളുടെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷം കൂടിയാകും വടംവലി മാമാങ്കം. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രസാദ് ഒഴക്കൽ – 07883 293984, ജോവി ജോസഫ് – 07469 323632 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കുടുംബസമേതം പോർട്സ്മൗത്തിലെത്തി വമ്പൻ വടംവലി പോരാട്ടങ്ങൾക്ക് സാക്ഷിയാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ലിവർപൂൾ: യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ‘യുക്മ കേരള പൂരം വള്ളംകളി – 2026’ൽ ചാമ്പ്യൻപട്ടം നിലനിർത്താനായി ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) വനിതാ ടീം വീണ്ടും തുഴയെറിയാൻ ഒരുങ്ങുന്നു. കഴിഞ്ഞ തവണത്തെ പ്രതാപം വീണ്ടെടുക്കാനും വിജയകിരീടം കാത്തുസൂക്ഷിക്കാനുമുള്ള ഉറച്ച നിശ്ചയദാർഢ്യത്തോടെയാണ് ഇത്തവണയും പോരാട്ടവീര്യവുമായി ലിവർപൂൾ ടീം മത്സരരംഗത്തേക്ക് ഇറങ്ങുന്നത്. ​ക്യാപ്റ്റൻ ജൂലി ഫിലിപ്പിന്റെ ശക്തമായ നേതൃത്വത്തിലാണ് ടീം ഇത്തവണ മത്സരത്തിന് സജ്ജമാകുന്നത്.

​ലിമ വനിതാ ടീമംഗങ്ങൾ:

​ജൂലി ഫിലിപ്പ് (ക്യാപ്റ്റൻ), ബിന്ദു ഹരികുമാർ, റെനി ജോസ്, റോസിലി സെബാസ്റ്റ്യൻ, സിൻലെറ്റ് മാത്യു, ജിൻസിമോൾ ചാക്കോ, ലൂസി ജോർജ്, സ്റ്റെല്ല സ്റ്റാൻലി, ഷെർലി സ്റ്റാൻലി, ശ്രീബ നികുൽ, ആതിര ശ്രീജിത്ത്, സിബി മാത്യു, ചിഞ്ചു ചില്ലിറിക്കൽ ജോയ്, ഷൈജി ജോർജ്, ഫെമി ജോയ് തൊണ്ടിക്കൽ, ജിഷി ജോൺ, മുർഷിദ യഹിയ, ഫ്രെഡ പുന്നൻ, സിനി ബോബി.

​മത്സര വിവരങ്ങൾ ഒരു നോട്ടത്തിൽ:
​തീയതി: 2026 ഓഗസ്റ്റ് 15, ശനിയാഴ്ച
​സമയം: രാവിലെ 10:00 മണി മുതൽ രാത്രി 6:00 മണി വരെ
​വേദി: മാൻവേഴ്‌സ് വാട്ടർഫ്രണ്ട് ബോട്ട് ക്ലബ് (Manvers Lake, Manvers Way, Rotherham)
​സംഘാടകർ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA)

​യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) സംഘടിപ്പിക്കുന്ന ഈ വള്ളംകളി ഉത്സവം യുകെയിലെ മലയാളി കൂട്ടായ്മയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. പമ്പയുടെയും പുന്നമടയുടെയും ആവേശം അതേപടി യുകെയിലെ മാൻവേഴ്‌സ് തടാകത്തിലേക്ക് എത്തിക്കുന്ന പരമ്പരാഗത ശൈലിയിലുള്ള വള്ളംകളിയാണ് മത്സരത്തിന്റെ പ്രധാന ആകർഷണം.

​വള്ളംകളിക്കൊപ്പം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും മനോഹരമായ കലാപ്രകടനങ്ങളും പൂരപ്പറമ്പിന് കൂടുതൽ മാറ്റ് കൂട്ടും. യുകെയിലെ തെക്കേ ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ആഘോഷമാക്കുന്ന, മലയാളി സമൂഹത്തിന്റെ വലിയൊരു സംഗമത്തിനാണ് മാൻവേഴ്‌സ് തടാകം വീണ്ടും സാക്ഷ്യം വഹിക്കാൻ പോകുന്നത്. ​ലിവർപൂൾ മലയാളി അസോസിയേഷന്റെ കരുത്തുറ്റ വനിതാ ടീമിന് പിന്തുണയുമായി മുഴുവൻ ലിവർപൂൾ മലയാളികളും ഒന്നടങ്കം മാൻവേഴ്‌സിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അർജന്റീന 1-0ന് തോറ്റതിന് പിന്നാലെ ലയണൽ മെസിക്കെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ വെയ്ൻ റൂണി രംഗത്തെത്തി. മത്സരത്തിനിടെ സ്പെയിൻ പ്രതിരോധ താരം മാർക് കുകുറേയയെ റഫറി പുറത്താക്കണമെന്ന് മെസി ശക്തമായി ആവശ്യപ്പെട്ട സംഭവമാണ് വിവാദമായത്. അധികസമയത്തിലേക്ക് നീണ്ട പോരാട്ടത്തിനിടെയാണ് സംഭവം നടന്നത്. അർജന്റീന താരങ്ങൾക്ക് മേൽ സമ്മർദം വർധിച്ച സാഹചര്യത്തിൽ മെസി നടത്തിയ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും ഫുട്ബോൾ ലോകത്തും വലിയ ചർച്ചയായി മാറി.

മത്സരത്തിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ടീം പത്ത് പേരായി ചുരുങ്ങിയിരുന്നു. ഇതിനുശേഷം കുകുറേയ വായ മൂടിപ്പിടിച്ച് സംസാരിച്ചതാണ് മെസി റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പുതിയ ഫിഫ മാർഗനിർദേശങ്ങൾ പ്രകാരം ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും റഫറി സ്ലാവ്‌കോ വിൻചിച്ച് യാതൊരു നടപടിയും സ്വീകരിച്ചില്ല. കുകുറേയയുടെ ഭാഗത്ത് നിന്ന് വ്യക്തമായ നിയമലംഘനം ഉണ്ടായിട്ടില്ലെന്നാണ് റഫറിയുടെ വിലയിരുത്തൽ. ഇതോടെ മെസിയുടെ പ്രതിഷേധം ഫലം കാണാതെ പോവുകയും മത്സരം തുടരുകയും ചെയ്തു.

സംഭവത്തെ തുടർന്ന് മെസിയെ വിമർശിച്ച വെയ്ൻ റൂണി, “അത് ഒരു ലോകോത്തര താരത്തിന് യോജിച്ച പെരുമാറ്റമായിരുന്നില്ല” എന്നാണ് അഭിപ്രായപ്പെട്ടത്. ചില ഇംഗ്ലീഷ് മാധ്യമങ്ങളും മുൻ താരങ്ങളും മെസിയുടെ നടപടി നിരാശയുടെ പ്രകടനമാണെന്ന് വിലയിരുത്തി. അതേസമയം, അധികസമയത്തിന്റെ രണ്ടാം പകുതിയിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിനിന് ലോകകപ്പ് കിരീടം സമ്മാനിച്ചത്. ഇതോടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്പെയിൻ ആഘോഷത്തിലായപ്പോൾ, മെസിയുടെയും അർജന്റീനയുടെയും കിരീട സ്വപ്നം ഫൈനലിൽ അവസാനിക്കുകയായിരുന്നു.

ലോകകപ്പ് കിരീടം നിലനിർത്താമെന്ന പ്രതീക്ഷയുമായി ഫൈനലിൽ ഇറങ്ങിയ അർജന്റീനയ്ക്ക് സ്പെയിനിനോട് അധികസമയത്ത് 1-0ന് തോറ്റ് നിരാശയോടെ മടങ്ങേണ്ടിവന്നു. നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസിന്റെ ഗോളാണ് സ്പെയിനിന് കിരീടം സമ്മാനിച്ചത്. ഇതോടെ 2022ലെ നേട്ടം ആവർത്തിക്കാനെന്ന അർജന്റീനയുടെ സ്വപ്നവും അവസാനിച്ചു.

ടൂർണമെന്റിലുടനീളം ടീമിനെ മുന്നോട്ട് നയിച്ച ലയണൽ മെസിയെ സ്പാനിഷ് പ്രതിരോധം ഫൈനലിൽ ഫലപ്രദമായി തടഞ്ഞു. മത്സരത്തിൽ അർജന്റീനയ്ക്ക് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനായില്ല. അധികസമയത്ത് എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതും ടീമിന് തിരിച്ചടിയായി. സ്പെയിൻ തുടർച്ചയായി സമ്മർദം ചെലുത്തിയപ്പോൾ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് നിരവധി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഒടുവിൽ ടോറസിന്റെ ഗോളിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു.

അവസാന വിസിൽ മുഴങ്ങിയതോടെ മെസിയും സഹതാരങ്ങളും നിരാശയിൽ മുങ്ങി. റണ്ണറപ്പ് മെഡൽ ഏറ്റുവാങ്ങിയ ശേഷം കണ്ണീരോടെ നിൽക്കുന്ന മെസിയുടെ ദൃശ്യങ്ങൾ ആരാധകരെ വേദനിപ്പിച്ചു. തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന സൂചന മുമ്പ് നൽകിയിരുന്ന 39-കാരനായ മെസിക്ക് കിരീടത്തോടെ വിടപറയാനുള്ള അവസരമാണ് നഷ്ടമായത്. ബ്യൂണസ് ഐറസിലടക്കം അർജന്റീനയിലുടനീളം ആരാധകർ ദുഃഖത്തോടെ ഫൈനൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ, സ്പെയിൻ പുതിയ ലോകചാമ്പ്യൻമാരായി ആഘോഷത്തിലായി.

മനോജ് ജോസഫ്

ലിവർപൂൾ: യുകെയിലെ മലയാളി കായികപ്രേമികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ‘ഒരുമ ബ്ലാക്ക്ബേൺ പുൾ ലീഗ് സീസൺ 2’ വടംവലി മത്സരത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) വനിതാ ടീമിന് ചരിത്ര വിജയം. ജൂലൈ 11-ന് ബ്ലാക്ക്ബേണിൽ വച്ചു നടന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കി ലിമയുടെ പെൺപട കിരീടം ചൂടിയത്.

യുകെയിലെ പ്രമുഖ ടീമുകളായ ക്വീൻസ് ഓൾഡ്ഹാം (Queens Oldham), സ്റ്റോക്ക് എലൈറ്റ് (Stock Elite), യു.എം.എ ബ്ലാക്ക്ബേൺ (UMA Blackburn) എന്നിവർക്കെതിരെ ഒരൊറ്റ കളിപോലും തോൽക്കാതെ, തുടർച്ചയായ വിജയങ്ങൾ അനായാസം കരസ്ഥമാക്കിയാണ് ലിമ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഫൈനൽ പോരാട്ടത്തിൽ, ടൂർണമെന്റിന്റെ ആതിഥേയരും കരുത്തരുമായ ഒരുമ ബ്ലാക്ക്ബേണിനെ അടിയറവ് പറയിച്ചാണ് ലിമയുടെ പെൺപുലികൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

കോച്ച് ഹരികുമാർ ഗോപാലന്റെ കീഴിൽ കൃത്യമായ തന്ത്രങ്ങളും തികഞ്ഞ പ്രൊഫഷണൽ ശൈലിയും പരിശീലിച്ചാണ് ടീം കളത്തിലിറങ്ങിയത്. യുകെയിലെ കഠിനമായ ജോലിത്തിരക്കുകൾക്കും വീട്ടുചുമതലകൾക്കും ഇടയിലാണ് ഈ പെൺകുട്ടികൾ പരിശീലനത്തിനായി സമയം കണ്ടെത്തിയത്. യുകെയിലെ പ്രതികൂലമായ കാലാവസ്ഥയെപ്പോലും വകവെക്കാതെ ഗ്രൗണ്ടിൽ അവർ ഒഴുക്കിയ വിയർപ്പിനും കഠിനാധ്വാനത്തിനും ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണ് ഈ ചാമ്പ്യൻ പട്ടം.

യുകെയുടെ മണ്ണിൽ ലിവർപൂൾ മലയാളി അസോസിയേഷൻ്റെ അഭിമാനമായി കപ്പുയർത്തിയ ലിമയുടെ വനിതാ ടീമിനെ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി മലയാളി സമൂഹവും സംഘടനകളും ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. വരും വർഷങ്ങളിലും ഈ പെൺകരുത്ത് വലിയ വിജയങ്ങൾ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലിവർപൂളിലെ കായികപ്രേമികൾ.

സുമേഷൻ പിള്ള

കാർഡിഫ്: കാർഡിഫ് മലയാളി അസോസിയേഷൻ (CMA) സംഘടിപ്പിച്ച യു.കെ. മലയാളി ക്രിക്കറ്റ് ടൂർണമെന്റ് 2026 ജൂലൈ 5-ന് കാർഡിഫിലെ പോണ്ട്കാന്നയിൽ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് മികച്ച കായിക മികവും സൗഹൃദ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.

ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആതിഥേയരായ കാർഡിഫ് മലയാളി അസോസിയേഷൻ (CMA) ടൂർണമെന്റ് ചാമ്പ്യൻമാരായി. ക്യാപ്റ്റൻ ആൽബിൻ സേവ്യർ അസോസിയേഷൻ പ്രസിഡന്റ് ബിജു പോളിൽ നിന്നും വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. കാർഡിഫ് ടസ്ക്കേഴ്സ് റണ്ണേഴ്‌സ്-അപ്പ് സ്ഥാനത്തെത്തി.

വ്യക്തിഗത പുരസ്കാരങ്ങളിൽ, സി.എം.എയുടെ ദീപു സത്യൻ ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും, കാർഡിഫ് ടസ്ക്കേഴ്സിന്റെ അബിൻ എബ്രഹാം മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. ഫൈനൽ മത്സരത്തിലെ മികച്ച താരമായി ഹർഷ റെഡ്ഡി (CMA) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ടൂർണമെന്റിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഹർഷ റെഡ്ഡി തന്നെ മാൻ ഓഫ് ദ സീരീസ് പുരസ്കാരവും സ്വന്തമാക്കി. കാർഡിഫ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈ ക്രിക്കറ്റ് ടൂർണമെന്റ് കോർഡിനേറ്റ് ചെയ്തത് അസോസിയേഷന്റെ സ്പോർട്സ് സെക്രട്ടറി ബിനു കുര്യാക്കോസിന്റെ നേതൃത്വത്തിലാണ്.

ടൂർണമെന്റിന്റെ സമാപന സമ്മേളനത്തിൽ കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബിജു പോൾ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ശ്രീ ഫിലിപ്പ് വിജയികൾക്കും വ്യക്തിഗത പുരസ്കാര ജേതാക്കൾക്കും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. ട്രഷറർ ബിനോ ആന്റണി, യുക്മ ദേശീയ കമ്മിറ്റി അംഗം ബെന്നി അഗസ്റ്റിൻ, മറ്റ് കമ്മിറ്റി അംഗങ്ങളായ ജോസ് കൊച്ചാപ്പള്ളി, ബോബി കുര്യൻ, സജിതാ ജോബി, സംജോ, സുമേഷ് എന്നിവർ സമാപനസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ ടീമുകൾക്കും, സ്പോൺസർമാർക്കും, സന്നദ്ധ പ്രവർത്തകർക്കും, പ്രേക്ഷകർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. ടൂർണമെന്റ് ഇൻ-ചാർജും സ്പോർട്സ് സെക്രട്ടറിയുമായ ശ്രീ ബിനു കുര്യാക്കോസ് നന്ദി പ്രകാശനം നടത്തി.

“Come, Play, Support & Celebrate Unity” എന്ന സന്ദേശം അർത്ഥവത്താക്കി മലയാളി സമൂഹത്തിന്റെ ഐക്യവും കായിക സൗഹൃദവും വിളിച്ചോതുന്ന ഒരു വേദിയായി ഈ ടൂർണമെന്റ് മാറിയതായി സംഘാടകർ അറിയിച്ചു.

അറ്റ്‌ലാന്റ: പ്രീ ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ കണ്ണീരോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ലോകകപ്പ് വേദികളില്‍ നിന്നും കരിയറില്‍ നിന്നും വിടപറഞ്ഞപ്പോള്‍, അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് മറ്റൊരു ഇതിഹാസവും കണ്ണീരണിഞ്ഞു. എന്നാല്‍ അത് തോല്‍വിയുടെ ആയിരുന്നില്ല, മറിച്ച് അസാധ്യമായതിനെ സാധ്യമാക്കിയ ജയത്തിന്റെ ആനന്ദക്കണ്ണീരായിരുന്നു! പെനാല്‍റ്റി നഷ്ടപ്പെടുത്തിയിട്ടും പോരാട്ടവീര്യം കൈവിടാതെ, ഈജിപ്തിനെതിരെ അര്‍ജന്റീനയെ 3-2 ന്റെ അത്ഭുത വിജയത്തിലേക്ക് നയിച്ച ലയണല്‍ മെസിയുടെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം കണ്ടത് ജയത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യമാണ്. മുന്‍ഗാമികളായ രണ്ട് യുഗപുരുഷന്മാര്‍ മടങ്ങിയപ്പോള്‍, ആ മൂവര്‍ സംഘത്തില്‍ ലയണല്‍ മെസി മാത്രം ഇനി 2026 ലോകകപ്പിന്റെ വരും പോരാട്ടങ്ങളില്‍ വിസ്മയമായി തുടരും.

പെനാല്‍റ്റി പിഴവ് മറന്ന് മെസി; ടൂര്‍ണമെന്റില്‍ എട്ടാം ഗോള്‍. മത്സരത്തിന്റെ തുടക്കത്തില്‍ മെസിക്ക് ലഭിച്ച പെനാല്‍റ്റി കിക്ക് ലക്ഷ്യം കാണാതെ പോയത് അര്‍ജന്റീനയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഈ പിഴവിന്റെ ആനുകൂല്യത്തില്‍ 67-ാം മിനിറ്റില്‍ സികോയിലൂടെ ഈജിപ്ത് രണ്ടാം ഗോളും നേടി 2-0 ന് മുന്നിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാര്‍ പുറത്തേക്കെന്ന് ഉറപ്പിച്ചതാണ്.

എന്നാല്‍ ഏത് വന്‍ പ്രതിരോധ കോട്ടയെയും തകര്‍ക്കാന്‍ തനിക്ക് കഴിയുമെന്ന് മെസി ഒരിക്കല്‍ക്കൂടി തെളിയിച്ചു. 71-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയ്ക്ക് ഗോള്‍ നേടാന്‍ വഴിയൊരുക്കിയ മെസി, 75-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ അര്‍ജന്റീനയെ സമനിലയിലെത്തിച്ചു (22). ഈ നിര്‍ണ്ണായക ഗോളോടെ ടൂര്‍ണമെന്റില്‍ തന്റെ ഗോള്‍വേട്ട എട്ടായി ഉയര്‍ത്താനും മെസിക്ക് കഴിഞ്ഞു. ഇന്‍ജുറി ടൈമിന്റെ 95-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ വിജയഗോളോടെയാണ് (32) അര്‍ജന്റീന നാടകീയമായി ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്.

‘ഹാപ്പി ടിയേഴ്‌സ്’; കളി വിലയിരുത്തി റോയ് കീന്‍ മത്സരത്തിന് പിന്നാലെ മെസിയുടെ പ്രകടനത്തെയും വൈകാരിക നിമിഷങ്ങളെയും മുന്‍ ഐറിഷ് താരം റോയ് കീന്‍ പ്രശംസിച്ചു.

‘കഴിഞ്ഞ ദിവസം നമ്മള്‍ റൊണാള്‍ഡോയുടെ സങ്കടക്കണ്ണീര്‍ കണ്ടു. എന്നാല്‍ ഇന്ന് മെസിയുടെ ആനന്ദക്കണ്ണീരിനാണ് സാക്ഷ്യം വഹിച്ചത്. അവര്‍ ഒരിക്കലും വിട്ടുകൊടുക്കില്ല. ഗോളുകളുടെ നിലവാരം അതിശയിപ്പിക്കുന്നതായിരുന്നു. നമ്മള്‍ ഈ കളിയെ പ്രണയിക്കുന്നത് ഇതുകൊണ്ടാണ്.’ റോയ് കീന്‍ (മുന്‍ ഐറിഷ് ക്യാപ്റ്റന്‍)

മത്സരശേഷം ആരാധകര്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ലയണല്‍ മെസി പൂര്‍ണ്ണമായും വികാരാധീനനായി കണ്ണ് നനയുന്നുണ്ടായിരുന്നു. തനിക്കും റൊണാള്‍ഡോയുടെ അതേ വിധി വരുമെന്ന് കരുതിയ ഇടത്തുനിന്നാണ് മെസി തന്റെ മാന്ത്രികത കൊണ്ട് ടീമിനെ രക്ഷപ്പെടുത്തിയത്. ലോകകപ്പിലെ കഴിഞ്ഞ 9 മത്സരങ്ങളിലും തുടര്‍ച്ചയായി ഗോള്‍ പങ്കാളിത്തം (13 ഗോളുകള്‍, 3 അസിസ്റ്റുകള്‍) വഹിച്ച മെസി തന്നെയാണ് കളിയിലെ താരം.

ദൈവത്തിന്റെ കയ്യൊപ്പില്‍ അര്‍ജന്റീന കിരീടം നിലനിര്‍ത്തുമോ? പ്രതിരോധത്തില്‍ അതീവ കരുത്തരായ ഈജിപ്തിനെ തകര്‍ത്തെറിഞ്ഞ മെസിപ്പടയ്ക്ക് ഇനി മുന്നോട്ട് കുതിക്കാം. എങ്കിലും ഇനിയുള്ള പാത അത്ര എളുപ്പമല്ല. കിരീടത്തിലേക്ക് ഇനി വെറും മൂന്ന് മത്സരങ്ങളുടെ ദൂരം മാത്രമാണുള്ളത്.

വരാനിരിക്കുന്ന പോരാട്ടങ്ങള്‍ കടുപ്പമേറിയതാണെങ്കിലും, മെസി എന്ന അത്ഭുതം നയിക്കുന്ന അര്‍ജന്റീന ഈ മൂന്ന് കളികളും ജയിച്ച് ദൈവത്തിന്റെ കൈയ്യൊപ്പില്‍ വീണ്ടും ലോകകിരീടം ചൂടുമോ എന്നാണ് ഇപ്പോള്‍ കായികലോകം ഉറ്റുനോക്കുന്നത്. ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡ് അല്ലെങ്കില്‍ കൊളംബിയ എന്നിവരില്‍ ആരായിരിക്കും അര്‍ജന്റീനയുടെ എതിരാളികളെന്ന് അടുത്ത മത്സരത്തോടെ വ്യക്തമാകും.

Copyright © . All rights reserved
➤