Sports

ഐപിഎല്‍ (IPL 2021) കിരീടപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Super Kings) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഫാഫ് ഡൂപ്ലെസിയുടെ(Faf du Plessis) തകര്‍പ്പന്‍ അര്‍ധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 59 പന്തില്‍ 86 റണ്‍സെടുത്ത ഡൂപ്ലെസിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ(Robin Uthappa)(15 പന്തില്‍ 31) റുതുരാജ് ഗെയ്ക്‌വാദ്(Ruturaj Gaikwad ) (27 പന്തില്‍ 32), മൊയീന്‍ അലി(Moeen Ali) (20 പന്തില്‍ 37) എന്നിവരും ചെന്നൈ സ്കോറിലേക്ക് മികച്ച സംഭാവന നല്‍കി.

പതിവുപോലെ ഷാക്കിബ് അല്‍ ഹസനാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നാലാം പന്ത് ബൗണ്ടറി കടത്തി റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈയുടെ ആദ്യ ബൗണ്ടറി നേടി. ഷാക്കിബ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഫാഫ് ഡൂപ്ലെസിയെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം ദിനേശ് കാര്‍ത്തിക് നഷ്ടമാക്കിയതിനെ കൊല്‍ക്കത്ത വലിയ വിലകൊടുക്കേണ്ടിവന്നു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സടിച്ച ഡൂപ്ലെസിയും ഗെയ്‌ക്‌വാദും ചേര്‍ന്ന് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു.

പവര്‍പ്ലേക്ക് പിന്നാലെ നിലുയറപ്പിച്ച ഗെയ്ക്‌വാദിനെ(32) മടക്കി സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തക്ക് ആദ്യം ബ്രേക്ക് ത്രൂ സമ്മാനിച്ചെങ്കിലും ആശ്വാസം അധികം നീണ്ടില്ല. വണ്‍ ഡൗണായെത്തിയ റോബിന്‍ ഉത്തപ്പ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നപ്പോള്‍ ചെന്നൈ സ്കോര്‍ വീണ്ടും കുതിച്ചു. 30 പന്തില്‍ 35 റണ്‍സെടുത്തിരുന്ന ഡൂപ്ലെസി അടുത്ത അഞ്ച് പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.

ഇതിന് പിന്നാലെ പതിനൊന്നാം ഓവറില്‍ ചെന്നൈ സ്കോര്‍ 100 പിന്നിട്ടു. കൊല്‍ക്കത്തയുടെ തുരുപ്പുചീട്ടുകളായ സുനില്‍ നരെയ്നെയും വരുണ്‍ ചക്രവര്‍ത്തിയെയും സിക്സിന് പറത്തിയ ഉത്തപ്പ ഒടുവില്‍ നരെയ്ന് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പതിനാലാം ഓവറില്‍ ഉത്തപ്പയെ നഷ്ടമാവുമ്പോള്‍ ചെന്നൈ സ്കോര്‍ 124 റണ്‍സിലെത്തിയിരുന്നു.

അവസാന ഓവറുകളില്‍ ഡൂപ്ലെസിക്കൊപ്പം മൊയീന്‍ അലിയും തകര്‍ത്തടിച്ചതോടെ ചെന്നൈ സ്കോര്‍ കുതിച്ചു. പതിനഞ്ചാം ഓവറില്‍ 131 റണ്‍സിലെത്തിയ ചെന്നൈ അവസാന അഞ്ചോവറില്‍ 61 റണ്‍സ് കൂടി അടിച്ചുകൂട്ടി 192 റണ്‍സിലേക്ക് കുതിച്ചു. ലോക്കി പെര്‍ഗൂസന്‍ എറി‍ഞ്ഞ പതിനെട്ടാം ഓവറില്‍ 19 റണ്‍സും വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പത്തൊമ്പതാം ഓവരില്‍ 13 റണ്‍സുമെടുത്ത ചെന്നൈക്ക് ശിവം മാവിയുടെ അവസാന ഓവറില്‍ ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കും ഷാക്കിബിനും വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 56 റണ്‍സ് വഴങ്ങിയ ലോക്കി ഫെര്‍ഗൂസനും നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത ചക്രവര്‍ത്തിയും മൂന്നോവറില്‍ 33 റണ്‍സ് വഴങ്ങിയ ഷാക്കിബും തീര്‍ത്തും നിറം മങ്ങിയത് കൊല്‍ക്കത്തക്ക് തിരിച്ചടിയായി.

നേരത്തെ കിരീടപ്പോരില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിക്കെതിരെ ആദ്യ ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്തയും ചെന്നൈയും ഫൈനലിനിറങ്ങിയത്.

ലണ്ടൻ സ്പോർട്സ് ലീഗ് വോളിബാൾ ടൂർണമെന്റിൽ കേംബ്രിഡ്ജിന്റെ പടക്കുതിര നയിച്ച സ്‌പൈക്കേഴ്‌സ് കേംബ്രിഡ്ജ് രണ്ടാം തവണയും കിരീടം ചൂടി . ആവേശം നിറഞ്ഞ ഫൈനലിൽ ബ്രോംലി ലണ്ടനെ നിലംതൊടാൻ അനുവദിക്കാതെ കേംബ്രിഡ്ജിന്റെ ചുണക്കുട്ടികൾ കപ്പിൽ മുത്തമിട്ടു. സ്കോർ . ബ്രോംലി ലണ്ടൻ രണ്ടാം സ്ഥാനവും ഷെഫീൽഡ് മൂന്നാം സ്ഥാനവും നേടി . ലിവർപൂൾ ലയൻസിനു നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു .

2022ൽ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യയും പുരുഷ, വനിതാ ഹോക്കി ടീമുകൾ പിന്മാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.

യുകെ സർക്കാരിന്റെ 10 ദിന നിർബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങൾ കാരണമാണ് ഇന്ത്യൻ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് യുകെ അംഗീകാരം നൽകാത്തത് നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന് യുകെ അറിയിച്ചത്. 2022 ജൂലായിൽ ബർമിങ്ങാമിൽ വെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.

അതേസമയം വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യൻ ടീമിന്റെ പിന്മാറ്റമെന്നും സൂചനയുണ്ട്. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് 2024ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.

അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ ബ്രസീലിയന്‍ ഇതിഹാസം പെലെയ്ക്ക് അരികിലെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി. സാഫ് കപ്പില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ വലകുലുക്കിയതോടെയാണ് പെലെയുമായുള്ള ഗോള്‍അകലം ഛേത്രി കുറച്ചത്.

ബംഗ്ലാദേശിനെതിരെ 27-ാം മിനിറ്റിലാണ് ഛേത്രി ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. ഇതോടെ 121 മത്സരങ്ങളില്‍ നിന്ന് ഛേത്രിക്ക് 76 ഗോളായി. 92 മത്സരങ്ങളില്‍ 77 ഗോളുകളുമായി പെലെ ഛേത്രിക്ക് മുന്നിലുണ്ട്.

ഛേത്രി മിന്നിയെങ്കിലും ഇന്ത്യയെ 1-1ന് സമനിലയ്ക്ക് പിടിച്ച് സാഫ് കപ്പിന് ബംഗ്ലാദേശ് മികച്ച തുടക്കമിട്ടു. പത്തു പേരായി ചുരുങ്ങിയിട്ടും പിടിച്ചുനിന്ന ബംഗ്ലാദേശിനുവേണ്ടി 74-ാം മിനിറ്റില്‍ ഡൈവിംഗ് ഹെഡറിലൂടെ യാസിര്‍ അരാഫത്താണ് സ്‌കോര്‍ ചെയ്തത്. വ്യാഴാഴ്ച ശ്രീലങ്കയുമായി ഇന്ത്യയുടെ അടുത്ത മത്സരം.

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് കണ്ടെത്തി.കിളിമാനൂര്‍ സ്വദേശിയായ സന്തോഷാണ് ഭൂരിഭാഗം സാധനങ്ങളും മോണ്‍സന് നല്‍കിയത്. ഇതില്‍ പലതിനും 50 വര്‍ഷത്തില്‍ താഴേയേ പഴക്കമുള്ളു. ചില സാധനങ്ങള്‍ക്ക് 100 വര്‍ഷത്തോളം പഴക്കമുണ്ട്.

അതേസമയം, ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങിയവയ്ക്ക് വളരെ ചുരുങ്ങിയ വര്‍ഷത്തെ പഴക്കം മാത്രമേയുള്ളുവെന്ന് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.മോശയുടെ അംശവടി എന്ന പേരില്‍ മോണ്‍സന്‍ പ്രചരിപ്പിച്ചിരുന്നത് ഒരു ഊന്നുവടിയാണ്. ഇത് 2000 രൂപയ്ക്കാണ് മോണ്‍സന് നല്‍കിയതെന്ന് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ടിപ്പുവിന്റേതെന്ന് അവകാശപ്പെട്ട് മോണ്‍സന്‍ കബളിപ്പിച്ച സിംഹാസനത്തിന് പഴക്കം വെറും അഞ്ച് വര്‍ഷം മാത്രമാണ്.

ഫര്‍ണിച്ചര്‍ കടയിലെ ശില്‍പിയെ കൊണ്ടാണ് സിംഹാസനം പണിയിപ്പിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട താളിയോലകളില്‍ ഏറിയപങ്കും വ്യാജമാണ്. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയും വ്യാജമാണെന്ന് കണ്ടെത്തി.

മോണ്‍സണിന്റെ ശേഖരത്തിലുള്ള വിവിധ ശില്‍പങ്ങള്‍ നല്‍കിയത് തിരുവനന്തപുരം സ്വദേശിയായ സുരേഷാണ്. ഇയാളെ കഴിഞ്ഞ ദിവസം മോണ്‍സണിന്റെ കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 80 ലക്ഷം രൂപയുടെ ശില്‍പങ്ങള്‍ സുരേഷില്‍നിന്ന് വാങ്ങിയതായി മോണ്‍സണ്‍ ചോദ്യംചെയ്യലില്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു.

എന്നാല്‍ ഏഴ് ലക്ഷം രൂപ മാത്രമേ സുരേഷിന് നല്‍കിയിട്ടുള്ളു. ബാക്കിതുക നല്‍കാനുണ്ടെന്നും മോണ്‍സണ്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായാണ് വിവരം.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പുരാവസ്തു വകുപ്പും മോണ്‍സണിന്റെ ശേഖരത്തിലുള്ള വസ്തുക്കള്‍ വിശദമായി പരിശോധിക്കുകയാണ്. വസ്തുക്കളുടെ കൃത്യമായ കാലപ്പഴക്കം അടക്കം കണ്ടെത്താന്‍ ചിത്രങ്ങള്‍ പകര്‍ത്തി വിശദമായ പരിശോധനയും നടത്തും.

കോപ അമേരിക്ക ജേതാക്കളായ അർജന്‍റീനയും യൂറോ കപ്പ്​ ജേതാക്കളായ ഇറ്റലിയും തമ്മിലുള്ള സൂപ്പർ പോരാട്ടത്തിന്​ അരങ്ങൊരുങ്ങുന്നു. അടു​ത്ത വർഷം ജൂണിലാകും വൻകരയുടെ ജേതാക്കൾ തമ്മിലുള്ള മത്സരം. കഴിഞ്ഞ ദിവസം യുവേഫയും കോൺമബോളും നടത്തിയ ചർച്ചക്കൊടുവിലാണ്​ തീരുമാനം. മത്സരവേദി ഇതുവരെ തീരുമാനിച്ചിട്ടില്ല.

അന്തരിച്ച ഇതിഹാസ താരം ഡീഗോ മറഡോണയോടുള്ള ആദര സൂചകമായി ഇറ്റാലിയൻ നഗരമായ നേപ്പിൾസിലാകും മത്സരം നടത്തുകയെന്ന്​ റി​പ്പോർട്ടുകളുണ്ട്​. മറഡോണ ഏഴുവർഷം കളിച്ച പ്രിയ ക്ലബായ നാപ്പോളിയുടെ മൈതാനത്താകും മത്സരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്​ഥിരീകരണമായിട്ടില്ല.

മറക്കാന സ്​റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ബ്രസീലിനെ 1-0ത്തിന്​ പരാജയപ്പെടുത്തിയായിരുന്നു അർജന്‍റീന കോപ്പ അമേരിക്ക ജേതാക്കളായത്​. 28 വർഷങ്ങൾക്ക് ശേഷം അർജൻറീന നേടുന്ന ആദ്യ പ്രധാന അന്താരാഷ്​ട്ര കിരീടം കൂടിയായിരുന്നു ഇത്. വെംബ്ലിയിൽ വെച്ചു നടന്ന യൂറോ കപ്പ്​ കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയായിരുന്നു ഇറ്റലിയുടെ കിരീടധാരണം.

യുകെയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും, ഫുട്ബോൾ എന്ന കായിക ഇനം ഇവിടുത്തെ മലയാളികൾക്കിടയിൽ കൂടുതൽ ജനകീയമാക്കുന്നതിനും വേണ്ടി ഡോർചെസ്റ്റർ മലയാളി കമ്യൂണിറ്റിയുടെ ഫുട്ബാൾ ക്ലബ്ബായ ഡിഎംസി യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഒക്ടോബർ 30 നു യുകെയിലെ മലയാളി ക്ലബ്ബുകൾക്കു വേണ്ടി ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. ഡോർചെസ്റ്ററിലെ 1610 സ്പോർട്സ് സെൻ്ററിലെ 3G ടർഫ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കോവിഡ് കാലത്തെ വിരസത മാറ്റാനായി ഫുട്ബോൾ കളിച്ചു തുടങ്ങിയ ഡോർചെസ്റ്ററിലെ ഫുട്ബോൾ പ്രേമികൾ ഇതിനോടകം തന്നെ സമീപ സ്ഥലങ്ങളിലെ മലയാളി ഫുട്ബാൾ ക്ലബ്ബുകളുമായി മാറ്റുരച്ചു കഴിഞ്ഞു .

വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും ട്രോഫിയും ഡിഎംസി യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നുണ്ട്

ടീമുകള്‍ രജിസ്ട്രേഷൻ വേണ്ടി ബന്ധപ്പെടുക
വിജു: 07787997281

 

രണ്ട് വര്‍ഷത്തിലേറെയായി വിരാട് കോഹ്‌ലി നേരിടുന്ന ഫോം ഔട്ടിന് കാരണമെന്താണെന്ന ചര്‍ച്ച സജീവമാണ്. കപില്‍ ദേവിനും വിവിയന്‍ റിച്ചാര്‍ഡ്സിനും വീരേന്ദര്‍ സെവാഗിനും രാഹുല്‍ ദ്രാവിഡിനും സംഭവിച്ചത് തന്നെയാണ് കോഹ്‌ലിക്കും ഇപ്പോള്‍ സംഭവിക്കുന്നതെന്ന് പറഞ്ഞാല്‍ തെറ്റ് പറയാനാവില്ല. കോഹ്‌ലി ഫോം ഔട്ടായി തുടങ്ങിയ വേളയില്‍ കപില്‍ ദേവ് തന്നെ ഇത് ചൂണ്ടിക്കാണിച്ചതാണ്.

കോഹ്‌ലിയുടെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്‌നമാകാം മോശം പ്രകടനത്തിന് പിന്നിലെന്നാണ് അന്ന് കപില്‍ പറഞ്ഞത്. ‘ഒരു പ്രായത്തിലേക്ക് നിങ്ങള്‍ കടക്കുമ്പോള്‍ നിങ്ങളുടെ കാഴ്ചശക്തിയില്‍ കുറവ് വരും. 30 വയസിന് ശേഷം മിക്കവര്‍ക്കും ഇത്തരത്തില്‍ അനുഭവപ്പെടും. കോലിക്ക് ടൈമിംഗ് കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ അത് അവന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്നമാണ്.’

‘വലിയ താരങ്ങള്‍ സ്ഥിരമായി ക്ലീന്‍ബൗള്‍ഡാവുകയും എല്‍ബിഡബ്ല്യു ആവുകയും ചെയ്യുകയാണെങ്കില്‍ അത് പരിശീലനത്തിന്റെ കുറവാണെന്ന് പറയാന്‍ സാധിക്കുമോ? അത് അവന്റെ കാഴ്ചക്കുറവിന്റെ പ്രശ്നമാണ്. ഒരു കാലത്ത് നിങ്ങളുടെ ശക്തിയായിരുന്നത് മറ്റൊരു സമയത്ത് നിങ്ങളുടെ ദൗര്‍ബല്യമായി മാറും. 18-24വരെ നല്ല കാഴ്ചശക്തി വളരെ മികച്ചതായിരിക്കും. അതിന് ശേഷം നിങ്ങള്‍ കണ്ണിന് നിങ്ങള്‍ നല്‍കുന്ന പരിചരണത്തെ ആശ്രയിച്ചാവും കാര്യങ്ങള്‍.’ 2020 മാര്‍ച്ചില്‍ എബിപി ന്യൂസിന് കൊടുത്ത അഭിമുഖത്തില്‍ കപില്‍ ദേവ് പറഞ്ഞതാണിത്.

ഇതിഹാസ താരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സും കപില്‍ ദേവുമെല്ലാം തങ്ങളുടെ കരിയറിന്റെ അവസാന സമയത്ത് കാഴ്ചശക്തി എങ്ങനെ പ്രകടനത്തെ ബാധിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് കരിയറിന്റെ അവസാന കാലത്ത് കളിച്ചിരുന്നത് കണ്ണട ധരിച്ചുകൊണ്ടായിരുന്നു. കോഹ്‌ലിയുടെ കാര്യത്തില്‍ ഇതാണോ സംഭവിക്കുന്നതെന്ന് വ്യക്തതയില്ലെങ്കിലും, ഈ കാര്യം സംഭവിക്കായ്കയില്ല.

ഫിഫയുടെ പുരുഷ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇംഗ്ലണ്ടും ഡെന്മാര്‍ക്കും. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ മറികടന്ന് ഇംഗ്ലണ്ട് ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 1755.44 പോയന്റാണ് ത്രീ ലയണ്‍സിനുള്ളത്. മൂന്നാമതായിരുന്ന ഫ്രാന്‍സ് നാലാം സ്ഥാനത്തേക്ക് വീണു. യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതാണ് ഫ്രാന്‍സിന് തിരിച്ചടിയായത്. യൂറോ കപ്പില്‍ ഫൈനലിലെത്തിയത് ഇംഗ്ലണ്ടിന് ഗുണമായി. യൂറോ ചാമ്പ്യന്മാരായ ഇറ്റലി അഞ്ചാം സ്ഥാനത്തുതന്നെ തുടരുന്നു.

ലോക റാങ്കിങ്ങില്‍ 1832.33 പോയന്റോടെ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. 1811.73 പോയന്റുള്ള ബ്രസീല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. അര്‍ജന്റീന ആറാമതും ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പോര്‍ച്ചുഗല്‍ ഏഴാമതും നില്‍ക്കുന്നു. സ്‌പെയിന്‍, മെക്‌സിക്കോ, ഡെന്മാര്‍ക്ക് എന്നീ ടീമുകളാണ് എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍.
യൂറോ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഡെന്മാര്‍ക്ക് ആദ്യ പത്തിലെത്തിയതാണ് ഇത്തവണത്തെ റാങ്കിങ്ങിലെ പ്രധാന ആകര്‍ഷണം. മുന്‍ ലോകചാമ്പ്യന്മാരായ ജര്‍മനി 14-ാം സ്ഥാനത്താണ്. പട്ടികയില്‍ ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് 107-ാം റാങ്കിലേക്ക് വീണു. ഇന്ത്യയെ മറികടന്ന് നമീബിയ 106-ാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യയ്ക്ക് 1181.45 പോയന്റാണുള്ളത്.

യു.എ.ഇ ആതിഥ്യം വഹിക്കുന്ന ലോക കപ്പിനുശേഷം വിരാട് ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ രോഹിത് ശര്‍മ്മയിലേക്ക് നായക ഉത്തരവാദിത്വം വന്നെത്തുകയാണ്. രോഹിത് നായകനാകുമ്പോള്‍ കെ.എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. രാഹുലിനെ ഭാവി നായകനമായി വളര്‍ത്തിയെടുക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

‘ഇന്ത്യ ഒരു പുതിയ ക്യാപ്റ്റനെ വാര്‍ത്തെടുക്കാന്‍ നോക്കുകയാണെങ്കില്‍, കെ.എല്‍ രാഹുലിനെ തിരഞ്ഞെടുക്കാവുന്നതാണ്. അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ടിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. ഐ.പി.എല്ലിലും ഏകദിന ക്രിക്കറ്റിലും രാജ്യാന്തര തലത്തില്‍ അവന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അദ്ദേഹത്തെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കാം.’

‘ഐ.പി.എല്ലില്‍ അദ്ദേഹം വളരെ ശ്രദ്ധേയമായ നേതൃത്വഗുണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സിയുടെ ഭാരം തന്റെ ബാറ്റിംഗിനെ ബാധിക്കാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പേര് ബി.സി.സി.ഐക്ക് പരിഗണിക്കാവുന്നതാണ്’ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved