ഷാജി വർഗീസ് മാമൂട്ടിൽ
ആൾഡർഷോട്ട്: നമ്മുടെ സ്വന്തം ആൾഡർഷോട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്ന ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ, ആവേശം വാനോളമുയർത്തി എൻഎസ്എ സൂപ്പർ കിങ്സ് രണ്ടാം തവണയും കിരീടമുയർത്തി.
യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന ഒൻപത് ടീമുകൾ ഈ വർഷത്തെ ടൂർണമെൻ്റിൽ മാറ്റുരച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ റെഡ് ബാക്സ് ഈസ്റ്റ്ഹാമിനെതിരെയാണ് സൂപ്പർ കിങ്സ് അത്യുജ്ജ്വലമായ വിജയം നേടിയത്.
ശനിയാഴ്ച രാവിലെ മുതൽ ആൾഡർഷോട്ട് ക്രിക്കറ്റ് ക്ലബ്ബിൻ്റെ മൈതാനത്ത് ആരംഭിച്ച ടൂർണമെൻ്റിൽ ഇ.സി. ബോയ്സ് ക്രോയ്ഡൺ, ഗിൽഫോർഡ് കേരള സ്പോർട്സ് ക്ലബ്, കേരള റോയൽസ്, മിക്സ് ബോയ്സ് ഹെസെൽമെർ, എൻഎസ്എ ചിയേർസ് XI ആൾഡർഷോട്ട്, റെഡ്ബാക്സ് ഈസ്റ്റ്ഹാം, റോയൽ സ്ട്രൈക്കേഴ്സ്, സറി സൂപ്പർസ്റ്റാർസ് എന്നീ ടീമുകൾ പങ്കെടുത്തു. ടീമുകൾക്ക് പ്രോത്സാഹനവുമായി ധാരാളം മലയാളികൾ എത്തിയത് മത്സരാവേശം വാനോളമുയർത്തി.
ലീഗ് റൗണ്ടിലെ മത്സരത്തിൽ വളരെ ഉയർന്ന റൺ സ്കോർ ചെയ്ത സൂപ്പർ കിംഗ്സ്, മികച്ച റൺറേറ്റിൻ്റെ പിൻബലത്തിൽ നേരിട്ട് ഫൈനലിലേക്ക് പ്രവേശിച്ചു. അത്യന്തം ആവേശവും ആകാംക്ഷയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ നിജിൽ ജോസ്, ജിബിൻ രാജേന്ദ്രൻ എന്നിവരുടെ ഉജ്ജ്വല ഇന്നിംഗ്സിൻ്റെ മികവിൽ കപ്പിൽ മുത്തമിട്ടു.
ഗിൽഫോർഡ് കേരള സ്പോർട്സ് ക്ലബ് മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും, റെഡ്ബാക്സ് ഈസ്റ്റ്ഹാം റണ്ണേഴ്സിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും NSA സൂപ്പർ കിങ്സിനുവേണ്ടി ക്യാപ്റ്റൻ നിജിൽ ജോസ് ഏറ്റുവാങ്ങി. ജെസ്സൻ ജോൺ (മികച്ച ബാറ്റ്സ്മാൻ, കേരള റോയൽസ്), ഹർപ്രീത് സിങ് (മികച്ച ബൗളർ, മോസ്റ് വാല്യൂബൾ പ്ലേയർ, റെഡ്ബാക്സ്) ജിബിൻ രാജേന്ദ്രൻ (മാൻ ഓഫ് ദി മാച്ച്, എൻഎസ്എ സൂപ്പർ കിംഗ്സ്) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾ നേടി.
കളിക്കാർക്ക് ആവേശം പകർന്ന് നൽകി ടൂർണമെൻ്റിൻ്റെ സ്പോൺസർമാരായ ഐക്കൺ മോർട്ട്ഗേജ് അസോസിയേറ്റ്സ്, യൂറോ മെഡിസിറ്റി, ഇന്ത്യൻ ടേസ്റ്റ്, ബെഡ്സ് ആൻഡ് ഫർണിച്ചർ എന്നിവയുടെ സാരഥികളുടെ സാന്നിധ്യം ശ്രദ്ധേയമായി. മത്സരത്തോട് അനുബന്ധിച്ച് നടന്ന സ്വർണനാണയ നറുക്കെടുപ്പ്, തട്ടുകട, ബർബെക്യു, എന്നിവയും ഉത്സവ പ്രതീതിയുണർത്തി. കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് അടുത്ത സീസണിലും ടൂർണമെൻ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മനോജ് ജോസഫ്
ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) തിളക്കമാർന്ന വിജയം നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ആവേശകരമായ പ്രകടനങ്ങളിലൂടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലിമ ഈ അത്യുജ്ജ്വല നേട്ടം കൈവരിച്ചത്. ലിമയുടെ ആഭിമുഖ്യത്തിൽ ലിവർപൂളിലെ ലിതർലാൻഡ് സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ കായികമാമാങ്കം അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച് വൻ വിജയമായി മാറി.
രാവിലെ പത്തുമണി മുതൽ വൈകിട്ട് എട്ട് മണി വരെ നടന്ന കായികമേളയിൽ യുകെയിലെ നോർത്ത് വെസ്റ്റ് റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കാണികളും പങ്കെടുത്തു. രാവിലെ 9.30 മണിക്ക് ലിമയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്റ്റോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. യുക്മ നാഷണൽ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടന വേളയിൽ സന്നിഹിതനായിരുന്നു. ട്രാക്കിലും ഫീൽഡിലുമായി ഒരേ സമയം ഇടവേളകളില്ലാതെ നടന്ന മത്സരങ്ങൾ കായികപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
ലിവർപൂൾ മലയാളി അസോസിഷേനിൽ നിന്നുമുള്ള രൺവീർ മിലാൻഡ് ആനപ്പറമ്പിൽ, ഷീൻ മാത്യു, അനസ് അലി എന്നിവർ വ്യക്തിഗത ചാംപ്യൻഷിപ്പ് കരസ്ഥമാക്കി.
റീജിയനൽ ഓവറോൾ ചാമ്പ്യൻ പട്ടം ആതിഥേയ അസോസിയേഷനായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) കരസ്ഥമാക്കിയപ്പോൾ വിഗൻ മലയാളി അസോസിഷേൻ രണ്ടാം സ്ഥാനവും, ബേർൻലി മലയാളി അസോസിഷേൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓരോ മത്സരവും നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. താരങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി. ലിമയുടെ സംഘാടന മികവ് പരിപാടിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. സമയബന്ധിതമായ മത്സരക്രമീകരണങ്ങളും മികച്ച സൗകര്യങ്ങളും പങ്കെടുത്തവരുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. ഇത് ഒരു കായികമേള എന്നതിലുപരി മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
കായികമേളയുടെ ഹൈലൈറ്റുകളിലൊന്നായ ആവേശകരമായ വടംവലി മത്സരത്തിൽ വിജയികളായ ടീമിന് “ലൗ റ്റു കെയർ” സ്പോൺസർ ചെയ്ത ഉജ്ജ്വലമായ ക്യാഷ് അവാർഡും, യുക്മ എവർ റോളിങ്ങ് ട്രോഫിയും സമ്മാനിച്ചു.
കായിക മത്സരങ്ങൾക്ക് പുറമെ ഒരു ദിവസത്തെ ദിനചര്യകളിൽ നിന്ന് മാറിനിൽക്കാനും, പ്രിയപ്പെട്ടവരുമായി ഒത്തുചേർന്ന് ആഘോഷിക്കാനുമുള്ള അവസരം ലഭിച്ചതിൽ പങ്കെടുത്തവരെല്ലാം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള വൻ വിജയമാക്കി തീർത്തതിന്, പങ്കെടുത്ത കായികതാരങ്ങൾക്കും, കാണികൾക്കും, നിസ്വാർത്ഥമായി പ്രവർത്തിച്ച സംഘാടകർക്കും, എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാർക്കും ലിമ ഭാരവാഹികൾ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.
വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആൻ്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഫുട്ബോൾ ടൂർണ്ണമെൻറ് ജൂൺ 28-ാം തീയതി ശനിയാഴ്ച ലീഡ്സ് വെസ്റ്റ് റൈഡിങ് കൗണ്ടി മൈതാനത്തു വെച്ചു നടത്തപ്പെടും. കഴിഞ്ഞ രണ്ടു വർഷങ്ങളായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ടൂർണ്ണമെൻറ് സംഘടനാ മികവുകൊണ്ടും, മികച്ച ടീമുകളുടെ സാന്നിധ്യം കൊണ്ടും യുകെയിലെ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട മത്സരമായി മാറിയിട്ടുണ്ട്.
ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 1111 പൗണ്ടും, റണ്ണർ അപ്പിന് 555 പൗണ്ടും, മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും തുടങ്ങിയ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇതിനു പുറമെ മികച്ച കളിക്കാരനും, ഗോൾകീപ്പറിനും, കൂടുതൽ ഗോളുകൾ നേടുന്നവർക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കും.
കഴിഞ്ഞ രണ്ടു വർഷവും യുകെയിലെ മികച്ച ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മത്സരങ്ങൾ പലപ്പോഴും പ്രവചനാതീതം ആയിരുന്നു. കഴിഞ്ഞവർഷം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തിൽ വിജയികളായത് ന്യൂകാസ്റ്റിൽ എഫ്സിയും ആദ്യവർഷത്തെ വിജയകിരീടം ചൂടിയത് നോർത്തേൺ എഫ്സിയും ആണ്. ഈ വർഷത്തെ മത്സരങ്ങൾ ആസ്വദിക്കാനായി യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള ഫുട്ബോൾ പ്രേമികളെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി പ്രസിഡൻറ് ടോണി പാറയടി അറിയിച്ചു.
വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.
റിയോ ജോണി
കാർഡിഫ്: ജൂൺ 28ന് യുക്മ ദേശീയ കായികമേളയുടെ മുന്നോടിയായി വിവിധ റീജിയണുകളിൽ കായികമേള നടക്കുന്ന ഈ അവസരത്തിൽ, വെയിൽസ് റീജിയണിലെ കായികമേള ശനിയാഴ്ച, ജൂൺ 15ന് കാർഡിഫിലെ സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ട്സിൽ വച്ച് നടത്തപ്പെടുന്നു. വെയിൽസ് റീജിയണിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷനാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
ജൂൺ 15ന് രാവിലെ 9.30 ന് തന്നെ ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷം വർണാഭമായ മാർച്ച് പാസ്റ്റോടെയായിരിക്കും കായികമേളയ്ക്ക് തുടക്കം കുറിക്കുക. പിന്നീട് പൊതുയോഗത്തിൽ യുക്മ വെയിൽസ് റീജിയണൽ പ്രസിഡന്റ് ശ്രീ ജോഷി തോമസ് കായികമേളയ്ക്ക് അധ്യക്ഷം വഹിക്കും. തുടർന്ന് യുക്മ ദേശീയ കായികമേള ജനറൽ കൺവീനറും ദേശീയ ജോയിന്റ് ട്രഷററും ആയ ശ്രീ പീറ്റർ താണോലി, വെയിൽസ് റീജിയണൽ കായികമേള ഉത്ഘാടനം ചെയ്യും. യുക്മ ദേശീയ കമ്മിറ്റി അംഗം ശ്രീ ബെന്നി അഗസ്റ്റിൻ, യുക്മ സാംസ്കാരിക വേദി കൺവീനർ ശ്രീ ബിനോ ആന്റണി എന്നിവർ പ്രത്യേക അതിഥികൾ ആയിരിക്കും. കായികമേള സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ മാനുവൽ ഇതിനകം എല്ലാ അസ്സോസിയേഷനുകൾക്ക് അയച്ചു നൽകിയിട്ടുണ്ട് എന്ന് റീജിയണൽ സ്പോർട്സ് സെക്രട്ടറി സാജു സലിംകുട്ടി അറിയിച്ചു. സെന്റ് ഫിലിപ്പ് ഇവാൻസ് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങള്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ട്രഷറർ ടോംബിൾ കണ്ണത്, വൈസ് പ്രസിഡന്റ് പോളി പുതുശ്ശേരി, ജോയിന്റ് സെക്രട്ടറി ഗീവര്ഗീസ് മാത്യു, ജോയിന്റ് ട്രഷറർ സുമേഷ് ആന്റണി, ആർട്സ് സെക്രട്ടറി ജോബി മാത്യു, പിആർഒ റിയോ ജോണി, കാർഡിഫ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജു പോൾ, തുടങ്ങിയവർ അറിയിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷം സംഘടിപ്പിക്കുന്ന വെയിൽസ് റീജിയണൽ കായികമേളയ്ക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽനിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി വെയിൽസ് റീജിയണൽ സെക്രട്ടറി ഷൈലി ബിജോയ് തോമസ് അറിയിച്ചു. വെയിൽസിലെ അസോസിയേഷനുകൾ കാർഡിഫ് മലയാളി അസോസിയേഷൻ, ന്യൂപോർട് കേരള കമ്മ്യൂണിറ്റി, ബ്രിഡ്ജെണ്ട് മലയാളി അസോസിയേഷൻ, ബാരി മലയാളി വെൽഫെയർ അസോസിയേഷൻ, മെർത്യർ മലയാളി കൾച്ചറൽ അസോസിയേഷൻ, സ്വാൻസി മലയാളി അസോസിയേഷൻ, വെസ്റ്റ് വെയിൽസ് മലയാളി അസോസിയേഷൻ, അബേരിസ്വിത് മലയാളി അസോസിയേഷൻ തുടങ്ങിയവ ആണ് .
റീജിയണൽ കായികമേളയുടെ പ്രധാന സ്പോൺസർ കൈരളി സ്പൈസസ് & ലിറ്റിൽ കൊച്ചി ആണ്. കൂടാതെ കായികമേള സ്പോൺസർ ചെയ്തിരിക്കുന്നത് ജിയ ട്രാവെൽസ്, സൽക്കാര റെസ്റ്റോറന്റ് കാർഡിഫ്, മല്ലു ഷോപ് കാർഡിഫ്, ബെല്ലവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്, മംസ് ഡെയിലി റെസ്റ്റോറന്റ് കാർഡിഫ്, എന്നിവരാണ്.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ ‘സർഗ്ഗം സ്റ്റീവനേജും’, പ്രാദേശിക ബാഡ്മിന്റൺ ക്ലബ്ബായ ‘സ്റ്റീവനേജ് സ്മാഷേഴ്സും’ സംയുക്തമായി സംഘടിപ്പിച്ച ‘ഓൾ യു കെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്’ ആവേശോജ്ജ്വലമായി.
അഡ്വാൻസ്ഡ്-ഇന്റർമീഡിയേറ്റ് വിഭാഗങ്ങളിലായി നടത്തിയ ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്’ മിന്നിമറയുന്ന സർവ്വീസുകളുടെയും, തീ പാറുന്ന സ്മാഷുകളുടെയും, മിന്നൽ പിണർ പോലെ കുതിക്കുന്ന ഷട്ടിലുകളുമായി ആവേശം മുറ്റി നിന്ന ഇഞ്ചോടിഞ്ചു പോരാട്ടമാണ് കാണികൾക്കു സമ്മാനിച്ചത്.
‘സർഗ്ഗം-സ്മാഷേഴ്സ്’ മെൻസ് ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിന് സ്റ്റീവനേജ് ‘മാരിയോട്ട്സ് ജിംനാസ്റ്റിക്സ് ക്ലബ്ബ്’ ഇൻഡോർ സ്റ്റേഡിയം വേദിയായപ്പോൾ തിങ്ങി നിറഞ്ഞ ഗാലറിയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കായികപോർക്കളത്തിലെ തീപാറുന്ന മത്സരത്തിൽ അഡ്വാൻസ്ഡ് മെൻസ് വിഭാഗത്തിൽ സന്തോഷ്-പ്രിജിത്
ജോഡി ചാമ്പ്യൻ പട്ടവും, ലെവിൻ -സുദീപ് ടീം റണ്ണറപ്പും, ജെഫ് അനി- ജെറോമി ജോഡി മൂന്നാം സ്ഥാനവും നേടി.
ഇന്റർമീഡിയറ്റ് കാറ്റഗറിയിൽ നിതിൻ-അക്ഷയ് ജോഡി ജേതാക്കളായപ്പോൾ, സിബിൻ-അമീൻ ജോഡി റണ്ണറപ്പും, പ്രവീൺ- ഗ്ലാഡ്സൺ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് പ്രൈസും, ട്രോഫിയും, ജേഴ്സിയും സമ്മാനിച്ചു.
കായിക പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിൽ നടത്തപ്പെട്ട സമ്മാനപ്പെരുമയുടെ ബാഡ്മിന്റൺ മത്സരമെന്ന നിലയിൽ, യു കെ യിലെ നാനാ ഭാഗങ്ങളിൽ നിന്നും ബാഡ്മിന്റൺ ലോകത്തെ ‘കുലപതികൾ’ മാറ്റുരക്കുവാനെത്തിയിരുന്നു. മുൻ ബംഗ്ളാദേശ്, നേപ്പാൾ ദേശീയ താരങ്ങളും, കേരളത്തിനും, തമിഴ് നാടിനും, മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ചിട്ടുള്ള കളിക്കാരും അഡ്വാൻസ്ഡ് ലൈനപ്പിൽ നിരന്നപ്പോൾ, യു കെ യിലെ പ്രഗത്ഭ താരനിര തന്നെ ഇന്റർമീഡിയേറ്റിൽ മാറ്റുരച്ചു.
അഡ്വാൻസ്ഡ് കാറ്റഗറിയിൽ മൂന്നാം സ്ഥാനത്തെത്തിയ സ്കൂൾ വിദ്യാർത്ഥികളായ ജെഫ് അനി, ജെറോമി കൂട്ടുകെട്ട് മത്സരത്തിൽ കാണികളെ ആവേശഭരിതരാക്കി കയ്യടിയും, ആർപ്പുവിളികളും നേടി ടൂർണമെന്റിൽ തിളങ്ങി. സ്റ്റീവനേജിൽ നിന്നുള്ള ജെഫ് അനി ജോസഫ് അണ്ടർ 17 വിഭാഗത്തിൽ ഇംഗ്ലണ്ടിനെ പ്രനിധീകരിക്കുന്ന താരമാണ്.
മനോജ് ജോൺ, സാബു ഡാനിയേൽ,ജോർജ്ജ് റപ്പായി, അനൂപ് മഠത്തിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സർഗം ഭാരവാഹികളും, വിജോ മാർട്ടിൻ, ടോം ആന്റണി, അനൂബ് അന്തോണി, ക്ലിൻസ് എന്നിവരുടെ നേതൃത്വത്തിൽ സ്മാഷേഴ്സും ഓൾ യു കെ ഓപ്പൺ മെൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിനായി കൈകോർക്കുകയായിരുന്നു. ടെസ്സി ജെയിംസ് മത്സരങ്ങൾ കോർഡിനേറ്റ് ചെയ്തു.
ഒടുക്കം കോലി ചിരിച്ചു, ശ്രേയസ്സ് അയ്യര് കണ്ണീരോടെ മടങ്ങി. അഹമ്മദാബാദില് ഇതിഹാസതാരത്തിന് സ്വപ്നസാഫല്യം. പതിനെട്ട് വര്ഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല് കിരീടത്തില് കോലിയുടെ മുത്തം. പഞ്ചാബിനെ 6 റണ്സിന് കീഴടക്കി ബെംഗളൂരു ഐപിഎല് കിരീടത്തില് മുത്തമിട്ടു. ബെംഗളൂരു ഉയര്ത്തിയ 191 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 184 റണ്സെടുക്കാനേ ആയുള്ളൂ.
ഐപിഎല് കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകര്പ്പന് തുടക്കമാണ് ഓപ്പണര്മാര് സമ്മാനിച്ചത്. പ്രിയാന്ഷ് ആര്യയും പ്രഭ്സിമ്രാന് സിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. ടീം നാലോവറില് 32 റണ്സെടുത്തു. പ്രിയാന്ഷ് ആര്യയുടെ വിക്കറ്റഅ നഷ്ടമായെങ്കിലും പഞ്ചാബ് പവര് പ്ലേയില് സ്കോര് അമ്പത് കടത്തി. 19 പന്തില് 24 റണ്സെടുത്താണ് താരം പുറത്തായത്.
എന്നാല് രണ്ടാം വിക്കറ്റില് ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാന് സിങ്ങും ചേര്ന്ന് സ്കോറുയര്ത്തി. എന്നാല് ബെംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്സിമ്രാനെയും(26) പഞ്ചാബ് നായകന് ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആര്സിബിക്ക് ജയപ്രതീക്ഷ കൈവന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകര്ത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാല് പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തില് നിന്ന് ഇംഗ്ലിസ് 39 റണ്സെടുത്തു.
എന്നാല് നേഹല് വധേരയും ശശാങ്ക് സിങ്ങും ചേര്ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറില് 136-4 എന്ന നിലയിലായിരുന്നു പഞ്ചാബ്. നാലോവറില് വേണ്ടത് 55 റണ്സ്. പിന്നാലെ നേഹല് വധേരയെയും(15) മാര്ക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വര് ആര്സിബിയെ വിജയതീരത്തിനടുത്തെത്തിച്ചു. അസ്മത്തുള്ള ഒമര്സായ് ഒരു റണ്ണെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് പഞ്ചാബ് 184 റണ്സെടുത്തു. ജയത്തോടെ ബെംഗളൂരു കന്നി ഐപിഎല് കിരീടത്തില് മുത്തമിട്ടു.
ബെംഗളൂരു നിശ്ചിത 20 ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തില് 190 റണ്സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ ഓവറില് കത്തിക്കയറിയ ഓപ്പണര് ഫില് സാള്ട്ട് രണ്ടാം ഓവറില് തന്നെ മടങ്ങി. ഒമ്പത് പന്തില് നിന്ന് സാള്ട്ട് 16 റണ്സെടുത്തു. രണ്ടാം വിക്കറ്റില് മായങ്ക് അഗര്വാളും വിരാട് കോലിയും ചേര്ന്ന് സ്കോറുയര്ത്തി. മായങ്കിന്റെ വെടിക്കെട്ടില് ടീം ആറോവറില് 55-ലെത്തി. പിന്നാലെ ചാഹല് മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റണ്സെടുത്തു. അതോടെ ആര്സിബി 56-2 എന്ന നിലയിലായി.
നായകന് രജത് പാട്ടിദാറാണ് പിന്നീട് ആര്സിബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കര് റോളിലായിരുന്നു ഇന്നിങ്സ്. എന്നാല് നായകന് തകര്ത്തടിച്ചതോടെ ആര്സിബി പത്തോവറില് രണ്ടുവിക്കറ്റ് നഷ്ടത്തില് 87 റണ്സെടുത്തു. 11-ാം ഓവറില് പാട്ടിദാറും പുറത്തായതോടെ ആര്സിബി പ്രതിരോധത്തിലായി. 26 റണ്സാണ് ആര്സിബി നായകന്റെ സമ്പാദ്യം.
മധ്യഓവറുകളില് വേഗം റണ്സ് കണ്ടെത്താനാവാത്തത് ആര്സിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകള് നേരിട്ട കോലിക്ക് 43 റണ്സ് മാത്രമാണ് നേടാനായത്. എന്നാല് അഞ്ചാം വിക്കറ്റില് ജിതേഷ് ശര്മയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്കോര് 170-കടന്നു. ലിവിങ്സ്റ്റണ് 15 പന്തില് നിന്ന് 25 റണ്സും ജിതേഷ് ശര്മ 10 പന്തില് നിന്ന് 24 റണ്സുമെടുത്തു. റൊമാരിയോ ഷെഫേര്ഡ് 17 റണ്സെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില് ഒമ്പത് വിക്കറ്റ് നഷ്ടത്തില് ബെംഗളൂരു 190 റണ്സെടുത്തു. കൈല് ജേമിസണും അര്ഷ്ദീപ് സിങ്ങും പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.
നോട്ടിംഗ്ഹാം: ചിയേഴ്സ് ക്രിക്കറ്റ് നോട്ടിംഗ്ഹാം സംഘടിപ്പിച്ച ആദ്യത്തെ ഓൾ UK മലയാളി T10 ക്രിക്കറ്റ് ടൂർണമെന്റ് വലിയ ആവേശത്തോടെയും, വിജയകരമായ സംഘാടനത്തോടെയും നിറവേറ്റി. ബ്രിട്ടനിലെ പല സ്ഥലങ്ങളിൽ നിന്നുമെത്തിയ എട്ട് ടീമുകൾക്കിടയിൽ തികച്ചും ഉത്സാഹപരമായ മത്സരങ്ങളാണ് അരങ്ങേറിയത്.
Gully Cricket ആണ് ടൂർണമെന്റിന്റെ ചാമ്പ്യന്മാരായ് കിരീടം ചൂടിയത്. First Call 247 നൽകുന്ന £1000 ക്യാഷ് പ്രൈസും, Sangeeth Restaurant (Leicester) നൽകുന്ന ട്രോഫിയും വിജയികൾക്കായി സമ്മാനമായി. Cheers Red ടീം റണ്ണർസ്അപ്പായി. Focus Finsure നൽകുന്ന £500 ക്യാഷ് പ്രൈസും ട്രോഫിയും അവർക്ക് ലഭിച്ചു.
പരിപാടിയെ മനോഹരമാക്കുന്നതിൽ പ്രത്യേക പങ്കുവഹിച്ചത് Sangeeth Restaurant നൽകിയ രുചിയേറിയ ഭക്ഷണവും, മറ്റ് ട്രോഫികളും ആയിരുന്നു. കൂടാതെ, D Star Music (അനീഷ്കുട്ടി നാരായൺ) ഒരുക്കിയ ഡിജെ സംവിധാനവും, സംഗീതവിരുന്നും എല്ലാവർക്കും പുതുമയുള്ള അനുഭവമായിത്തീരുകയും ചെയ്തു.
ടൂർണമെന്റ് ഉദ്ഘാടനം Gedling Ward ലെ കൗൺസിലർ ജെനി ഹോളിംഗ്സ്വർത്ത് നിർവഹിച്ചു. ചടങ്ങിൽ Ideal Solicitors എന്ന ടീം സ്പോൺസറിലെ ജോബി പുതുക്കുളങ്ങരയുടെ സാനിധ്യവും ഉണ്ടായിരുന്നു.
മഴയും, ഗ്രൗണ്ട് സജ്ജീകരണത്തിലെ വെല്ലുവിളികളും അതിജീവിച്ചാണ് പരിപാടി വിജയകരമായി പൂർത്തിയാക്കാനായത്. ഇത് ഒരു വലിയ നേട്ടമായാണ് താനും കാണുന്നതെന്ന് ടീം ചെയർമാനും ക്യാപ്റ്റനുമായ അശ്വിൻ കക്കനാട്ട് ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
മത്സരങ്ങൾ മുഴുവൻ കാണികൾക്ക് ക്രിക്കറ്റ് ഉത്സവം തന്നെയായിരുന്നു. തികച്ചും മികച്ച ബാറ്റിംഗും, ബൗളിംഗും, അതിശയിപ്പിക്കുന്ന ഫീൽഡിംഗുമാണ് ടൂർണമെന്റിനെ നിറച്ചത്.
Cheers Cricket Nottingham എന്ന ടീമിന്റെ സ്ഥാപകനും, സംഘാടകനുമായ അശ്വിൻ കക്കനാട്ട് ജോസും, സെക്രട്ടറി എബിൾ ജോസഫും, ടീം മാനേജർ നിഥിൻ സൈമണും, മറ്റ് പ്രവർത്തകരും എല്ലാ ടീമുകൾക്കും, സപ്പോർട്ടർമാർക്കും, സഹകരിച്ച എല്ലാവർക്കും അവരുടെ ഹൃദയപൂർവ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു
ഡിനു ഡൊമിനിക്, പി. ആർ.ഒ
സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അഞ്ചാമത് സീന മെമ്മോറിയൽ T10 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി. റോംസി ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ യുകെയിലെ കരുത്തരായ എട്ട് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിൽ ആയി നടന്ന മത്സരങ്ങളിൽ ഏറ്റുമുട്ടിയത്.
മെയ് 25 ഞായറാഴ്ച രാവിലെ ഒമ്പതര മണിയോടെ ആരംഭിച്ച ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ നിർവഹിച്ചു. പ്രസിഡൻറ് എം.പി. പത്മരാജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി ജിനോയ്സ് തോമസ് സ്വാഗതം ആശംസിച്ചു. ട്രഷറർ ഷാൽമോൻ പങ്കേത്ത്, സ്പോർട്സ് കോഡിനേറ്റർമാരായ നിശാന്ത് സോമൻ, റിയാ ജോസഫ്, രക്ഷാധികാരി ഷിബു ജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, കഫേ ദീവാലി, നാച്ചുറൽ ഫുഡ്സ് തുടങ്ങിയ പ്രമുഖരാണ് ടൂർണമെന്റിന്റെ സ്പോൺസർമാർ.
ആദ്യമത്സരത്തിൽ ഗ്രൂപ്പ് A യിൽ എസ്.എം 24 ഫോക്സ് ഇലവൻ ബ്രഹ്മർ ദ്രവീഡിയൻസ് സാലിസ്ബെറിയെ പരാജയപ്പെടുത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ രണ്ടാമത്തെ പിച്ചിൽ നടന്ന മത്സരത്തിൽ ഗള്ളി ഓക്സ്ഫോർഡ് സ്വിണ്ടൻ സിസി യെ പരാജയപ്പെടുത്തി. ഫൈനലിൽ കേരള രഞ്ജി താരം രാഹുൽ പൊന്നന്റെ മികവിൽ 110 എന്ന കൂറ്റന് സ്കോറിലേക്ക് നീങ്ങിയ എസ്.എം 24 ഫോക്സ് ഇലവൻ ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിരുന്നതാണ്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ആറ് ഓവറിനു ശേഷം ഇടിമിന്നലായി മാറിയ ബാബു വീട്ടിലിൻറെ മികവിൽ അത്യന്തം ആവേശകരമായി അവസാന ഓവറിൽ എൽ.ജി.ആർ വിജയം തട്ടിയെടുക്കുകയായിരുന്നു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സെമിഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട എസ്.എം 24 ഫോക്സ് ഇലവന്റെ ആദിത്യ ചന്ദ്രന് സാലിസ്ബറി മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സാബു ജോസഫും രണ്ടാം സെമിഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയ എൽ. ജി.ആർ ൻറെ പ്രെയിസൻ ഏലിയാസിന് എസ്.എം.എ വൈസ് പ്രസിഡൻറ് ലിനി നിനോയും ട്രോഫികൾ സമ്മാനിച്ചു.
മാൻ ഓഫ് ദി ഫൈനൽ ആയി തിരഞ്ഞെടുക്കപ്പെട്ട ബാബു വീട്ടിലിന് എസ്.എം.എ എക്സിക്യൂട്ടീവ് അംഗം അരുൺ കൃഷ്ണൻ, ബെസ്റ്റ് ബാറ്റ്സ്മാൻ (പ്രെയിസൻ ഏലിയാസ് – 108 runs) ബെസ്റ്റ് ബൗളർ ( ബാബു വീട്ടിൽ – 6 വിക്കറ്റ്) എന്നിവർക്ക് എസ്എംഎ ജോയിൻറ് സെക്രട്ടറി ആൻമേരി സന്ദീപ്, പി.ആർ.ഓ ഡിനു ഡൊമിനിക് എന്നിവർ ട്രോഫികൾ കൈമാറി. മികച്ച അമ്പയർമാർക്കുള്ള പുരസ്കാരങ്ങൾ എക്സിക്യൂട്ടീവ് അംഗങ്ങളായ റോഷ്ണി വൈശാഖ്, ബിബിൻ എന്നിവരും കൈമാറി.
ടൂർണമെന്റിന്റെ ജേതാക്കളായ എൽ.ജി ആറിന് മുഖ്യ സ്പോൺസർമാരായ ഫോക്കസ് ഫിൻഷുവർ ന് വേണ്ടി ജിനോയിസ് തോമസ് ട്രോഫിയും സമ്മാനത്തുകയായ ആയിരം പൗണ്ടും സമ്മാനിച്ചു. എൽ.ജി.ആർ നായകൻ കിജി സീന മെമ്മോറിയൽ എവർറോളിംഗ് ട്രോഫി രക്ഷാധികാരി ഷിബു ജോണിന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി. ടൂർണമെൻറ് റണ്ണേഴ്സ് അപ്പായ എസ്.എം 24 ഫോക്സ് ഇലവൻ ന് പ്രശസ്ത ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ അൻവിൻ ജോസ് ട്രോഫി സമ്മാനിച്ചപ്പോൾ കോ സ്പോൺസർമാരായ കഫെ ദീവാലി (റഷീദ്) നാച്ചുറൽ ഫുഡ്സ് (സ്റ്റെഫിൻ) എന്നിവർ സമ്മാനത്തുകയായ 500 പൗണ്ടും താരങ്ങൾക്കുള്ള മെഡലുകളും കൈമാറി.
ടൂർണമെന്റിന്റെ നെടുംതൂണായി ഏവരെയും ഏകോപിപ്പിച്ച നിഷാന്ത് സോമൻ, മിതമായ നിരക്കിൽ ഭക്ഷണം നൽകിയ ടെർമറിക് കിച്ചൻ, കളിക്കാർ, കാണികൾ തുടങ്ങിയവർക്ക് എസ്എംഎ എക്സിക്യൂട്ടീവ് ബിജു ഏലിയാസ് നന്ദി അർപ്പിച്ചു.
എസ്എംഎ യ്ക്ക് വേണ്ടി BTM ഫോട്ടോഗ്രാഫി (ബിജു മൂന്നാനപ്പിള്ളിൽ), മീഡിയ ടീം അംഗങ്ങളായ പ്രശാന്ത്, അഖിൽ ജോസഫ് തുടങ്ങിയവർ പകർത്തിയ ചിത്രങ്ങൾ കാണുവാൻ സാലിസ്ബറി മലയാളി അസോസിയേഷൻറെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ലിങ്ക് ചുവടെ,
https://www.facebook.com/share/1Ap81QKL6K/
അശ്വവിൻ കാക്കനാട്ട്
നോട്ടിങ്ങാം : തദവസരത്തിൽ സംസാരിക്കവെ കേരളത്തിൽ നിന്നും ആയിര കണക്കിനു മൈലുകൾ താണ്ടി ഇംഗ്ലണ്ടിലെത്തിയിരിക്കുന്ന മലയാളികളുടെ പരസ്പരമുള്ള ഐക്യവും കൂട്ടായ്മകളും സന്തോഷകരവും അഭിമാനകരവുമാണെന്നു പറയുകയുണ്ടായി
കോവൻട്രിയിലെ റാമഡ ഹോട്ടലിൽ വെച്ച് നടന്ന
പരിപാടിയിൽ ചെയർമാൻ അശ്വിൻ കക്കനാട്ടു ജോസ്, സെക്രടറി ഏബിൾ ജോസഫ്, ടീം മാനേജർ മനോജ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ടീമിന്റെ പ്രധാന സ്പോൺസർമാരായ First Call, Focus Finsure, Accident Solutions, Ideal Solicitors, Sangeeth Restaurant എന്നിവർക്ക് ക്ലബിൻ്റെ പേരിൽ ചെയർമാൻ പ്രത്യേക നന്ദി യും കടപ്പാടും രേഖപ്പെടുത്തി
ടീം സംഘടിപ്പിക്കുന്ന ഓൾ യു.കെ മലയാളി ടി10 ക്രിക്കറ്റ് ടൂർണമെന്റ് മെയ് 26-ന് നോട്ടിംഗ്ഹാമിൽ അരങ്ങേറുന്നതായിരിക്കും. ടൂർണമെന്റിനൊരുങ്ങിയിരിക്കുന്ന ടീമിന്റെ ജേഴ്സി പ്രകാശനം, കളിക്കാർക്ക് ആവേശം വർധിപ്പിക്കുന്ന ഒരു തുടക്കമായി മാറി.
ഡിനു ഡൊമിനിക് , പി ആർ ഒ
സാലിസ്ബറി: സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള അഞ്ചാമത് T10 ക്രിക്കറ്റ് ടൂർണ്ണമെന്റ് മെയ് 25ന് നടക്കും. യുകെയിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. യുകെയിലെ കരുത്തരായ എട്ടു ടീമുകളാണ് രെജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരരംഗത്തുള്ളത്.
LGR, KCC Portsmouth, Swindon CC, Breamore Dravidian CC Salisbury, Gully Oxford, Coventry Blues, Royal Devon CC, SM 24 Fox XI തുടങ്ങിയ ടീമുകളാണ് മത്സരിക്കുക.
തുടർച്ചയായി അഞ്ചാം തവണയും സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് റോംസിയിലെ വിശാലമായ ഹണ്ട്സ് ഫാം പ്ലെയിംഗ് ഫീൽഡ് ഗ്രൗണ്ടിലാകും നടക്കുക. പത്ത് വീതം ഓവറുകളിലായി രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെ എട്ട് മണിയോടെ തന്നെ ആരംഭിക്കും. മിതമായ നിരക്കിൽ നാടൻ വിഭവങ്ങളോട് കൂടിയ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ സ്റ്റാൾ (Turmeric Kitchen) സംഘാടകർ ഒരുക്കുന്നുണ്ട്.
പ്രസിഡന്റ് എം പി പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ് കോർഡിനേറ്റർ നിഷാന്ത് സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്. ടൂർണമെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിളിക്കുവാൻ 07383924042 (നിഷാന്ത്) എന്ന നമ്പറിൽ ബന്ധപ്പെടുക. ടൂർണമെന്റിന്റെ മനോഹരമായ ചിത്രങ്ങൾ ഒപ്പിയെടുക്കുവാൻ BTM ഫോട്ടോഗ്രാഫി ഇത്തവണയും രംഗത്തുണ്ട്.
അകാലത്തിൽ വിട്ടുപിരിഞ്ഞ എസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്ന സീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ടൂർണമെൻറ് നടക്കുന്ന സ്ഥലത്തിൻറെ അഡ്രസ്സ്:
HUNT’S FARM PLAYING FIELD,
TIMSBURY,
SO51 0NG