മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവം, അഖില ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളം, മുഖ്യമന്ത്രി

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവം, അഖില ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളം, മുഖ്യമന്ത്രി
May 25 15:37 2020 Print This Article

ടൊവിനോ തോമസിനെ നായകനാക്കി ബോസില്‍ ജോസഫ് ഒരുക്കുന്ന ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു.

വാര്‍ത്താസമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. കേരളം എന്നത് വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ലെന്ന് അവര്‍ ഓര്‍ക്കണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ, ഫലപ്രദമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മ്മിച്ച സെറ്റാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചതെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. സംഭവം വന്‍ വിവാദമായി മാറിയിരിക്കുകയാണിപ്പോള്‍. സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ച് ഇതിനോടകം രംഗത്തെത്തിയത്.

കാലടി മണപ്പുറത്ത് പണിത മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി കാലടി മണപ്പുറത്ത് പണിത ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റാണ് അഖില ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ പൊളിച്ചത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാര്‍ച്ചില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടത്. മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. ലോക്ഡൗണ്‍ കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെത്തി സെറ്റ് പൊളിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവര്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്ന് ഉയരുന്നത്. സംഭവത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിര്‍മ്മാതാവ് സോഫിയ പോളും നായകന്‍ ടൊവിനോ തോമസും വ്യക്തമാക്കി.

സെറ്റ് തകര്‍ത്തതിന് പിന്നില്‍ വര്‍ഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടു. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles