കൊറോണ; കഴിഞ്ഞ ദിവസം യുഎഇയില്‍ പൊലിഞ്ഞത് അഞ്ച് മലയാളി ജീവനുകള്‍

കൊറോണ; കഴിഞ്ഞ ദിവസം യുഎഇയില്‍ പൊലിഞ്ഞത് അഞ്ച് മലയാളി ജീവനുകള്‍
May 18 05:42 2020 Print This Article

കൊറോണ വൈറസ് ബാധിച്ച് യുഎഇയില്‍ അഞ്ച് മലയാളികള്‍ക്ക് കൂടി ദാരുണാന്ത്യം. അബ്ദുല്‍ സമദ് (58), ആര്‍. കൃഷ്ണപിള്ള (61), കുഞ്ഞാമദ് (56), അബ്ബാസ് (45), ചനോഷ് (33) എന്നിവരാണ് കൊറോണ ബാധിച്ച് കഴിഞ്ഞദിവസം യുഎഇയില്‍ മരിച്ചത്.

അഞ്ചുപേരും കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. കണ്ണൂര്‍ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശിയാണ് മരിച്ച അബ്ദുല്‍ സമദ്. അജ്മാന്‍ ഇറാനി മാര്‍ക്കറ്റില്‍ ഷോപ്പ് നടത്തുകയായിരുന്ന അബ്ദുല്‍ സമദ് രണ്ടാഴ്ചയായി ചികിത്സിയിലായിരുന്നു. ഭാര്യ: കുഞ്ഞാമിന. ഖബറടക്കം യു.എ.ഇയില്‍.

ആലപ്പുഴ സ്വദേശിയാണ് കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍. കൃഷ്ണപിള്ള. ദുബായിയിലായിരുന്ന കൃഷ്ണപിള്ളയുടെ കൊറോണ പരിശോധന ഫലം ശനിയാഴ്ച രാത്രിയാണ് പുറത്തുവന്നത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

കാഞ്ഞങ്ങാട് സ്വദേശിയായ മടിക്കൈ അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് അബൂദബി മഫ്‌റഖ് ആശുപത്രിയിലാണ് മരിച്ചത്. അവധിക്ക് നാട്ടില്‍ പോയിരുന്ന കുഞ്ഞാമദ് രണ്ട് മാസം മുമ്പാണ് വിസ പുതുക്കാനായി തിരിച്ചെത്തിയത്. അതിനിടെയാണ് കൊറോണ ബാധിച്ചത്.

അബൂദബി ബനിയാസ് വെസ്റ്റില്‍ ബദരിയ ഗ്രോസറി നടത്തി വരികയായിരുന്നു അദ്ദേഹം. മടിക്കൈ അമ്പലത്തുകര വെള്ളച്ചേരിയിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. വര്‍ഷങ്ങളോളമായി ബനിയാസില്‍ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഗ്രോസറി നടത്തി വരികയായിരുന്നു.

ഭാര്യ: ടി.കെ. സീനത്ത് കൂളിയങ്കാല്‍. മക്കള്‍: ശഹര്‍ബാന ശിറിന്‍, ശര്‍മിള ശിറിന്‍, ഷഹല. സഹോദരങ്ങള്‍: മൂസ്സ പടന്നക്കാട്, മജീദ് വെള്ളച്ചേരി, സമദ് വെള്ളച്ചേരി, പരേതയായ ബീഫാത്തിമ, സുബൈദ (തൈകടപ്പുറം), സഫിയ (കല്ലൂരാവി), സീനത്ത് (കുശാല്‍നഗര്‍). ബനിയാസില്‍ ഖബറടക്കി.

കാസര്‍കോട് തലപ്പാടി സ്വദേശിയായ അബ്ബാസ് അബൂദബി മഫ്റഖ് ആശുപത്രിയിലാണ് മരിച്ചത്. ഖലീഫ സിറ്റി അല്‍ഫുര്‍സാന്‍ കമ്പനിയില്‍ 2009 മുതല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: കുബ്റ, സിനാന്‍. അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ലാ ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍ മൂല, സെക്രട്ടറി അനീസ് മാങ്ങാട്, മഞ്ചേശ്വരം മേഖലാ പ്രസിഡന്റ് ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശ്ശൂര്‍ കുന്നംകുളം സ്വദേശി പാര്‍ളിക്കാട് കുന്നുശ്ശേരി ചനോഷ് (33) തുമ്പയ് അജ്മാന്‍ ഹോസ്പിറ്റലിലാണ് മരിച്ചത്. അവിവാഹിതനാണ്. മാതാവ്: ലത. സഹോദരന്‍: രമേഷ്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles