ബെംഗളൂരു: റോഡപകടങ്ങള്‍ പുതുമയല്ല, റോഡില്‍ മരിക്കുന്നവരും പുതുമയല്ല. എന്നാല്‍ ഇങ്ങനെ ഒരു അപകടം… ഇങ്ങനെ ഒരു മരണം… കണ്ടുനിന്നവരെയും കേട്ടറിഞ്ഞവരെയും കരയിപ്പിച്ച ഒരു അപകടം.. ഈ അപകടം നടന്നത് ഐ ടി നഗരമായ ബെംഗളൂരുവിലാണ്. ചൊവ്വാഴ്ച രാവിലെ നെലമംഗല സ്‌റ്റേറ്റ് ഹൈവേയിലായിരുന്നുഞെട്ടിപ്പിക്കുന്ന ഈ റോഡപകടം. ഹരീഷ് നഞ്ചപ്പ എന്ന 26 കാരനാണ് റോഡപകടത്തില്‍ കൊല്ലപ്പെട്ടത്.
ഒരു ട്രക്ക് പാഞ്ഞുകയറി, രണ്ട് കഷണമായിപ്പോയി ഹരീഷ്. സഹായിക്കാനെത്തിയ ആളുകള്‍ക്ക് കിട്ടിയത് വേര്‍പ്പെട്ടുപോയ ശരീരത്തിന്റെ ഒരു ഭാഗം. മരണപ്പിടച്ചിലിനിടയിലും ഹരീഷ് ഒരുവിധം പറഞ്ഞൊപ്പിച്ചത് ഒരേ ഒരു കാര്യം. തന്റെ കണ്ണും മറ്റ് അവയവങ്ങളും ദാനം ചെയ്യണം എന്നായിരുന്നു അത്…

വൈറ്റ്ഫീല്‍ഡിലെ എസ് എസ് എം എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഹരീഷ്. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുംകൂറിലേക്ക് പോയതായിരുന്നു ഹരീഷ്. തിരിച്ചുവരുന്ന വഴി ഹരീഷിന്റെ ബൈക്ക് ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നെലമംഗല ഹൈവേയിലെ തിപ്പഗൊണ്ടനഹള്ളിയില്‍ വെച്ച് പഞ്ചസാര ചാക്കുകളുമായി വന്ന ട്രക്ക് ഹരീഷിന്റെ ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ട്രക്കിന്റെ ഒരു ഭാഗം ബൈക്കില്‍ തട്ടി ഹരീഷിന് ബാലന്‍സ് നഷ്ടമാകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ബൈക്കിന് മേലുള്ള നിയന്ത്രണം നഷ്ടമായ ഹരീഷ് ട്രക്കിന്റെ ടയറിനിടയിലേക്ക് വീണു. ട്രക്ക് മേലെക്കൂടി പാഞ്ഞ് കയറി. രക്ഷപ്പെടുത്തണേ എന്ന് ഹരീഷ് റോഡില്‍ വീണുകിടന്ന കരഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അതുവഴി പോയവരാരോ പോലീസിനെ വിവരം അറിയിച്ചു. എട്ട് മിനുട്ടോളം കഴിഞ്ഞാണ് ആംബുലന്‍സ് എത്തിയത്. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുമ്പോഴും ഹരീഷിന് ജീവനുണ്ടായിരുന്നത്രെ. എന്നാല്‍ ആശുപത്രിയില്‍ എത്തി അല്‍പസമയം കഴിഞ്ഞതും ഹരീഷ് മരിച്ചു.

തന്നെ രക്ഷപ്പെടുത്താനെത്തിയവരോട് ഹരീഷ് തന്റെ അവസാനത്തെ ആഗ്രഹം പറഞ്ഞിരുന്നു. കണ്ണുകള്‍ അടക്കമുള്ള തന്റെ അവയവങ്ങള്‍ ദാനം ചെയ്യണം എന്നതായിരുന്നു അത്. അപകടം നടക്കുമ്പോള്‍ ഹരീഷ് ഹെല്‍മറ്റ് വെച്ചിരുന്നു. കണ്ണുകള്‍ക്ക് അപകടമൊന്നും പറ്റിയിട്ടില്ല. എന്നാല്‍ മറ്റ് അവയവങ്ങള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഹരീഷ് നഞ്ചപ്പ എന്ന ചെറുപ്പക്കാരന്റെ കണ്ണുകള്‍ രണ്ട് പേര്‍ക്ക് കാഴ്ചയാകും. മരിച്ചുകൊണ്ടിരിക്കുമ്പോഴും രണ്ട് പേര്‍ക്ക് കാഴ്ച ശക്തി നല്‍കാന്‍ ഈ യുവാവിന്റെ വാക്കുകള്‍ക്ക് സാധിച്ചു. ട്രക്ക് ഡ്രൈവറായ വരദരാജനെതിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായ ഡ്രൈവിങിനാണ് ഇയാള്‍ക്കെതിരെ നെലമംഗല പോലീസ് കേസെടുത്തിരിക്കുന്നത്