ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാൻഡ് 3 പോസ്റ്റിലേയ്ക്ക് വർക്ക് പെർമിറ്റ് നൽകാൻ നിരവധി എൻഎച്ച്എസ് ട്രസ്റ്റുകൾ തയ്യാറാകുന്നത് സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തിയ മലയാളി വിദ്യാർത്ഥികൾക്ക് പുതിയ അവസരം തുറന്നു കൊടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി മലയാളികൾ ഈ അവസരം ഉപയോഗപ്പെടുത്തിയതായി ഒട്ടേറെ വിദ്യാർത്ഥികൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ആരോഗ്യമേഖലയിൽ മുൻ പരിചയം ഉള്ളവർക്കാണ് നിലവിൽ മുൻഗണന നൽകുന്നത്. അടുത്തകാലത്ത് കുടിയേറ്റ നയത്തിൽ യുകെ സമൂലമായ മാറ്റം വരുത്തിയിരുന്നു . പുതിയ സാഹചര്യത്തിൽ വിദ്യാർത്ഥി വിസയിൽ യുകെയിലെത്തി പിആർ എടുക്കുക എന്നത് ദുഷ്കരമാണ്. എന്നാൽ പല എൻ എച്ച് എസ് ട്രസ്റ്റുകളും 5 വർഷത്തേയ്ക്കുള്ള വർക്ക് പെർമിറ്റ് നൽകാൻ തയ്യാറാകുന്നത് പല മലയാളി വിദ്യാർത്ഥികൾക്കും ഇവിടെ തുടരാനും സ്ഥിര താമസത്തിനായുള്ള വിസ സമ്പാദിക്കാനുമുള്ള അനന്തസാധ്യതകളാണ് തുറന്നു കിട്ടിയിരിക്കുന്നത്.

ഇപ്പോൾ തന്നെ വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയ ഒട്ടേറെ മലയാളി വിദ്യാർഥികളാണ് നേഴ്സിംഗ് ഹോമുകളിലും മറ്റും ജോലി ചെയ്യുന്നത്. ഇങ്ങനെയുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം പരമാവധി വിനിയോഗിക്കാൻ സാധിക്കും.

കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് യുകെ പ്രഖ്യാപിച്ച കുടിയേറ്റ നയം പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത് . തങ്ങളുടെ കുടുംബത്തെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പള പരിധി 38,700 പൗണ്ട് ആയി ഉയർത്തിയതാണ് ഇതിന് പ്രധാന കാരണമായി വിമർശകർ ചൂണ്ടി കാണിക്കുന്നത്. നേരത്തെ ഇത് 18,000 പൗണ്ട് മാത്രമാണ് . കടുത്ത എതിർപ്പിനെ തുടർന്ന് ശമ്പള പരുധി താത്കാലികമായി 29,000 പൗണ്ട് ആയി കുറച്ചിട്ടുണ്ട്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഈ വരുമാന പരുധിയിൽ താഴെ ശമ്പളമുള്ളവരുടെ ആശ്രിതർക്ക് രാജ്യം വിടേണ്ടതായി വരും.

മൂന്ന് വിഭാഗങ്ങളിലായാണ് മലയാളികളിൽ ഭൂരിഭാഗവും യുകെയിൽ എത്തിച്ചേരുന്നത്. ആദ്യത്തെ വിഭാഗത്തിൽപ്പെട്ട ബ്രിട്ടനിലെ ആരോഗ്യ പരിപാലന മേഖലയായ എൻഎച്ച്എസിനോട് അനുബന്ധിച്ച് ജോലി ചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നിയമത്തിലെ മാറ്റങ്ങൾ വലിയ രീതിയിൽ ബാധിക്കില്ല. എന്നാൽ ജനുവരി മുതൽ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം യുകെയിൽ ജോലിക്കായി വരുന്ന നേഴ്സുമാരുടെയും അവരുടെ ആശ്രിത വിസയിൽ വരുന്നവരുടെയും വിസ ചിലവുകൾ വർദ്ധിപ്പിക്കാൻ കാരണമാകും.

യുകെയിലേയ്ക്ക് വ്യാപകമായ രീതിയിൽ ജോലിക്കായി വരുന്ന രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ കെയർ വിസയിൽ ഉള്ളവരാണ്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ മറ്റുള്ളവരെ കൊണ്ടുവരാൻ സാധിക്കില്ല എന്നതും മറ്റ് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശമ്പള പരുധി ഉയർത്തിയതും ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെ ആകമാനം ബാധിക്കും.

മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ടത് സ്റ്റുഡൻറ് വിസയിൽ എത്തുന്നവരാണ് . സ്റ്റുഡൻറ് വിസയുടെ നടപടികൾ ബ്രിട്ടൻ ലഘൂകരിച്ചതിനെ തുടർന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് യുകെയിലെത്തിയത്. വിദ്യാർത്ഥി വിസയിൽ പലരും യുകെയിൽ എത്തിയത് തന്നെ കുടുംബത്തെ ഒന്നാകെ ബ്രിട്ടനിൽ എത്തിക്കാനാണ്. ഇവരിൽ പലർക്കും ഉടനെ തിരിച്ചു വരേണ്ടതായി വരും . പല വിദ്യാർത്ഥികളും പിടിച്ചു നിൽക്കാൻ കെയർ മേഖലയിൽ ജോലിക്കായി ശ്രമിക്കാറാണ് പതിവ്. എന്നാൽ കെയർ മേഖലയിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇക്കൂട്ടർക്ക് വീണ്ടും തിരിച്ചടിയാവും

ഇവർക്കെല്ലാം യുകെയിൽ പുതിയൊരു ജീവിതം കരു പിടിപ്പിക്കാനുള്ള വഴിയാണ് എൻഎച്ച്എസ്സിന്റെ ബാൻഡ് 3 പോസ്റ്റിലൂടെ തുറന്നു കിട്ടിയിരിക്കുന്നത്.