ഖത്തറില്‍ മലയാളി ദമ്പതികളുടെ മക്കളുടെ മരണം, കീടനാശിനി ശ്വസിച്ചതാവാം; എത്തിയത് അടുത്ത ഫ്ലാറ്റിൽ നിന്നുമോ ?

ഖത്തറില്‍ മലയാളി ദമ്പതികളുടെ മക്കളുടെ മരണം, കീടനാശിനി ശ്വസിച്ചതാവാം; എത്തിയത് അടുത്ത ഫ്ലാറ്റിൽ നിന്നുമോ ?
October 22 03:09 2019 Print This Article

ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ടുമക്കള്‍ മരിച്ച സംഭവത്തില്‍ കീടനാശിനിയോ രാസ വസ്തുവോ ഉള്ളില്‍ ചെന്നതാണ് മരണകാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഖത്തര്‍ പബ്ലിക് ഹെല്‍ത്ത് മന്ത്രാലയം അറിയിച്ചു.

ഭക്ഷ്യവിഷബാധയോ അല്ലെങ്കില്‍ കീടനാശിനികള്‍ ശ്വസിച്ചതോ ആവാം മരണകാരണമെന്ന് നേരത്തെ സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്നതാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കുട്ടികളുടെ മരണ വിവരമറിഞ്ഞ ഉടന്‍ തന്നെ എപ്പിഡമോളജിക്കല്‍ അന്വേഷണ സംഘത്തിലെയും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് ടോക്സിക്കോളജി കമ്മീഷനിലെയും ആഭ്യന്തര മന്ത്രാലയത്തിലെ അന്വേഷണ വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചതിന് പുറമെ കെട്ടിടത്തില്‍ വിശദമായ പരിശോധനയും സംഘം നടത്തി.

മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ നിന്ന് കീടനാശിനിയോ രാസ വസ്തുക്കളോ ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായെന്ന് മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ വിഷബാധ സംബന്ധിച്ചുള്ള ഹോട്ട് ലൈനില്‍ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ചയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും നാദാപുരം സ്വദേശി ഷമീമയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (എട്ട് മാസം) എന്നിവര്‍ മരിച്ചത്. ഛര്‍ദിയും ശ്വാസ തടസവും ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളോടെ വെള്ളിയാഴ്ച രാവിലെയാണ് കുട്ടികളെ ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റൊരു ഫ്ലാറ്റില്‍ പ്രാണിശല്യം ഒഴിവാക്കാനായി കീടനാശിനി തളിച്ചിരുന്നു. ഇതാണ് കുട്ടികള്‍ക്ക് വിഷബാധയേല്‍ക്കാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles