ഡൽഹി കലാപം, മരണ സംഖ്യ 38; വ്യാപകമായി തോക്കുകൾ ഉപയോഗിച്ചെന്ന് പോലീസ്, 82 പേർക്ക് വെടിയേറ്റ പരിക്കുകൾ….

ഡൽഹി കലാപം, മരണ സംഖ്യ 38; വ്യാപകമായി തോക്കുകൾ ഉപയോഗിച്ചെന്ന് പോലീസ്, 82 പേർക്ക് വെടിയേറ്റ പരിക്കുകൾ….
February 28 06:39 2020 Print This Article

രണ്ട് ദിവസത്തിലധികം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് ഒടുവിൽ വടക്ക് കിഴക്കൽ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും കലാപം സൃഷ്ടിച്ച മുറിവുകൾ നിരവധിയാണ്. കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇതിനോടകം മുപ്പത്തെട്ടായി. പരിക്കേറ്റ ഇരുനൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാനായി ആശുപത്രികൾക്ക് മുന്നിൽ വരിനിൽക്കുന്ന ബന്ധുക്കളുടേതുൾപ്പെടെ കാഴ്ചകളായിരുന്നു കഴിഞ്ഞ ദിവസം ഡൽഹിയിലെ കാഴ്ചകളിലൊന്ന്.

അതേസമയം, കലാപത്തിൽ മരിച്ച 38 പേരിൽ 30 പേരെയും തിരിച്ചറിഞ്ഞതായാണ് അധികൃതർ പറയുന്നത്. സംഘർഷത്തിൽ പരിക്കേറ്റ കൂടുതൽ പേരെ പ്രവേശിപ്പിച്ച ജിടിബി ഹോസ്പിറ്റലിൽ 34 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ലോക് നായക് ഹോസ്പിറ്റലിൽ മൂന്നും, ജഗ് പ്രവീഷ് ഹോസ്പിറ്റലിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്ത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെ പുരോഗമിക്കുകയാണ്.

ആമിര്‍(30), ഹാഷിം(17), മുഷാറഫ് (35), വിനോദ് കുമാർ(50), വീർഭാൻ(48), സാക്കിർ (26), ഇഷ്തിയാഖ് ഖാൻ (24), ദീപക് കുമാർ (34), അഷാഫഖ് ഹുസൈൻ(22) , പർവേസ് ആലം(50), മെഹ്താബ് (21), മൊഹദ് ഫുർഖാൻ(32), രാഹുൽ സോളങ്കി (26), മുദാസിർഖാൻ (35), ഷാഹിദ് ഖാൻ (35), ഷാഹിദ് ആൽവി(24), അമാൻ (17), മഹറൂഫ് അലി(30), മൊഹദ് യൂസഫ് (52) എന്നിവരാണ് മരിച്ചവരിൽ ചിലരെന്ന് ഇന്ത്യൻ എക്സ്പ്രസ് പറയുന്നത്.

അതേസമയം, സംഘർഷത്തിനിടെ അക്രമികൾ വ്യാപകമായി തോക്കുകൾ ഉപയോഗിച്ചിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി പേർക്ക് വെടിയേറ്റുള്ള പരിക്കുകളുണ്ടെന്നതാണ് ഇത്തരത്തിലുള്ള ഒരു ആരോപണം ഉയരുന്നതിന്റെ പ്രധാന കാരണം. സംഘർഷത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ രത്തൻ ലാല്‍ ഉൾപ്പെടെയുള്ളവർക്ക് വെടിയേറ്റിരുന്നു. സംഘർഷത്തില്‍ മരിച്ച 38 പേരിൽ 21 പേര്‍ക്കും വെടിയേറ്റ പരിക്കുകൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

കൂടാതെ സംഘർഷം ബാധിച്ച പ്രദേശങ്ങളിൽ നിന്നും ഉപയോഗിച്ച 350 ലധികം വെടിയുണ്ടകൾ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 32 മില്ലീമീറ്റർ, .9 മില്ലീമീറ്റർ, .315 മില്ലീമീറ്റർ കാലിബർ എന്നിങ്ങനെയുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രദേശത്തിന് സമീപത്തുള്ള ചില പതിവ് കുറ്റവാളികളാണ് ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന സൂചനകൾ നൽകുന്ന പോലീസ് പ്രാദേശികമായി നിർമ്മിച്ച പിസ്റ്റളുകളും വെടിയുണ്ടകളുമാണ് ഉപയോഗിക്കപ്പെട്ടതിൽ കുടുതലെന്നും പറയുന്നു. കൂടാതെ പരിശോധനകളിൽ വാളുകളുടെയും, പെട്രോൾ ബോംബുകളുടെ ശേഖരവും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

അതേസമയം, അക്രമങ്ങളിൽ 130-ലേറെപ്പേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും 48 എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രത്യേകാന്വേഷണ സംഘങ്ങളുണ്ടാക്കാൻ ഡൽഹി പോലീസ് തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപവീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപവീതവും ആശ്വാസധനം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായും നൽകുന്ന പ്രതികരണം..

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles