സ്വന്തം ലേഖകൻ

ആരോഗ്യ പ്രവർത്തകരോട് മതിയായ സംരക്ഷണ കവചങ്ങൾ ഇല്ലാതെ രോഗികളോട് അടുത്തിടപഴകാനും ചികിത്സിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ് എൻഎച്ച്എസ്. കോവിഡ് 19 രോഗത്തിന്റെ ഗുരുതര സ്വഭാവം മുന്നിൽകണ്ടുകൊണ്ട് ധാരാളം ഡോക്ടർമാരെയും നഴ്സുമാരെയും മുൻ നിര പോരാളികളായി രംഗത്ത് ഇറക്കിയിരുന്നു. എൻഎച്ച്എസ്സിൽ നിന്നും റിട്ടയർ ചെയ്ത 11, 788 ഹെൽത്ത് സ്റ്റാഫിനെ കൂടി തിരിച്ചു വിളിച്ചു കൊണ്ട് ആരോഗ്യ സേനയിലെ അംഗങ്ങളുടെ എണ്ണം 25000 ആയി ഉയർത്തിയിരുന്നുവെന്ന് ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാൻകോക്ക് പറഞ്ഞു.

എന്നാൽ ഇപ്പോൾ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ മതിയായ സുരക്ഷാ കവചങ്ങൾ ഇല്ലാതെ അപകടം പിടിച്ച പണിയാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് ഡോക്ടർമാർ പറഞ്ഞു. സ്വന്തം ജീവൻ അപകടത്തിലാക്കി കൊണ്ടാണ് പലരും തൊഴിലിടത്തിൽ നിൽക്കുന്നത്, രോഗികളോട് ഇടപെടുമ്പോൾ ധരിക്കാനുള്ള സുരക്ഷാകവചത്തിന്റെ ലഭ്യത വളരെ കുറഞ്ഞു വരികയാണ്. പ്രത്യേകിച്ചും രോഗികളുടെ സ്രവങ്ങൾ തെറിച്ചു വീഴാതെ മുഖത്തെ സംരക്ഷിക്കുന്ന മാസ്കിന്റെയും കണ്ണടയുടെയും ലഭ്യതയാണ് ഇപ്പോൾ തീരെ കുറവ്. ബ്രിട്ടനിലെ റോയൽ കോളേജ് ഓഫ് നേഴ്സിങിലെ നാലു ലക്ഷത്തോളം വരുന്ന നേഴ്സുമാരും ഇപ്പോൾ രംഗത്തുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുകയാണെങ്കിൽ ഈ പ്രതിസന്ധിയിൽനിന്ന് രോഗികളെ ആര് രക്ഷിക്കും എന്ന ചോദ്യം ഉയർന്നുവരുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തി രോഗികളെ രക്ഷിക്കേണ്ട അവസ്ഥയാണിപ്പോൾ.

മുഴുവൻ സമയവും ജോലിയിൽ പ്രവേശിക്കുന്നത് കാരണം, കുട്ടികൾ അനാഥരെ പോലെ ഡേ കെയർ സെൻസറുകളിൽ ആണെന്നും. അതൊന്നും സാരമാകുന്നില്ലെങ്കിൽ പോലും ഇമ്മ്യൂണിറ്റി കുറവുള്ള വീട്ടിലെ മറ്റ് അംഗങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ കഴിയില്ലെന്നും ഡോക്ടർമാരുടെ പ്രതിനിധി പറഞ്ഞു.