ന്യൂസ് ഡെസ്ക് മലയാളം യുകെ

വരും ദിവസങ്ങളിൽ പോർച്ചുഗലിനേക്കാൾ ചൂടേറിയ ദിനങ്ങളായിരിക്കും ബ്രിട്ടീഷുകാരെ കാത്തിരിക്കുന്നത്. എന്നാൽ കാലാവസ്ഥ പ്രവാചനം അനുസരിച്ച് കനത്ത കാറ്റും മഴയും വാരാന്ത്യത്തിൽ രാജ്യത്ത് പ്രതീക്ഷിക്കാം. വ്യാഴാഴ്ച്ച രാജ്യത്തിൻെറ പല ഭാഗങ്ങളിലും ചൂടുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത് ഈ ദിവസം രാജ്യത്തിൻെറ തെക്കു ഭാഗങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ആവുമെന്നാണ് കാലാവസ്ഥ പ്രവചനം.ഇത് പോർച്ചുഗലിലെ താപനിലയായ 22 ഡിഗ്രി സെൽഷ്യസിനേക്കാൾ കൂടുതലാണ്. സെപ്റ്റംബർ ആദ്യ പകുതിയിൽ അനുഭവപ്പെടുന്ന ശരാശരി താപനിലയേക്കാൾ ഇത് വളരെ കൂടുതലാണെന്ന് മെറ്റ് ഓഫീസ് ഫോർകാസ്റ്റർ എയ് ഡൻ മക് വെർൺ പറഞ്ഞു. മക് വെർണിൻെറ പ്രവചനമനുസരിച്ച് രാജ്യത്തിൻെറ തെക്ക് ഭാഗങ്ങളിലെ താപനില 23 മുതൽ 24ഡിഗ്രി സെൽഷ്യസ് വരെ ഉയരും. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്,വെയിൽസ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച് മുതൽ നല്ല കാലാവസ്ഥയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചൂടുള്ള കാലാവസ്ഥ വരാന്ത്യത്തോടെ കനത്ത മഴയ്ക്ക് കാരണമാകാമെന്ന് കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു . രാജ്യത്തിൻെറ പല ഭാഗങ്ങളിലും മഴ അനുഭവപ്പെടുന്നതിനാൽ ഇത് പ്രളയത്തിലേയ്ക്ക് വഴിവയ്ക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകി.