ഓണസദ്യ – മലയാളനാടിന്റെ സ്വന്തം രുചിഭേദം : ഡോക്ടർ എ സി രാജീവ്‌ കുമാർ

ഓണസദ്യ – മലയാളനാടിന്റെ സ്വന്തം രുചിഭേദം  : ഡോക്ടർ എ സി രാജീവ്‌ കുമാർ
September 11 01:35 2019 Print This Article

ഡോക്ടർ എ സി രാജീവ്‌ കുമാർ

ആഹാരം ഔഷധമായി ഉപയോഗിച്ചിരുന്ന പഴയ കാലത്തെ ഭക്ഷ്യസംസ്കാരം പാടേ മാറിയതോടെ ഔഷധം ആഹാരമായുപയോഗിക്കേണ്ട നിലയാണ് ഇന്ന്. നാം കഴിക്കുന്ന ആഹാരമാണ് നാമാകുന്നത് എന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.
ഓണം എന്നാൽ ഓണസദ്യയാണ് ആദ്യം മനസ്സിൽ എത്തുക. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്നുള്ള പാചകവും ഒന്നിച്ചിരുന്നുള്ള ഊണും ആഹ്ലാദകരമാണ്. പഞ്ചനക്ഷത്ര ഭക്ഷണത്തെക്കാൾ വിഭവസമുദ്ധമാണ് ഓണസ്സദ്യയിലെ വിഭവങ്ങൾ. അഞ്ചും ആറും വ്യത്യസ്ത കോഴ്‌സുകളുടെ സ്ഥാനത്ത് ഇരുപത്തിയെട്ടു കൂട്ടമുള്ള എട്ടും ഒമ്പതും കോഴ്സ് ഓണസദ്യയിൽ ഉണ്ട്.
സൂപ്പിൽ തുടങ്ങുന്ന ആധുനിക സദ്യവട്ടത്തോട് കിടപിടിക്കുന്ന ചെറുപയർ പരിപ്പ്കറിയും നെയ്യും ചേർത്ത് സദ്യ തുടങ്ങുന്നു. ദഹനവ്യവസ്ഥയെ ഉദ്ദീപിപ്പിക്കാനുള്ള ഈ ഘട്ടത്തിൽ എരിവുള്ള തൊടുകറികൾ ഉപയോഗിക്കും. ഓരോ തവണയും ഇഞ്ചി തൊട്ടു തുടങ്ങണം എന്നാണ് ചിട്ട.
ഹോട്ട് ആൻഡ്‌ സൗർ സൂപ്പിനെ വെല്ലുന്ന സാമ്പാർ ആണ് അടുത്ത ഘട്ടം. മധുരം ഉള്ളതും എരിവ് കുറഞ്ഞവയുമായ് പച്ചടി കിച്ചടി ഓലൻ ഇതോടൊപ്പം ഉപയോഗിക്കുന്നു.
കാളൻ, പുളിശേരി, മോര് കറിയാണ് അടുത്ത ഇനം. അവിയൽ തോരൻ അച്ചാറും കൂട്ടിയാണ് ഈ ഘട്ടത്തിൽ ഉണ്ണുക. രസമാണ് അടുത്തത്. കായവും കുരുമുളകും തക്കാളിയും വെളുത്തുള്ളിയും ചുവന്നുള്ളിയും എല്ലാം ചേർന്നതിനാൽ ഉദര ആരോഗ്യം മെച്ചമാക്കും.
“മോരൊഴിച്ചുണ്ണരുത് ” എന്ന് ഒരു ചൊല്ലുണ്ട്. മോരില്ലാതെ ഉണ്ണരുത് എന്നാണ് ഉദ്ദേശം. അന്നനാള ആരോഗ്യം മികവുള്ളതാക്കാൻ ആവശ്യമായ പ്രോബയോട്ടിക് ബാക്ടീരിയ സമൃദ്ധം ആണ് മോര്.
അതുകൊണ്ടാണ് മോരൊഴിവാക്കരുത് എന്നു പറയുന്നത്.

ആഹാരം സമീകൃതമാകണം. പോഷക സമൃദ്ധവും ആകണം. ഷഡ്രസ സമ്പന്നമായിരിക്കണം എന്നാണ് ആയുർവ്വേദം. മധുരം പുളി ഉപ്പ് കയ്പ്പ് എരിവ് ചവർപ്പ് എന്നീ രസങ്ങളിൽ ആദ്യത്തെ മൂന്നു രസങ്ങൾ വാത ശമനം എന്നും അടുത്ത മൂന്ന് രസങ്ങളും കഫ ശമനം ആയും കഷായം തിക്തമധുര രസങ്ങൾ പിത്ത ശമനം ആയും പറയുന്നു. ശരീരവ്യവസ്ഥകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഇടയാക്കും വിധം ഓരോ രസങ്ങളുടെയും സംയോജനം ശരീര പ്രകൃതിക്കനുസൃതമായി ഉപയോഗിക്കാൻ ശ്രദ്ദിക്കുക.
മധുരം നിറഞ്ഞ വ്യത്യസ്ത തരം പായസം സദ്യക്ക് മാറ്റ് കൂട്ടും. ദഹനശേഷി കൂട്ടാൻ ചുക്കുപൊടി വിതറി ഇളക്കിയാണ് പായസം കിട്ടുക.
സ്വാദിഷ്ടവും പോഷകസമൃദ്ധവും രുചിപ്രദവുമായ ഓണസദ്യ മലയാളനാടിന്റെ സ്വന്തം രുചിഭേദമാണ്.

മലയാളം യുകെ യുടെ എല്ലാ വായനക്കാർക്കും ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിൻെറയും , ഓണാശംസകൾ .

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments