ഇലക്ട്രോണിക് സിഗരറ്റു’കളുടെയും ഇ-ഹുക്കകളുടെയും ഉൽപാദനവും വിൽപ്പനയും രാജ്യത്ത് ശിക്ഷാർഹമായ കുറ്റകൃത്യമായി മാറിയിരിക്കുകയാണ്. ഇതിനായി ഒരു ഓർഡിനൻസിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ഇറക്കുമതിക്കും നിരോധനമുണ്ട്. നിയമലംഘനത്തിന് ജയിൽശിക്ഷ അടക്കമുള്ള വ്യവസ്ഥകളാണ് ഓർഡ‍ിനൻസിലുള്ളത്.ആറ് മാസം തടവും 50,000 വരെ പിഴയും ലഭിച്ചേക്കാം ഇതിന്. ഓർഡിനൻസ് നിലവിൽ വരുന്ന തിയ്യതി മുതൽ ഈ സ്റ്റോക്ക് സംബന്ധിച്ചുള്ള വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കടയുടമകൾ അറിയിക്കേണ്ടതാണ്.

ഇത്തരം സിഗരറ്റുകൾ നിർമിക്കുക, ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, വിതരണം ചെയ്യുക, വിൽക്കുക, കടത്തുക, പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരു വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാം.

സർക്കാരിന്റെ ഉദ്ദേശ്യം?

ജനങ്ങളുടെ ആരോഗ്യത്തെ വലിയതോതില്‍ ബാധിക്കുന്നുവെന്നാണ് സർക്കാർ ഇ സിഗരറ്റുകളെ സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്ന പ്രശ്നം. ഇവയുടെ ഉപയോക്താക്കൾ ചില രോഗങ്ങൾക്ക് അടിപ്പെടുന്നുണ്ട്. “ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഇ സിഗരറ്റുകളുടെ നിരോധനം സഹായിക്കുന്നു. ഇ സിഗരറ്റുകൾക്ക് അടിമയായിപ്പോകുന്ന യുവാക്കളെയും കുട്ടികളെയും അതിൽ നിന്നും രക്ഷിക്കേണ്ടതുണ്ട്. പുകയില ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളെയും രോഗങ്ങളെയും കുറയ്ക്കാൻ ഈ നിരോധനം സഹായകമാകും.”

അതെസമയം, ഇ സിഗരറ്റുകൾ സാധാരണ സിഗരറ്റുകളെക്കാൾ കുറഞ്ഞ അപകടമാണ് ശരീരത്തിന് വരുത്തുകയെന്ന വാദത്തെ ചർച്ചയ്ക്കെടുക്കാൻ കേന്ദ്ര സർക്കാരിന് താൽപര്യമില്ലെന്നും കാണാം. കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാൻ പറയുന്നത് കേൾക്കുക: “ഇതുണ്ടാക്കുന്ന അപകടം ചെറുതോ വലുതോയെന്ന് എന്തിനാണ് നമ്മൾ ചർച്ച ചെയ്യുന്നത്? നിരോധനം ഒരു നല്ല നീക്കമാണ്,” കാബിനറ്റ് ബ്രീഫിങ്ങിനിടെ അവർ പറഞ്ഞു.

പല സിഗരറ്റ് വലിക്കാരും ഇ സിഗരറ്റ് മുഖാന്തിരം തങ്ങൾ സിഗരറ്റ് വലിയുടെ അളവ് കുറച്ചെന്ന് പറയുന്നുണ്ടെങ്കിലും മൊത്തം നിക്കോട്ടിൻ ഉപഭോഗത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.

സിഗരറ്റ് കമ്പനികളുടെ വാദം?

നിരോധനം നടപ്പാക്കിയ കേന്ദ്ര നീക്കത്തെ വിരോധാഭാസമെന്നും കിറുക്കെന്നുമാണ് ഇ സിഗരറ്റ് നിർമാതാക്കളുടെ യോഗമായ ട്രെൻഡ്സ് (The Trade Representatives of Electronic Nicotine Delivery Systems) പറയുന്നത്. പുകവലിക്ക് ഒരു സുരക്ഷിതമായ ബദൽ തന്നെയാണ് ഇ സിഗരറ്റുകളെന്ന് ട്രെൻഡ്സ് കൺവീനർ പ്രവീൺ റിഖി പറയുന്നു. ഏറ്റവും അപകടകാരിയായ ഉൽപ്പന്നം തുടർന്നും വിൽക്കാൻ അനുമതിയുണ്ട് എന്നതാണ് വലിയ വിരോധാഭാസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെ ആസൂത്രിതമായി തെരഞ്ഞെടുത്ത ശാസ്ത്രീയ, വൈദ്യ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിരോധനം നടപ്പാക്കിയിരിക്കുന്നതെന്നും ട്രെൻഡ്സ് ആരോപിക്കുന്നു. തങ്ങളിലൊരാളുടെ പോലും അഭിപ്രായം ആരായാതെയാണ് സർക്കാർ ഈ നീക്കം നടത്തിയത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഏതാണ് 70 വികസിത രാജ്യങ്ങളിൽ ഇ സിഗരറ്റുകൾ നിയമം മൂലം അനുവദനീയമാണെന്ന കാര്യവും പ്രവീൺ റിഖി ചൂണ്ടിക്കാട്ടി. ശക്തരായ പുകയില ലോബികളും പുകയില വിരുദ്ധ ലോബികളും തങ്ങൾക്കെതിരെ ഒന്നിച്ചുവെന്നും അത് സർക്കാരിനെ സ്വാധീനിച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. തങ്ങൾ എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുമെന്ന് ട്രെൻഡ്സ് പറയുന്നു.

നിരോധനം കൊണ്ട് സർക്കാരുണ്ടാക്കുന്ന നേട്ടമെന്ത്?

ഇ സിഗരറ്റ് നിരോധനത്തിന്റെ നേരിട്ടുള്ള ഗുണഭോക്താവ് സർക്കാർ തന്നെയാണ്. പുകയില ബിസിനസ്സിൽ സജീവമായ രണ്ട് കമ്പനികളിൽ സർക്കാരിന് നേരിട്ടും അല്ലാതെയും ഗണ്യമായ ഓഹരിയുണ്ട്. ഐടിസി ലിമിറ്റഡ്, വിഎസ്‌ടി ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളിലാണ് സർക്കാരിന് നിക്ഷേപമുള്ളത്.

നിരോധനം നടപ്പാക്കാനുള്ള കാബിനറ്റ് തീരുമാനം വന്നയുടനെ ഇരു കമ്പനികളുടെയും ഓഹരിവില ഉയരുകയുണ്ടായി. ഐടിസിയിൽ സർക്കാരിനും സർക്കാർ സ്ഥാപനങ്ങൾക്കും 28.64 ശതമാനം ഓഹരിയുണ്ട്. ഈ ഓഹരികളുടെ വില 1.03 ശതമാനം കണ്ട് ഉയരുകയുണ്ടായി.

ഈ വിപണി ഇന്ത്യയിൽ പുതിയതാണ്. എങ്കിലും ഭാവിയിൽ വലിയ വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 2017ൽ 150 ലക്ഷം ഡോളറിന്റെ വിപണിയായിരുന്നു ഇത്. അന്നത്തെ വിശകലനങ്ങള്‍ പ്രകാരം ഈ വിപണി 2022ാമാണ്ടോടെ 60 ശതമാനം കണ്ട് വളരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈയിടെ നടന്ന ഒരു പഠനം പറയുന്നച് 2024ാമാണ്ടോടെ ഇ സിഗരറ്റ് വിപണി രാജ്യത്ത് 45.3 ദശലക്ഷം ഡോളറിന്റേതായി വളരുമെന്നാണ്.

നിലവിൽ രാജ്യത്ത് 460 ബ്രാൻഡുകളാണ് ഇ സിഗരറ്റ് രംഗത്തുള്ളത്. 7,700 ഫ്ലേവറുകളിൽ ഇവ ലഭിക്കുന്നു.

ഇ സിഗരറ്റുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ?

എന്തൊക്കെ അവകാശവാദങ്ങളുണ്ടായാലും നിക്കോട്ടിൻ തന്നെയാണ് സാധാരണ സിഗരറ്റുകളെപ്പോലെ ഇ സിഗരറ്റുകളിലും വില്ലൻ. ഇത്തരം സിഗരറ്റുകളോടും മനുഷ്യർ കീഴ്പ്പെട്ടു പോകുകയും അടിമയാകുകയും ചെയ്യുന്നു. സിഗരറ്റിലെ നിക്കോട്ടിനുണ്ടാക്കുന്ന എല്ലാ ആരോഗ്യപ്രശ്നവും ഇ സിഗരറ്റിലെ നിക്കോട്ടിനുമുണ്ടാക്കും. നിക്കോട്ടിൻ രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയ സ്പന്ദന നിരക്ക് കൂട്ടുകയും ചെയ്യുന്നു. ഹൃദയാഘാത സാധ്യത കൂടുതലാണ്.

ഉപയോക്താവ് വലിക്കുമ്പോൾ അത് സെൻസ് ചെയ്യുകയും തുടർന്ന് അകത്തുള്ള ബാറ്ററിയുടെ ഊർജ്ജമുപയോഗിച്ച് യന്ത്രസംവിധാനങ്ങൾ പ്രവർത്തിച്ച് ദ്രവരൂപത്തിലുള്ള നിക്കോട്ടിൻ നീരാവിയാക്കുന്നു. ഈ ആവിയാണ് വലിക്കുന്നയാൾ ആസ്വദിക്കുന്നത്. സംഗതി വളരെ സുഖകരമാണെങ്കിലും ഇങ്ങനെ നിരന്തരമായി ‘പുകയില ആവി’ കൊള്ളുന്നത് കുറെക്കാലം കഴിയുമ്പോള്‍ വലിയ രോഗങ്ങൾക്ക് കാരണമാകാം. ഇതോടൊപ്പം നിരവധി കെമിക്കലുകളുടെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇത് എന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കുമെന്നതും വ്യക്തമല്ല.