സ്വന്തം ലേഖകൻ

ലണ്ടൻ : ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തുന്ന കോവിഡിന് ഒരു അവസാനം ഉണ്ടാകുമോ? എന്നാൽ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ അനുസരിച്ച് അവർ പറയുന്നത് ലോക രാജ്യങ്ങളിൽ നിന്ന് കൊറോണ അപ്രത്യക്ഷമാകുന്ന ഒരു ദിനം വരുമെന്നാണ്. ബ്രിട്ടനിലും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും കൊറോണ വൈറസ് ഇല്ലാത്തതായി ഇരിക്കുമെന്ന് കരുതുന്ന കൃത്യമായ തീയതി ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുണ്ട്. നിലവിലെ സ്ഥിരീകരിച്ച കേസുകളിൽ നിന്നും മരണങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിച്ച് കോവിഡ് -19 ന്റെ ഭാവി പ്രവചിക്കുന്ന ഒരു ഗണിതശാസ്ത്ര മാതൃക സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് ഡിസൈൻ വികസിപ്പിച്ചു. ഏപ്രിൽ 30 ന് പ്രവചിച്ചതനുസരിച്ച്, ഓഗസ്റ്റ് 27 നകം യുകെ കൊറോണ വൈറസ് മുക്തമാകും. സിംഗപ്പൂർ ജൂൺ 28 നും അമേരിക്ക സെപ്റ്റംബർ 20 നും വൈറസ് രഹിത രാജ്യങ്ങൾ ആയി മാറിയേക്കും.

2020 ഡിസംബർ 4ന് ലോകമെമ്പാടുമുള്ള പകർച്ചവ്യാധി 100% അവസാനിക്കുമെന്ന് അവർ പറയുന്നു. എങ്കിലും പ്രവചനത്തിൽ മാറ്റത്തിന് സാധ്യത ഉണ്ടെന്നും തീയതി അത്ര കൃത്യമല്ലെന്നും അവർ ഊന്നിപറഞ്ഞു. ലോക്ക്ഡൗണിനോട് ചേർന്നുനിൽക്കാത്തതുപോലുള്ള ജനങ്ങളുടെ പ്രവർത്തികൾ പ്രവചിച്ച തീയതിയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ ഉള്ള നിയന്ത്രണ ഇളവ് , ചിലയിടത്തുള്ള കർശന നിയന്ത്രണം എന്നിവയൊക്കെ ഈ തീയതി മാറുന്നതിന് കാരണമായേക്കാം. “പ്രവചിച്ച ചില അവസാന തീയതികളെ അടിസ്ഥാനമാക്കിയുള്ള അമിത ശുഭാപ്തിവിശ്വാസം അപകടകരമാണ്. കാരണം ഇത് നിയന്ത്രണങ്ങളും ചട്ടങ്ങളും തെറ്റിക്കുന്നതിന് കാരണമാകും. വീണ്ടും അത് വൈറസ് വ്യാപനത്തിലേക്ക് നയിച്ചേക്കും.” റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നുണ്ട്. ബ്രിട്ടന്റെ തലസ്ഥാനനഗരിയിൽ രോഗം ഇല്ലാതാവുന്നത് ശുഭലക്ഷണമാണ്. അതിനാൽ തന്നെ അടുത്ത നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ രാജ്യത്തെ മരണനിരക്കിൽ ഇടിവുണ്ടാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ കാൾ ഹെനഗൻ പറഞ്ഞു.