2019 പൊതു തെരഞ്ഞെടുപ്പ് : ഹിന്ദു വോട്ടർമാരെ അനുനയിപ്പിക്കാൻ ലേബർ പാർട്ടി

2019 പൊതു തെരഞ്ഞെടുപ്പ് : ഹിന്ദു വോട്ടർമാരെ അനുനയിപ്പിക്കാൻ ലേബർ പാർട്ടി
November 14 05:00 2019 Print This Article

അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഡിസംബർ 12 ന് നടക്കുന്ന യുകെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് ഹിന്ദു വോട്ടർമാരെ അനുനയിപ്പിക്കാൻ ശ്രമം. കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കിയതാണ് വോട്ടർമാർക്കിടയിൽ ലേബർ പാർട്ടിയോട് എതിർപ്പിന് കാരണമായി തീർന്നത്.

ഓഗസ്റ്റ് അഞ്ചിന് ഇന്ത്യാ ഗവൺമെന്റ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന്, തർക്കപ്രദേശത്ത് മാനുഷിക പ്രതിസന്ധിയുണ്ടെന്നും കശ്മീരിലെ ജനങ്ങൾക്ക് സ്വയം നിർണ്ണയത്തിനുള്ള അവകാശം നൽകണമെന്നും ലേബർ പാർട്ടി അംഗങ്ങൾ സെപ്റ്റംബറിൽ നടന്ന പാർട്ടി സമ്മേളനത്തിൽ പ്രമേയം പാസാക്കിരുന്നു. ഇത് ഹിന്ദു സമുദായങ്ങളിൽ നിന്ന് കടുത്ത രോഷത്തിന് ഇടയാക്കി. പാർട്ടി ഇന്ത്യൻ വിരുദ്ധവും ഹിന്ദു വിരുദ്ധവുമാണെന്ന് പ്രചരിക്കുവാൻ പ്രമേയം കാരണമായി തീർന്നു.

ഒരു പ്രമുഖ ഹൈന്ദവ സംഘടനയുടെ വിമർശനത്തെത്തുടർന്ന് ലേബർ പാർട്ടി ഇപ്പോൾ കോൺഫറൻസ് പ്രമേയത്തിൽ നിന്ന് അകന്നുനിൽക്കുകയാണ്. ഹിന്ദു കൗൺസിൽ യുകെ ചെയർമാൻ ഉമേഷ് ചന്ദർ ശർമ ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിനോട് പറഞ്ഞു, “മിക്ക ഹിന്ദുക്കളും ലേബർ പാർട്ടിയുടെ നിലപാടിൽ വളരെയധികം അസ്വസ്ഥരാണ്. രാഷ്ട്രീയ നിഷ്പക്ഷത പുലർത്തുന്ന ചാരിറ്റിയും ഇതിനെതിരാണ്. സാധാരണയായി ലേബർ പാർട്ടിക്ക് വോട്ടുചെയ്യുന്ന ചിലർ പ്രശ്‌നം കാരണം കൺസർവേറ്റീവുകൾക്ക് വോട്ടുചെയ്യുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

കാശ്മീർ ജനതയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ഭാവി സുരക്ഷിതമാക്കുകയും സമാധാനപരമായ പരിഹാരം ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി കൈക്കൊള്ളണം എന്നാണ് പാർട്ടിയുടെ നിലപാട് എന്ന് ലേബർ പാർട്ടി ചെയർമാൻ ഇയാൻ ലവേറി അറിയിച്ചു. മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയകാര്യങ്ങളിൽ ബാഹ്യഇടപെടലിൽ താൽപര്യമില്ലെന്നും ഇന്ത്യാ വിരുദ്ധമോ പാകിസ്ഥാൻ വിരുദ്ധമോ ആയ നിലപാടുകൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles