ലണ്ടൻ : ചരിത്രപരമായ ആ നിമിഷത്തിലേക്ക് ഇനി കുറച്ച് ദിനങ്ങൾ മാത്രം ബാക്കി. 2019ലെ പൊതുതെരഞ്ഞെടുപ്പ് ബ്രിട്ടന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു. നിരവധി വാഗ്ദാനങ്ങളും പ്രതിജ്ഞകളും മുന്നോട്ട് വച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പോരാട്ടവീര്യം പുറത്തെടുക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ഡിസംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ ചരിത്രപരമായ ഒന്ന് എന്നാണ് പ്രധാനമന്ത്രി ജോൺസൻ വിശേഷിപ്പിച്ചത്. തനിക്ക് ബ്രിട്ടനെ മാറ്റിമറിക്കാനുള്ള ഉദ്ദേശ്യം ആണുള്ളതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കൾ രാജ്യത്തിന്റെ പല ഭാഗത്തേക്കായി യാത്ര ചെയ്യുകയാണ്.
പ്രധാന രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വെക്കുന്ന വാഗ്ദാനങ്ങൾ ഇവയാണ് ;

* അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഓസ്‌ട്രേലിയൻ രീതിയിലുള്ള പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനം അവതരിപ്പിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി പറയുന്നു.
* ഇംഗ്ലണ്ടിലെ വൃദ്ധജനങ്ങൾക്ക് സൗജന്യ പരിചരണവും 2024ഓടെ 10 ബില്യൺ അധിക ഫണ്ടും ലേബർ പാർട്ടി വാഗ്ദാനം ചെയ്യുന്നു.
* ഒരു റീജിയണൽ റീബാലൻസിംഗ് പ്രോഗ്രാം ലിബറൽ ഡെമോക്രാറ്റ്സ് മുമ്പോട്ട് വെക്കുന്നു.

അതേസമയം സ്കോട്ട്‌ലൻഡിന്റെ ഭാവി തന്നെ അപകടത്തിലാണെന്ന് എസ്എൻ‌പി നേതാവ് നിക്കോള സ്റ്റർജിയൻ മുന്നറിയിപ്പ് നൽകി. ബ്രെക്‌സിറ്റിൽ നിന്ന് രക്ഷപ്പെടാനും എൻ‌എച്ച്എസിനെ സംരക്ഷിക്കാനും സ്കോട്ട്‌ലൻഡിന്റെ ഭാവി സുരക്ഷിതമാക്കാനും തന്റെ പാർട്ടിയെ പിന്തുണയ്ക്കണമെന്ന് അവർ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

ഇമിഗ്രേഷൻ സംബന്ധിച്ചുള്ള പ്രധാന വിവരങ്ങൾ കൺസേർവേറ്റിവ് പാർട്ടി പുറത്തു വിട്ടു. 2021 ജനുവരിയോടെ ഈയൊരു നടപടി ആരംഭിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. സംരംഭകർക്കും എൻ‌എച്ച്‌എസിനായി പ്രവർത്തിക്കുന്ന ചില ആളുകൾക്കും ആയിരിക്കും യുകെയിലേക്ക് അതിവേഗ പ്രവേശനം. “ഞങ്ങൾക്ക് മുമ്പുള്ള അഞ്ച് ദിവസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അതാണ് ഇപ്പോൾ പ്രധാനം ” ജോൺസൻ അഭിപ്രായപ്പെട്ടു.

സാമൂഹിക പരിപാലനത്തിനാണ് ലേബർ പാർട്ടി പ്രാധാന്യം നൽകുന്നത്. വയോജനങ്ങൾക്ക് സൗജന്യ വ്യക്തിഗത പരിചരണം ഏർപ്പെടുത്തുമെന്ന് അവർ അറിയിച്ചുകഴിഞ്ഞു. കിംഗ്സ് ഫണ്ടിന്റെ കണക്ക് അനുസരിച്ച് , പരിചരണം നൽകുന്നതിന് 2020-21 ഓടെ ആസൂത്രിത ചെലവുകൾക്ക് മുകളിൽ 6 ബില്യൺ പൗണ്ട് അധികം ആവശ്യമായി വരും. റെയിൽ‌വേ വൈദ്യുതീകരണം മെച്ചപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് പോയിന്റുകളുടെ ലഭ്യത വർദ്ധിപ്പിക്കുക, ബ്രോഡ്‌ബാൻഡ് പ്രവേശനം മെച്ചപ്പെടുത്തുക തുടങ്ങിയവ ലിബറൽ ഡെമോക്രാറ്റ്സ് നൽകുന്ന വാഗ്ദാനങ്ങൾ ആണ്.

തെരഞ്ഞെടുപ്പ് വിജയിച്ചാൽ ലേബർ പാർട്ടി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡൊണെൽ പറഞ്ഞു. ജോൺസന് എതിരെ കടുത്ത മത്സരത്തിനാണ് കോർബിൻ ഒരുങ്ങുന്നതെന്ന് വ്യക്തമാണ്. അതിനാൽ തന്നെ ഈ പൊതുതെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾക്കെല്ലാം വളരെ പ്രധാനപ്പെട്ടതുമാണ്.