ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഹാംഷെയറിലെ ബേസിംഗ്‌സ്റ്റോക്കിൽ നിന്ന് കാണാതായ 13കാരിയുടെ തിരോധാനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറ് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്. എന്നാൽ സംഭവം നടക്കുന്നതിനു മുൻപ് പെൺകുട്ടി റീഡിംഗിലേക്ക് ട്രെയിൻ കയറിയതായി സംശയിക്കുന്നു എന്നുള്ള നിർണായക വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

 

ഡിസംബർ 21 ബുധനാഴ്ച 21:57 നാണ് ലൈല ലയ്ക് എന്ന പതിമൂന്നുകാരി റീഡിങ്ങിലേക്ക് ട്രെയിൻ കയറിയതെന്നും, സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അധികാരികൾ പറഞ്ഞു. ലൈലയെ പറ്റി എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കാൻ താത്പര്യപ്പെടുന്നവർ ദയവായി മുൻപോട്ട് വരണമെന്നും ലൈലയുടെ സഹോദരനും ഒളിമ്പിക് അത്ലറ്റുമായ മോർഗൻ ലയ്ക്ക് ആവശ്യപ്പെട്ടു. 5 അടി 6 ഇഞ്ച് ഉയരവും, ഇരുനിറവും,നീണ്ട തവിട്ട് മുടിയുമുള്ള അവൾ കാണാതായ ദിവസം കറുത്ത പഫർ ജാക്കറ്റും ചാരനിറത്തിലുള്ള ജോഗിംഗ് ബോട്ടുമാണ് ധരിച്ചിരുന്നത്.

ഏറ്റവും ഒടുവിൽ ഹംപ്ഷെയർ പോലീസ് പുറത്തുവിട്ട സി സി ടി വി ദൃശ്യമനുസരിച്ച് ലൈല, റീഡിങ്ങിലേക്ക് ട്രെയിൻ കേറാൻ സ്റ്റേഷനിൽ നിൽക്കുന്നതാണ്. സിമ്മൺസ് വാക്കിലെ വീടിനടുത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് ഇത്. ലൈലയെ കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും, കുടുംബത്തിനോടൊപ്പമാണ് അന്വേഷണസംഘമെന്നും, എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് ഇൻസ്‌പെക്ടർ ഡേവ് സ്റ്റോറി പറഞ്ഞു.