ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- തന്റെ പിതാവിന് അതീവ ഗുരുതര മസ്തിഷ്ക രോഗമായ ഹണ്ടിങ്ടൺ രോഗമുണ്ടെന്ന് തന്നോട് വെളിപ്പെടുത്താഞ്ഞ കാരണത്താൽ എൻ എച്ച് എസിനെതിരെ യുവതി കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തു. തന്നോട് കൃത്യസമയത്ത് വിവരം അറിയിച്ചിരുന്നെങ്കിൽ, തന്റെ കുഞ്ഞിനെ അബോർഷൻ ചെയ്യുമായിരുന്നു എന്ന് അവർ പറയുന്നു. ഈ രോഗം തലമുറകളിലേക്ക് പകരാനുള്ള സാധ്യത 50 ശതമാനമാണ്. മൂന്ന് ആശുപത്രികൾക്കെതിരെ ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.


മസ്തിഷ്കത്തിലെ സെല്ലുകൾ തനിയെ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയാണ് ഹണ്ടിങ്ടൺ രോഗത്തിൽ ഉള്ളത്. ഇത് വ്യക്തിയുടെ സ്വഭാവത്തെയും വളരെ സാരമായി ബാധിക്കും. കേസ് ഫയൽ ചെയ്ത യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തനിക്കും തന്റെ കുഞ്ഞിനും ഈ അസുഖം ബാധിക്കാനുള്ള സാധ്യത 50% ആണ്. 30 മുതൽ 50 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രൂപപ്പെടുക. പരാതിക്കാരിക്ക് ഇപ്പോൾ 40 വയസ്സ് ആണ് ഉള്ളതെന്നും, തന്റെ ഭാവി എന്താകുമെന്ന ആശങ്കയിൽ ആണെന്നും അവർ പറയുന്നു. തന്റെ പ്രഗ്നൻസി കാലഘട്ടത്തിൽ ഈ വിവരം ലഭ്യമായിരുന്നു എങ്കിൽ, കുഞ്ഞിനെ അബോർഷൻ ചെയ്യുമായിരുന്നു എന്നും അവർ പറയുന്നു. 345, 000 പൗണ്ടോളം നഷ്ടപരിഹാരമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.


യുവതിയുടെ ഭാഗത്തും തെറ്റുകൾ ഉണ്ടെന്നാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്. തന്റെ പിതാവിന്റെ രോഗവിവരം അറിഞ്ഞിരിക്കെ, ഗർഭിണിയായ തന്റെ സഹോദരിയെ ഈ വിവരം യുവതി അറിയിച്ചില്ലെന്നും ആരോപണങ്ങളുണ്ട്. കേസ് യുവതിക്ക് അനുകൂലമായി വിധി വരുകയാണെങ്കിൽ, ബ്രിട്ടനിലെ നിലവിലുള്ള നിയമങ്ങൾക്ക് ഒരു മാറ്റം ഉണ്ടാകും. കോടതിയിൽ കേസ് നിലനിൽക്കുകയാണ്.