ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ഒരു ആശയവും അനുഭവവുമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം. എന്നാൽ രാജ്യത്തിന് പുറത്തുള്ള ഫെസ്റ്റിവലുകളില്‍ അംഗീകാരം നേടിയ മലയാള സിനിമകൾ കേരളത്തിന്റെ സ്വന്തം മേളയിൽ ഒഴിവാക്കപ്പെട്ടത് പ്രതിഷേധത്തിന് കാരണമായി മാറി. ഐ എഫ് എഫ് കെ പരിഷ്‌ക്കരിക്കപ്പെടണം എന്ന ആവശ്യവുമായി മുന്നോട്ടെത്തിയത് മൂവ്മെന്റ് ഫോർ ഇൻഡിപെൻഡന്റ് സിനിമ (മൈക്ക് ) ആണ്. കഴിഞ്ഞ വർഷം നിർമിക്കപ്പെട്ട മലയാളത്തിലെ സ്വതന്ത്ര സിനിമകൾ മിക്കതും തഴയപ്പെടുകയും നിരവധി ബോക്സ്‌ ഓഫിസ് സിനിമകൾ മേളയിൽ ഇടം നേടുകയും ചെയ്തു.

‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ തിരഞ്ഞെടുക്കുന്ന കച്ചവടസിനിമകൾ കേരളത്തിൽ തിയേറ്റർ റീലീസ് ചെയ്തവയും ഡിവിഡി ഇറങ്ങിയവയും ഓൺലൈൻ പ്ലാറ്റഫോമുകളിൽ ലഭ്യമാകുന്നവയും ആണ്. ഈ വർഷവും അത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സ്വന്തന്ത്ര സിനിമ പ്രസ്ഥാനം പറയുന്നു. ഇത്തവണ ഈ വിഭാഗത്തിൽ കേരളത്തിലെ തിയേറ്ററുകളിൽ വൻ വിജയം നേടിയ കുമ്പളങ്ങി നൈറ്റ്‌സ്, ഉയരെ, ഉണ്ട, വൈറസ്, ഇഷ്ക്, ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്നിവ പ്രദർശിപ്പിക്കുന്നുണ്ട്.

അക്കാദമിയുടെ സമീപനത്തിനെതിരെ ഒപ്പ് ശേഖരണ പ്രതിഷേധത്തിന് തിരുവനന്തപുരം ടാഗോര്‍ തിയേറ്റർ വേദിയായി. രാജ്യാന്തര വേദികളില്‍ പുരസ്ക്കാരത്തിന് അര്‍ഹമായ ചിത്രങ്ങളെ തിരുവനന്തപുരത്ത് വെട്ടിനിരത്തുന്നത് ഒഴിവാക്കപ്പെടണമെന്ന ആവശ്യം ആസ്വാദകർക്കിടയിലും ശക്തമാണ്. വൈകുന്നേരം മുതൽ പ്രതിഷേധ സ്ഥലത്ത് കൊട്ടും പാട്ടും തീർത്ത് ആസ്വാദകരെ ആകർഷിക്കാനും സിനിമ പ്രവർത്തകർക്ക് കഴിയുന്നു.