കൊവിഡ് 19 ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പൂര്‍ത്തിയാകുമെങ്കിലും 21 ദിവസത്തേയ്ക്ക് കൂടി ലോക്ക് ഡോണ്‍ നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ.ഗോപീകുമാറും അറിയിച്ചു. സംസ്ഥാനത്തേയും രാജ്യത്തെ വിവിധ ഭാഗങ്ങളിലേയും വിദേശത്തേയും ആരോഗ്യ വിദഗ്ധരുമായി കഴിഞ്ഞകുറച്ച് ദിവസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഐഎംഎ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

യുകെ, യുഎസ്, ഇറ്റലി, ജര്‍മ്മനിസ സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാട് ഐഎംഎ സ്വീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും അപേക്ഷിച്ച് കൊവിഡിനെതിരായ പ്രതിരോധത്തില്‍ മികച്ച നടപടികള്‍ കൈക്കൊണ്ട നടപടികള്‍ മികച്ചതാണ്. ഈ നേട്ടം നിലനിര്‍ത്തണമെങ്കില്‍ 21 ദിവസം കൂടി ലോക്ക് ഡൗണ്‍ തുടരണം.

ലോക്ക് ഡൗണ്‍ ഉടന്‍ പിന്‍വലിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകളെത്തുന്ന നിലയുണ്ടാകാം. ഇത് കേരളത്തില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് പല രാജ്യങ്ങളും കേസുകൾ പതിനായിരത്തിനടുത്തെത്തിയപ്പോളാണ് ലോക്ക് ലോക്ക് ഡൗണ്‍ നടപ്പാക്കിയത്. ഇന്ത്യ 500ൽ താഴെ കേസുകൾ നിൽക്കെത്തന്നെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കേസുകൾ പിടിച്ചുനിർത്താൻ സഹായിച്ചതായും ഐഎംഎ വിലയിരുത്തി.