ന്യൂഡല്‍ഹി: നാളെ നടത്താനിരുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് പാകിസ്ഥാന്‍ പി്ന്‍മാറി. ഇപ്പോഴത്തെ നിലയില്‍ ചര്‍ച്ച സാധ്യമല്ലെന്ന് പാക് വിദേശകാര്യ വക്താവ് അറിയിച്ചു. ചര്‍ച്ചകള്‍ക്ക് മറ്റൊരു തിയതി നിശ്ചയിക്കാമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. അതേ സമയം ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിന്റെ അറസ്റ്റുവിവരം സ്ഥിരീകരിക്കാനും പാകിസ്ഥാന്‍ തയ്യാറായില്ല. അസര്‍ അറസ്റ്റിലായതായി പാക് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ അറസ്റ്റ് ചെയ്ത കാര്യം പാകിസ്ഥാന്‍ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് നേരത്തേ പറഞ്ഞിരുന്നു. രണ്ട് ദിവസത്തേക്ക് ഇയാളെയും കൂട്ടാളികളെയും തടവിലാക്കിയിരിക്കുകയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചര്‍ച്ചകള്‍ യഥാസമയം നടക്കുമെന്നാണ് ഇന്ത്യ ഇതുവരെ പറഞ്ഞ് കൊണ്ടിരുന്നത്.

പത്താന്‍കോട്ടിലെ ആക്രമണങ്ങളില്‍ ഉത്തരവാദികളായവരെ പാകിസ്ഥാന്‍ മാതൃകപരമായി ശിക്ഷിക്കുമെന്ന് കരുതുന്നതായും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഷെരീഫ് വിഷയത്തില്‍ ഉറപ്പ് നല്‍കുകയും് ചെയ്തതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ലെന്നാണ് പാക് നിലപാട്.

പത്താന്‍കോട്ടില്‍ നിന്ന് ഭീകരര്‍ വിളിച്ച ഫോണ്‍ നമ്പരുകളടങ്ങിയ തെളിവുകള്‍ പാകിസ്ഥാന്‍ തളളി. ഇത് പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള നമ്പരുകളല്ലെന്നാണ് പാക് അധികൃതര്‍ പറയുന്നത്. ഇന്ത്യയിലേക്ക് ഒരു അന്വേഷണസംഘത്തെ അയക്കാമെന്ന് തങ്ങള്‍ പറഞ്ഞെങ്കിലും ഇന്ത്യന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും പാകിസ്ഥാന്‍ പരാതിപ്പെടുന്നു.

1994ല്‍ അസറിനെ കാശ്മീരില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 1999ല്‍ റാഞ്ചികള്‍ കൈക്കലാക്കിയ എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരെ വിട്ട് കിട്ടാന്‍ വേണ്ടി മറ്റ് രണ്ട് പാക് തീവ്രവാദികള്‍ക്കൊപ്പം ഇയാളെ പിന്നീട് വിട്ടയച്ചു. 155 യാത്രക്കാരുമായി പോയ വിമാനമാണ് കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ട് പോയത്.