ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലൈംഗിക രോഗമായ ഗൊണോറിയയുടെ അപൂർവ രൂപം യുകെയിൽ പടരുന്നതായി മുന്നറിയിപ്പ്. ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഈ സ്‌ട്രെയിൻ, കഴിഞ്ഞ മാസം ഒരു വ്യക്തിയിൽ കണ്ടെത്തിയിരുന്നു. അതിനാൽ പുതിയ പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കണമെന്ന് ഡോക്ടർമാർ കർശനമായ മുന്നറിയിപ്പ് നൽകി.Neisseria gonorrhoeae എന്നറിയപ്പെടുന്ന പുതിയ സ്ട്രെയിൻ Ceftriaxone എന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കും. ഗൊണോറിയയുടെ ഈ രൂപം ഏഷ്യ-പസഫിക് മേഖലയിൽ സാധാരണമാണെങ്കിലും, യുകെയിൽ അപൂർവമാണ്.

ഗൊണോറിയയുടെ ഈ സ്ട്രെയിൻ യുകെയിൽ കണ്ടെത്തുന്നത് ഒരു പ്രതിസന്ധിയാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ (യുകെഎച്ച്എസ്എ) ഡോ കാറ്റി സിങ്ക പറഞ്ഞു. സ്ഥിര പങ്കാലയില്ലാത്തവർ ഗൊണോറിയയുടെയും മറ്റ് ലൈംഗിക രോഗങ്ങളുടെയും അപകടസാധ്യത കുറയ്ക്കുന്നതിന്, കോണ്ടം ഉപയോഗിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന, മലാശയ വേദന, അസ്വസ്ഥത, യോനിയിൽ നിന്നോ ലിംഗത്തിൽ നിന്നോ പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലെ സ്രവം എന്നിവയാണ് ഗൊണോറിയയുടെ സാധാരണ ലക്ഷണങ്ങൾ.

എന്നിരുന്നാലും, രോഗബാധിതരായ പലരും ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഗൊണോറിയ ഗുരുതരമായ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ നേരത്തെയുള്ള ചികിത്സ നിർണായകമാണ്. ലൈംഗികരോഗബാധയിൽ നിന്ന് സ്വയം പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെ പരിശോധന നടത്താമെന്നും ആരോഗ്യ വിദഗ്ധർ അറിയിപ്പ് നൽകിയിട്ടുണ്ട്.