ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിരവധി പേരാണ് തങ്ങളുടെ കാറുകളിൽ വളർത്ത് നായ്ക്കളെ കൊണ്ടുപോകുന്നത്. എന്നാൽ ഇങ്ങനെ കൊണ്ടുപോകുന്നത് വഴി 5,000 പൗണ്ട് വരെ വലിയ പിഴ ഈടായേക്കാമെന്ന് വിദഗ്ദ്ധർ. നായ ഉടമകളായ 10 ഡ്രൈവർമാരിൽ ആറ് പേർ നിയമം ലംഘിക്കുകയും കാറുകളിൽ നായ്ക്കളെ സ്വതന്ത്രരായി വിടുകയും ചെയ്യുന്നതായി പുതിയ കണക്കുകൾ പറയുന്നു. ഇത്തരത്തിൽ യുകെയിലെ ഏകദേശം 13.5 ദശലക്ഷം നായ്ക്കളിൽ 8 ദശലക്ഷം നായ്ക്കളും വാഹനാപകടം മൂലമുണ്ടാകുന്ന ഗുരുതര പരിക്കുകൾക്കോ മരണത്തിനോ ഇരയാകുന്നു. ഇതിന് പുറമെ, അശ്രദ്ധമായി വാഹനം ഓടിക്കുന്നത് വഴി കാർ അപകട സാധ്യതയും വർദ്ധിക്കുന്നു.
ആശങ്കാജനകമെന്നു പറയട്ടെ, ഇത്തരത്തിൽ നായ്ക്കളെ കൊണ്ടുപോകുന്ന മിക്ക വാഹന ഉടമകൾക്കും തങ്ങൾ ചെയ്യുന്നത് നിയമലംഘനമാണെന്ന് അറിയില്ല. വളർത്തുനായയെ മടിയിൽ ഇരുത്തുക, നായയുടെ തല ജനാലയിലൂടെ പുറത്തേക്ക് വയ്ക്കുക, വളർത്തുമൃഗങ്ങളെ കാറിൽ ഒരു നിയന്ത്രണവുമില്ലാതെ കാറിൽ അഴിച്ച് വിടുക തുടങ്ങിയവ നിത്യ സംഭവങ്ങളാണ്. ഇത്തരത്തിൽ വാഹനമോടിക്കുന്നവർക്ക് മൂന്ന് മുതൽ ഒമ്പത് വരെ പെനാൽറ്റി പോയിന്റുകളും 1,000 പൗണ്ട് പിഴയും ലഭിക്കും. ഇത് കോടതിയിൽ എത്തിയാൽ 5,000 പൗണ്ടായി ഉയരും.
വളർത്തുമൃഗങ്ങളുടെ യാത്രാ സുരക്ഷയെ കുറിച്ച് അവബോധം വളർത്തുന്നതിനും മൃഗങ്ങൾക്ക് അനാവശ്യമായ പരിക്കുകൾ തടയുന്നതിനുമായി ‘ഇമാജിൻ ദി ഇംപാക്റ്റ്’ എന്ന പേരിൽ ഒരു കാമ്പെയ്‌ൻ പരിപാടി ഉടൻ നടക്കും. വളർത്തുമൃഗങ്ങളുടെ കാർ സീറ്റുകൾ ഉത്പാദിപ്പിക്കുന്ന കമ്പനിയായ ടാവോ എന്ന കമ്പനിയാണ് ഈ സംരംഭം ആരംഭിക്കുന്നത്. കാറുകളിൽ വളർത്തുമൃഗങ്ങളെ വേണ്ട സുരക്ഷയില്ലാതെ കൊണ്ടുപോകുന്നതിൻെറ അപകടങ്ങളെ കുറിച്ച് ഊന്നിപ്പറഞ്ഞ ടിവി വെറ്റ് ഡോ. സ്കോട്ട് മില്ലറുടെ പിന്തുണയോടെയാണ് ഈ കാമ്പെയ്‌ൻ നടക്കുന്നത്. ഡ്രൈവറുടെ ശ്രദ്ധ തിരിക്കാതിരിക്കാനും പെട്ടെന്ന് നിർത്തുമ്പോൾ പരിക്കുകൾ തടയാനും നായ്ക്കൾക്ക് വേണ്ട സുരക്ഷാ ഫീച്ചറുകൾ നൽകണമെന്ന് ഹൈവേ കോഡ് പറയുന്നു.
Leave a Reply