ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയിലെ ഏകദിന പരമ്പരകളിലെ വിജയ തുടര്‍ച്ച തേടിയാണ് ഓസീസ് ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 3-2നായിരുന്നു ഇന്ത്യക്കെതിരെയുള്ള ഓസ്‌ട്രേലിയയുടെ പരമ്പര വിജയം. ഇന്ത്യയില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള വിദേശ ടീമാണ് ഓസ്ട്രേലിയ. ഇന്ത്യയില്‍ കളിച്ച 91 ഏകദിനങ്ങളില്‍ 52 തവണ വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് 34 മത്സരങ്ങളില്‍. ഇതില്‍ ഇന്ത്യയില്‍ ഇന്ത്യക്കെതിരെ കളിച്ചത് 61 തവണ. 29 വിജയവും 27 പരാജയവുമാണ് ഓസീസിന്റെ അക്കൗണ്ടിലുള്ളത്. ഇന്ത്യയില്‍ ഒരു വിദേശ ടീമിന്റെ മികച്ച വിജയശരാശരിയാണ് ഓസ്ട്രേലിയയുടേത്.

ഇരുരാജ്യങ്ങളും മുഖാമുഖം വന്ന ഒന്‍പത് പരമ്പരകളില്‍ അഞ്ചെണ്ണത്തില്‍ ജയിക്കാന്‍ കങ്കാരുക്കള്‍ക്കായി. ഇതും വിദേശ ടീമുകളില്‍ റെക്കോര്‍ഡാണ്. അഞ്ചില്‍ നാല് പരമ്പര ജയങ്ങളും 1994-2009 കാലഘട്ടത്തിലാണ്. തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടവും(1987), 2006ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഓസീസ് നേടിയത് ഇന്ത്യയില്‍ വെച്ചാണ്. എന്നാല്‍ 2011ലെ ഏകദിന ലോകകപ്പില്‍ അഹമ്മദാബാദില്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റ് മടങ്ങി.

ശ്രീലങ്കന്‍ പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തുമ്പോള്‍ ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം മികച്ച ഫോമില്‍ കളിക്കുന്ന കെ.എല്‍.രാഹുലോ ഓാസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ശിഖര്‍ ധവാനോ ആരിറങ്ങും എന്നത് വ്യക്തമല്ല. അതേസമയം രാഹുലിനു വണ്‍ ഡൗണ്‍ പൊസിഷനില്‍ അവസരം നല്‍കാന്‍ താന്‍ നാലാമനായി ഇറങ്ങാന്‍ തയാറാണെന്ന് ക്യാപ്റ്റന്‍ കോലി വ്യക്തമാക്കിയിരുന്നു. പരിക്കു മാറി പേസ് ബോളര്‍ ജസ്പ്രീത് ബുമ്ര ശക്തമായി തിരിച്ചെത്തിയതും ടീമിന് ആശ്വാസമാണ്.

ലബുഷെയ്ന്‍, ഐപിഎല്‍ കളിച്ച് ഇന്ത്യന്‍ പിച്ചുകളെയും ബോളര്‍മാരെയും നന്നായി മനസ്സിലാക്കിയിട്ടുള്ള സ്മിത്തും വാര്‍ണറും തന്നെയാകും ഇത്തവണ ഓസീസ് ബാറ്റിങ് നിരയെ നയിക്കുക. ബൗളിംഗ് നിരയെ കുറിച്ച് പറയുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവരുടെ പേസ് കരുത്താണ് ഓസീസിന്റെ ആയുധം. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം ആരംഭിക്കുക. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും വാംഖഡെയില്‍ പരിശീലനം നടത്തി. രണ്ടാം ഏകദിനം 17ന് രാജ്കോട്ടിലും മൂന്നാം മത്സരം 19ന് ബെംഗളൂരുവിലും നടക്കും.