ജയലളിത ആശുപത്രിയില്‍ കഴിയുമ്പോള്‍ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്ത് വിട്ടു

ജയലളിത ആശുപത്രിയില്‍ കഴിയുമ്പോള്‍ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്ത് വിട്ടു
May 27 06:38 2018 Print This Article

ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അവസാന കാലത്തു ചികിത്സയിലിക്കെ ഡോക്ടറോടു സംസാരിക്കുന്നതിന്റെ സംഭാഷണ ശകലങ്ങൾ പുറത്തുവിട്ട് അന്വേഷണ കമ്മിഷൻ. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റെക്കോർഡ് ചെയ്തുവച്ചിരുന്ന ശബ്ദം ഏകാംഗ കമ്മിഷൻ ജസ്റ്റിസ് എ.അറുമുഖ സ്വാമി മാധ്യമങ്ങൾക്കു കൈമാറിയത്. ആശുപത്രിയിൽ ജയയുടെ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാർ കമ്മിഷനു കൈമാറിയതാണ് ഇത്. 2016ൽ അവസാനമായി ജയയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ളതായിരുന്നു ഇത്.

1.07 മിനിറ്റുള്ള ഓഡിയോ ക്ലിപ്പാണു പുറത്തുവന്നത്. ഓഡിയോയിൽ ഉടനീളം ആശുപത്രി മോണിട്ടറിന്റെ ‘ബീപ്’ ശബ്ദവും കേൾക്കാം. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി പറഞ്ഞു കൊണ്ടാണു തുടക്കം. ‘(ശ്വാസമെടുക്കുമ്പോൾ) എന്റെ ചെവിയിൽ ഒരുതരം ശബ്ദം കേൾക്കുന്നുണ്ട്. തിയേറ്ററുകളിൽ കാഴ്ചക്കാർ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണത്– ഓഡിയോയിൽ ജയലളിത പറയുന്നു. ശ്വാസമെടുക്കുന്നതിനിടെ ഉണ്ടാകുന്ന ശബ്ദം റെക്കോർഡ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടോയെന്നും അവർ ചോദിക്കുന്നുണ്ട്. ഇല്ലെങ്കിൽ അക്കാര്യം വിട്ടുകളയാനും ഡോക്ടറോടു പറയുന്നുണ്ട്.

രണ്ടാമത്തെ റെക്കോർഡിങ് 33 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. താൻ ജയലളിതയുടെ ശ്വാസോച്ഛോസം റെക്കോർഡ് ചെയ്തെന്നും പേടിക്കാനൊന്നുമില്ലെന്നും അതിൽ ഡോ. ശിവകുമാർ പറയുന്നുണ്ട്. ജയലളിത പറഞ്ഞതിനു പിന്നാലെ താൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെന്നും ശിവകുമാർ വ്യക്തമാക്കുന്നുണ്ട്.

തന്റെ രക്തസമ്മർദം എത്രയാണെന്നു ഡ്യൂട്ടി ഡോക്ടറോടു ജയലളിത ചോദിക്കുന്നതും അവർ നൽകുന്ന ഉത്തരവുമാണ് റെക്കോർഡ് ചെയ്തിട്ടുള്ളതിലൊന്ന്. 140 ആണു രക്തസമ്മർദം എന്നും അത് ഉയർന്ന തോതാണെന്നും ഡോക്ടർ പറയുന്നു. പിന്നീട് 140/80 ആണെന്നു പറയുമ്പോൾ അതു തനിക്ക് ‘നോർമൽ’ ആണെന്നു ജയലളിത പറയുന്നതായി ഓഡിയോയിൽ കേൾക്കാം. ആശുപത്രിയിലായിരിക്കെ ജയലളിതയ്ക്കു കനത്ത ശ്വാസതടസ്സം ഉണ്ടായിരുന്നതായും വ്യക്തമാണ്. തുടർച്ചയായി ചുമച്ചു കൊണ്ടായിരുന്നു ജയയുടെ സംസാരം.

2016 സെപ്റ്റംബർ 27നു രാത്രി അപ്പോളോ ഹോസ്പിറ്റലിൽ വച്ചു താൻ ജയയുടെ ശബ്ദം റെക്കോർഡ് ചെയ്തതായി നേരത്തേ ശിവകുമാർ കമ്മിഷനോടു പറഞ്ഞിരുന്നു. ഇക്കാര്യം ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ അനുയായി എൻ. രാജ സെന്തൂർ പാണ്ഡ്യൻ പുറത്തുവിടുകയും ചെയ്തു. ജയയ്ക്കു ശ്വാസതടസ്സം വന്നപ്പോഴായിരുന്നു ഓഡിയോ റെക്കോർഡ് ചെയ്തത്. ശബ്ദം ഒരു സ്പെഷലിസ്റ്റ് ഡോക്ടർക്ക് കൂടുതൽ പരിശോധനകൾക്കായി അയച്ചു കൊടുക്കുകയും ചെയ്തു.

2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയയ്ക്ക് 27നാണു ശ്വാസതടസ്സം നേരിട്ടത്. ഒക്ടോബറിൽ ശ്വാസനാളത്തിൽ ശസ്ത്രക്രിയ നടത്തി. അതിനു ശേഷം ഒരിക്കൽ ഏറെ പാടുപെട്ട് ജയയ്ക്കു സംസാരിക്കാൻ സാധിച്ചിരുന്നതായും ശിവകുമാർ കമ്മിഷനോടു പറഞ്ഞു. ചില ചിത്രങ്ങൾ കാണിച്ചപ്പോൾ അതു തിരിച്ചറിയുകയും ചെയ്തു.

ഓഗസ്റ്റിൽ താൻ ജയലളിതയ്ക്കു നൽകിയ ഡയറ്റിങ് ചാർട്ടിനെപ്പറ്റിയും ശിവകുമാർ പറഞ്ഞു. അതെല്ലാം സ്വന്തം കൈപ്പടയിൽ എഴുതിയാണു ജയലളിത നോക്കിയിരുന്നത്. ആ കുറിപ്പും ഡോക്ടർ കമ്മിഷനു മുന്നിൽ ഹാജരാക്കി. തന്റെ ആരോഗ്യനില സംബന്ധിച്ചു ജയ ബോധവതിയായിരുന്നെന്നും ശിവകുമാർ പറയുന്നു. ആ സമയത്ത് 106.9 കിലോയായിരുന്നു ജയലളിതയുടെ ഭാരം. ‘പനിനീർ’ കുടിച്ചാണു ദിവസം ആരംഭിച്ചിരുന്നത്. രാവിലെ 4.55ന് അതു കഴിച്ച് പിന്നീട് 5.45ന് ഒരു ഗ്രീൻ ടീ പതിവാണ്. പ്രാതലിന് ഒരു ഇഡലിയും നാലു കഷ്ണം ബ്രെഡും. ഇതോടൊപ്പം 230 മില്ലി ലീറ്റർ ഇളനീരും 400 മില്ലി കാപ്പിയും. രാവിലെ 5.05നും 5.35നും ഇടയിലായിരുന്നു ഈ ഭക്ഷണം.

ഉച്ചയ്ക്കു രണ്ടിനും 2.35നും ഇടയ്ക്കായിരുന്നു ഭക്ഷണം. ഒന്നരക്കപ്പ് ബസ്മതി ചോറുംഒരു കപ്പ് തൈരും അരക്കപ്പ് തയ്ക്കുമ്പളവും കഴിക്കും. വൈകിട്ട് 5.45നു കാപ്പി പതിവാണ്. വൈകിട്ട് ആറരയ്ക്കും 7.15നും ഇടയിലായിരുന്നു അത്താഴം. കപ്പലണ്ടിയും ഉണങ്ങിയ പഴങ്ങളും അരക്കപ്പ്, ഇഡലിയോ ഉപ്പുമാവോ ഒരു കപ്പ്, ഒരു ദോശ, രണ്ടു കഷ്ണം ബ്രെഡ്, 200 മില്ലി പാൽ ഇതായിരുന്നു ഭക്ഷണം. ഒപ്പം പ്രമേഹത്തിനുള്ള ഗുളികകളും. ഇതെല്ലാം സ്വന്തം കൈപ്പടയിൽ, പച്ച മഷിയിൽ എഴുതി വച്ചിരുന്ന ജയയുടെ കുറിപ്പും ഡോ.ശിവകുമാർ ഹാജരാക്കി.

ജയലളിത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന്റെയും പിന്നീട് 2016 ഡിസംബർ അഞ്ചിനു മരണപ്പെട്ടതിന്റെയും പിന്നിലെ കാരണങ്ങളാണ് കമ്മിഷൻ അന്വേഷിക്കുന്നത്. നിലവിലെ ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ഉൾപ്പെടെ ഒട്ടേറെ പേർ ജയലളിതയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. 2017 ഏപ്രിലിലാണ് അറുമുഖസാമി കമ്മിഷനെ സർക്കാർ നിയോഗിച്ചത്.

അതേസമയം തൂത്തുക്കുടിയിലെ വെടിവയ്പിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ജയലളിതയുടെ ശബ്ദം പുറത്തുവിട്ടതിലൂടെ കമ്മിഷൻ നടത്തുന്നതെന്ന് ഡിഎംകെ വർക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിൻ ആരോപിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles