തോപ്പുംപടി പാലത്തിൽ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ച 20കാരിയെ രക്ഷിച്ച കൊച്ചിക്കാരന്‍ ഫ്രീക്കൻ പയ്യന് കയ്യടികളോടെ സോഷ്യല്‍മീഡിയ; കുമ്പളങ്ങി കല്ലഞ്ചേരി സ്വദേശിയായ ജീവന്റെ സാഹസികത ഇങ്ങനെ ?

തോപ്പുംപടി പാലത്തിൽ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ച 20കാരിയെ രക്ഷിച്ച കൊച്ചിക്കാരന്‍ ഫ്രീക്കൻ പയ്യന് കയ്യടികളോടെ സോഷ്യല്‍മീഡിയ; കുമ്പളങ്ങി കല്ലഞ്ചേരി സ്വദേശിയായ ജീവന്റെ സാഹസികത ഇങ്ങനെ ?
March 01 06:17 2018 Print This Article

തോപ്പുംപടി ഹാര്‍ബര്‍പാലത്തില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് സ്വന്തം ജീവന്‍ പണയംവച്ച് യുവാവ് രക്ഷനായി.

അര്‍ധരാത്രിക്കുശേഷം കായലില്‍ ചാടിയ പള്ളുരുത്തി സ്വദേശിനിയെയാണ് കുമ്പളങ്ങി കല്ലഞ്ചേരി ആന്റണിയുടെ മകന്‍ ജീവന്‍ (19) സാഹസികമായി രക്ഷിച്ചത്. വേലിയേറ്റവും കനത്ത ഇരുട്ടും വകവയ്ക്കാതെയായിരുന്നു ജീവന്റെ ഇടപെടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30നാണ് സംഭവം.

തോപ്പുംപടി ചിക്കിങ്ങിലെ വിതരണക്കാരനായ ജീവന്‍ സഹപ്രവര്‍ത്തകനോടൊപ്പം ഇരുചക്രവാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിന് തേവരയിലേക്ക് പോകുമ്പോഴാണ് ഹാര്‍ബര്‍പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടത്. ആരോ കായലില്‍ ചാടിയെന്ന് നാട്ടുകാരില്‍നിന്നറിഞ്ഞ ജീവന്‍ സമയംകളയാതെ പാലത്തിന്റെ താഴെ മണല്‍തിട്ടയിലേക്ക് ഇറങ്ങി.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് വസ്ത്രങ്ങള്‍ ഊരിനല്‍കി കൂരിരുട്ടില്‍ ലക്ഷ്യസ്ഥാനം നോക്കി നീന്തി. തെക്കോട്ട് വേലിയേറ്റം ഉള്ളതിനാല്‍ 150 മീറ്റര്‍ നീന്തിയാണ് യുവതിയുടെ അടുത്തെത്തിയത്. എന്നാല്‍ യുവതി രക്ഷപ്പെടേണ്ട എന്ന അര്‍ഥത്തില്‍ ജീവനെ തള്ളുകയും ചവിട്ടുകയും ചെയ്തതോടെ ഇരുജീവനും അപകടത്തിലായി.

ആത്മധൈര്യം വിടാതെ ബലംപ്രയോഗിച്ച് യുവതിയെ മുതുകില്‍ പിടിച്ചുവച്ച് കായലിലൂടെ ബിഒടി പാലവും കഴിഞ്ഞ് കുണ്ടന്നൂര്‍ റോഡിലെ കായല്‍തീരത്ത് എത്തിച്ചു.

തോപ്പുംപടി സ്‌റ്റേഷനിലെ എഎസ്‌ഐമാരായ കെ എം രാജീവ്, ശ്രീജിത്, സിപിഒ കെ ജെ പോള്‍ എന്നിവരെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി.

പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് രാത്രി വീട്ടില്‍നിന്നിറങ്ങിയ യുവതി സൈക്കിള്‍ ചവിട്ടിയാണ് ഹാര്‍ബര്‍പാലത്തില്‍ എത്തി കായലിലേക്ക് ചാടിയത്.

ആരാണെന്ന് അറിയില്ലെങ്കിലും ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ജീവന്‍ പറഞ്ഞു. ആ സമയത്തെ ആത്മധൈര്യവും ഗുണമായതായി ജീവന്‍ കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളിയുടെ മകനായ ജീവന് നീന്തല്‍ നല്ലപോലെ വശമാണ്.

എന്നാല്‍ സാധാരണ ദിവസം പോലെതന്നെ രാവിലെ ജോലിക്കായി ചിക്കിങ്ങില്‍ എത്തിയ ജീവന് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles