ഏതാനും വർഷങ്ങൾക്ക് മുൻപ് യുകെയിലെ ബിസിനസ് രംഗത്ത് സജീവമായിരുന്ന നിർമാതാവ് ജോബി ജോർജ് ഇന്ന് തന്റെ ഭാഗം ന്യായികരിച്ചുകൊണ്ട് രംഗത്ത് വന്നു . 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്‍ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചു.

‘മൂന്ന് വർഷമായി സാമ്പത്തികമായി പ്രതിസന്ധിയിലാണ്. വെയിൽ സിനിമയ്ക്കു വേണ്ടി ഇപ്പോൾ തന്നെ 4 കോടി 82 ലക്ഷം മുടക്കി കഴിഞ്ഞു. ലോൺ എടുത്താണ് സിനിമയ്ക്കു വേണ്ടി പൈസ ഇറക്കിയത്. ഈ രീതിയിൽ ഇനി ചിത്രം മുന്നോട്ടുപോയാൽ സാമ്പത്തികമായി ബാധിക്കും. അതുകൊണ്ടാണ് ഈ ചിത്രത്തിലെ നായകനോട് കൂടുതൽ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്. സിനിമ തുടങ്ങുന്ന സമയത്ത് 30 ലക്ഷം രൂപ പ്രതിഫലം വേണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ കുറച്ച് അഭിനയിച്ച ശേഷം 40 ലക്ഷമാണ് ചോദിച്ചത്. 30 ലക്ഷം രൂപ ഇപ്പോൾ കൈപ്പറ്റി കഴിഞ്ഞു. പക്ഷേ പടം പൂർത്തിയാക്കി തന്നിട്ടില്ല. ഒരിക്കലും വധ ഭീഷണി മുഴക്കിയിട്ടില്ല. തന്റെ അവസ്ഥ മാത്രം പറയുകയാണ് ഉണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നായകനെ അറിയിച്ചിരുന്നു.’–ജോബി പറഞ്ഞു.

സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയിന്‍ നിഗം ഇന്നലെ രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഷെയ്‌നിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു സിനിമയിൽ അഭിനയിക്കുന്നതിനു വേണ്ടി മുടിെവട്ടി എന്നതാണ് താൻ ചെയ്ത കുറ്റമെന്ന് ഷെയ്ൻ ആരോപിക്കുന്നു.

നിർമാതാവിനെതിരെ ഷെയ്ൻ ‘അമ്മ’യ്ക്കു നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ:

ഷെയ്ൻ ഇപ്പോൾ അഭിനയിക്കുന്ന രണ്ടു സിനിമകളിൽ ഒന്ന് ഗുഡ്‌വില്ലിന്റെ ബാനറിൽ നിർമിക്കുന്ന ‘വെയിലും’ വർണചിത്രയുടെ ബാനറിലെ ‘ഖുർബാനി’യുമാണ്. വെയിലിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനിയിൽ അഭിനയിക്കുമ്പോൾ ഗെറ്റപ് ചേഞ്ചിന് രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ സമ്മതത്തോടെ മുടി വെട്ടേണ്ടി വന്നു.

അതിൽ മുടിയുടെ പുറകു വശം കുറച്ചു കൂടുതൽ വെട്ടിപ്പോയി. അതു മനഃപൂർവമല്ല, ഫുഡ് പോയിസന്റെ പനി കാരണം ക്ഷീണിതനായിരുന്നു. അതിനാൽത്തന്നെ ഷൂട്ടിങ്ങും നിർത്തിവച്ചിരിക്കുകയായിരുന്നു.

മുടി വെട്ടി കാരക്ടർ ലുക്കിനു വേണ്ടി ജെൽ പുരട്ടി മേക്ക് ഓവർ ചെയ്ത ഫോട്ടോ വാട്സാപ്പിൽ അപ്‌ലോഡ് ചെയ്തിരുന്നു. അതു കണ്ടപ്പോഴാണ് ജോബി ജോർജ്, നിജസ്ഥിതി മനസ്സിലാക്കാതെ, വെയിൽ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നും പറഞ്ഞ് ഫോണിലൂടെ മോശമായി സംസാരിച്ച് അപമാനിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ കരിയറിനെതിരെ കുപ്രചരണം നടത്തുമെന്നായിരുന്നു ഒരു ഭീഷണി. ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമുള്ള ഭീഷണിയും ജോബി ഫോണിലൂടെ പറഞ്ഞു. ഇതിനർഥം ജോബി ജോർജ് തന്നെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ്. അതിനാൽ തനിക്ക് എന്ത് അപകടം സംഭവിച്ചാലും അതിന്റെ എല്ലാ ഇത്തരവാദിത്തവും ജോബിക്കായിരിക്കുമെന്നും ‘അമ്മ’യ്ക്കു നൽകിയ പരാതിയിൽ പറയുന്നു.

തെളിവായി വോയിസ് മെസേജും ഫോട്ടോകളും ‘അമ്മ’ ഭാരവാഹിയായ ഇടവേള ബാബുവിനു കൈമാറിയിട്ടുണ്ട്. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള തീരുമാനം കൈക്കൊള്ളണമെന്നും പരാതിയിൽ ഷെയ്ൻ ആവശ്യപ്പെട്ടു.