രാവിലെ ഉണരാൻ താമസിച്ച അമ്മയെ തട്ടിവിളിക്കുന്ന പറക്കമുറ്റാത്ത കുട്ടികൾ അറിഞ്ഞില്ല യുകെയിലെ നേഴ്‌സായ അമ്മ അവരെ വിട്ടുപോയെന്ന്… ഉറക്കത്തിൽ മരണം തട്ടിയെടുത്തത് കോട്ടയം സ്വദേശിനിയായ കൽപ്പന ബോബിയെ

രാവിലെ ഉണരാൻ താമസിച്ച അമ്മയെ തട്ടിവിളിക്കുന്ന പറക്കമുറ്റാത്ത കുട്ടികൾ അറിഞ്ഞില്ല യുകെയിലെ നേഴ്‌സായ അമ്മ അവരെ വിട്ടുപോയെന്ന്… ഉറക്കത്തിൽ മരണം തട്ടിയെടുത്തത് കോട്ടയം സ്വദേശിനിയായ കൽപ്പന ബോബിയെ
August 18 10:47 2019 Print This Article

വളരെ നാളത്തെ ആലോചനകൾക്കും കണക്കുകൂട്ടലും ഒക്കെ നടത്തിയാണ് യുകെ മലയാളികൾ ഒരു അവധിക്കാലം ചെലവഴിക്കാനായി ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഇത്തരത്തിൽ നാട്ടില്‍ അവധിക്ക് പോയമലയാളി നഴ്‌സിന്റെ മരണം സഹപ്രവർത്തകരെ മാത്രമല്ല മറിച്ച് യുകെ മലയാളികളെ മൊത്തമായിട്ടാണ് ഞെട്ടിച്ചിരിക്കുന്നത്. പ്രിയങ്ക എന്ന് ഓമനപ്പേരിൽ അറിയപ്പെടുന്ന കല്പന ബോബി എന്ന ലീഡ്‌സിലെ മലയാളി നഴ്‌സാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് അറിയുന്നത്. മരണം സംഭവിച്ചത് ഉറക്കത്തിൽ ആയിരുന്നു. ജയ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ജയ്ന്‍ ബോബിയുടെ വീട്ടിൽ വച്ചാണ് കല്പ്പനയ്ക്ക് മരണം സംഭവിച്ചത്.

കോട്ടയം പാമ്പാടി സ്വദേശി കല്പ്പന രക്ഷിതാക്കള്‍ക്കൊപ്പം അവധിയാഘോഷിച്ച ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജയ്‌നിന്റെ രക്ഷിതാക്കള്‍ താമസിക്കുന്ന ജയ്പൂരില്‍ എത്തിയത്. രണ്ട് ദിവസം കഴിഞ്ഞ് യുകെയിലേക്ക് മടങ്ങി എത്താനുള്ള തയ്യാറെടുപ്പിനിടെയാണ് കല്പ്പനയെ മരണം കീഴ്പ്പെടുത്തിയത്. കല്പനക്ക്  38 വയസായിരുന്നു. കള്ളനെപ്പോലെ ഇന്നലെ രാവിലെയാണ് കല്പ്പനയെ മരണം കവർന്നത്. യുകെയിലേക്ക് മടങ്ങാനുള്ള ഷോപ്പിങ് കഴിഞ്ഞ് താമസിച്ച് ഉറങ്ങാന്‍ കിടന്ന കല്പ്പന രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് കുട്ടികള്‍ വിളച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ഭര്‍ത്താവ് ബോബി പതിവ് പോലെ നടക്കാന്‍ പോയതായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്പൂരിയ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഭര്‍ത്താവിന്റെ സ്വദേശമായ ജയ്പൂരില്‍ തന്നെ ഇന്ന് വൈകുന്നേരത്തോടെ സംസ്‌കരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

2005 ലാണ് കല്പ്പന യുകെയില്‍ എത്തിയത്. തുടര്‍ന്ന് ബ്രിസ്റ്റോള്‍ ആശുപത്രിയിലും ബ്രാഡ്‌ഫോര്‍ഡ് എന്‍എച്ച്എസിലും ജോലി നോക്കിയിരുന്നു. നിലവില്‍ ലീഡ്‌സ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ബോബി ജെയ്ന്‍ സൈക്യാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു. ജൂബൈല്‍ മൗസ്വാറ്റ് ആശുപത്രിയില്‍ ജോലി നോക്കിയതിന് ശേഷമാണ് കല്പ്പന യുകെയില്‍ എത്തിയത്. പിന്നീട് യൂണിവേഴ്‌സിറ്റി ഷെഫീല്‍ഡിൽ തുടര്‍ പഠനം നടത്തിയ ശേഷമാണ് എന്‍എച്ച്എസില്‍ ജോലിക്കു കയറിയത്. പരേതയായ കല്പ്പന വളരെയേറെ കഠിനാധ്വാനിയാണെന്ന്  സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. അവധിക്ക് നാട്ടില്‍ പോയ കല്പ്പനയുടെ പെട്ടെന്നുള്ള മരണ വാര്‍ത്ത ഇനിയും വിശ്വസിക്കാനാവാതെ കഴിയുകയാണ് സഹപ്രവര്‍ത്തകരും യുകെയിലെ മലയാളി സമൂഹവും. മൂന്നും എട്ടും വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles