കാവ്യാ മാധവന്റെ സഹോദരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു; തന്റെ കല്യാണത്തിന് പള്‍സര്‍ വന്നെന്നു കുറ്റസമ്മതം

കാവ്യാ മാധവന്റെ സഹോദരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു;  തന്റെ കല്യാണത്തിന് പള്‍സര്‍ വന്നെന്നു കുറ്റസമ്മതം
September 04 06:21 2017 Print This Article

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കാവ്യാ മാധവന്റെ സഹോദരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പള്‍സര്‍ സുനി തന്റെ കല്യാണത്തിന് എത്തിയിരുന്നെന്ന് മിഥുന്‍ പൊലീസിന് മൊഴി നല്‍കി. ഡ്രൈവറായാണ് സുനി കല്യാണത്തിന് എത്തിയതെന്നും മിഥുന്റെ മൊഴി. മിഥുന്റെ വിവാഹ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണം സംഘം പിടിച്ചെടുത്തു.

കാവ്യാ മാധവന്റെ കുടുംബവുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ടെന്ന തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ട്. കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ റിയയുമായുള്ള വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടില്‍ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്നാലെ പണം നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ രണ്ടാമത് ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ ജസ്റ്റിസ്സ് സുനില്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കൈമാറിയിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles