അബുദാബി∙ ജീവിത ശൈലി രോഗങ്ങളെ ഓടി തോൽപിക്കാൻ ആഹ്വാനം ചെയ്ത് മലയാളി യുവാവിന്റെ ഓട്ടം കടൽകടന്നു. ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ മാർക്കറ്റിങ് ലീഡറായി ജോലി ചെയ്യുന്ന കണ്ണൂർ കല്യാശേരി സ്വദേശി ആകാശ് നമ്പ്യാരാണ് ജനങ്ങളെ ബോധവൽകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്നത്. അബുദാബി കോർണിഷിൽനിന്ന് 25ന് പുലർച്ചെ 5.30ന് ആരംഭിച്ച ഓട്ടം ദുബായ് ഇബ്ൻ ബത്തൂത്ത മാളിൽ 26ന് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ രാവിലെ 10ന് അവസാനിപ്പിക്കുമ്പോൾ 118 കിലോമീറ്റർ പിന്നിട്ടിരുന്നു. ഇത്രയും ദൂരം പിന്നിടാൻ ആകാശ് ഓടിയത് 27 മണിക്കൂർ. ഇതാദ്യമായാണ് അബുദാബിയിൽനിന്ന് ദുബായിലേക്ക് ഒരു മലയാളി യുവാവ് തനിച്ച് ഓടിയതെന്നാണ് സൂചന. നേരത്തെ സ്വദേശി യുവാവ് അധികൃതരുടെ പിന്തുണയോടെ ദുബായിൽനിന്ന് അബുദാബിയിലേക്ക് ഓടിയത് 2 ദിവസമെടുത്തായിരുന്നു.

പ്രമേഹം, അർബുദം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങളും അവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും മനസിലാക്കി ദിവസത്തിൽ ശരാശരി 30 മിനിറ്റെങ്കിലും ഓടി കായികക്ഷമത നിലനിർത്താനാണ് ആകാഷ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. ക്ലീൻ, ഗ്രീൻ ആൻഡ് ഫിറ്റ് എന്നതായിരുന്നു പ്രമേയത്തിലുള്ള ഓട്ടം നടനും നിർമാതാവും സൂപ്പർമോഡലും ഫിറ്റ്നസ് പ്രമോട്ടറുമായ മിലിന്ദ് സോമൻ യാത്ര ഓൺലൈനിലൂടെ ഫ്ളാഗ് ഓഫ് ചെയ്തു.

നഗ്നപാദത്തോടെയാണ് ഓടിക്കൊണ്ടിരുന്നത്. എന്നാൽ അബുദാബി–ദുബായ് ഹൈവേയിൽ 3 മണിക്കൂർ പിന്നിട്ടപ്പോൾ യാത്ര ദുഷ്കരമായി. തുടർന്ന് സോക്സിന് സമാനമായ വൈബ്രം ധരിച്ചായിരുന്നു ഓട്ടം. ചെരിപ്പിടാത്ത അനുഭവം തന്നെ ലഭിക്കുന്നതാണ് വൈബ്രം തിരഞ്ഞെടുക്കാൻ കാരണം. ശരീരത്തിന് ആയാസം ലഭിക്കുന്നതും നഗ്നപാദ ഓട്ടമാണെന്ന് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.ഗതാഗതക്കുരുക്കില്ലാത്ത സമയങ്ങളിൽ കൂടുതൽ വേഗത്തിലും അല്ലാത്ത സമയങ്ങളിൽ ശരാശരി വേഗത്തിലുമായിരുന്നു ഓട്ടം. മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ പോകുന്ന അബുദാബി–ദുബായ് അതിവേഗ പാതയിൽ രാപ്പകൽ ഒറ്റയ്ക്ക് ഓടുക എന്നതിലുപരി അന്തരീക്ഷത്തിലെ ശക്തമായ കാറ്റും അതിവേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ കാറ്റുംകൂടിയായപ്പോൾ പറന്നുപോകുമോ എന്നുവരെ തോന്നി. ഇതുതന്നെയായിരുന്നു വെല്ലുവിളി.

അപരിചിതമായ സ്ഥലത്ത് ഒറ്റയ്ക്കുള്ള ഓട്ടത്തിന് ആത്മവിശ്വാസം തന്നെയായിരുന്നു കൂട്ട്. തനിച്ച് ഓടുന്നത് കണ്ട് പലരും വാഹനം നിർത്തി ലിഫ്റ്റും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നു. ഓട്ടത്തിനിടെ 4 തവണ തന്നെ കണ്ട ഒരു പാക്കിസ്ഥാനി ഡ്രൈവർ ദുബായിൽ ആക്കിത്തരാമെന്ന് പറഞ്ഞു നിർബന്ധിച്ചിരുന്നു. പൈസയില്ലാതെ ദുബായിലേക്ക് നടന്നുപോകുകയാണെന്ന് കരുതിയായിരുന്നു വാഗ്ദാനം. ലക്ഷ്യം അറിയിച്ചതോടെ കുടിവെള്ളം സമ്മാനിച്ച് സ്നേഹത്തോടെ യാത്ര പറഞ്ഞു.കണ്ണൂരിൽ എൻജിനീയറിങിനുശേഷം ബാംഗ്ലൂരിൽ എംബിഎ ചെയ്ത പിന്നീട് അവിടത്തന്നെ ജോലി നോക്കുന്ന ആകാശ് അതിനിടയിലും ജനസേവനത്തിനായി സമയം കണ്ടെത്തുന്നു. കഠിനാധ്വാനം ചെയ്യുന്നവരാണ് ഗൾഫിലെ പ്രവാസികൾ. പക്ഷേ, സ്വന്തം ആരോഗ്യം മറന്ന് കഠിനാധ്വാനം ചെയ്യുന്നതിനോട് ആകാശിന് വിയോജിപ്പുണ്ട്. ആരോഗ്യത്തിന് വലിയ പ്രാധാന്യം കൊടുക്കാത്ത ഗൾഫിലെ പ്രവാസികളെ ബോധവൽകരിക്കാനാണ് ഓട്ടത്തിന് യുഎഇ തിരഞ്ഞെടുക്കാൻ കാരണമെന്നും പറഞ്ഞു. പുകവലി, മദ്യപാനം, അമിത ഭക്ഷണം, സാങ്കേതികവിദ്യ എന്നിവയുടെ അമിത ഉപയോഗം വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും മടി കാരണം അവയിൽനിന്ന് മോചനം തേടാത്തവരാണ് മലയാളികൾ. ഇത്തരക്കാർ വ്യായാമത്തിനായി ദിവസേന അര മണിക്കൂർ മാറ്റിവച്ചാൽ ആരോഗ്യം വീണ്ടെടുക്കാവുന്നതാണെന്നും പറഞ്ഞു.

ദീർഘദൂര ഓട്ടത്തിൽ വെള്ളം, ഉണങ്ങിയ പഴങ്ങൾ, ചോക്കലേറ്റ് എന്നിവയായിരുന്നു ഭക്ഷണം. ആദ്യ 40 കിലോമീറ്റർ പിന്നിട്ട ശേഷം ഷഹാമയിൽ ഒരു മണിക്കൂർ വിശ്രമിച്ചു. പിന്നീട് സംഹ, ഗന്തൂത്ത്, ലാസ്റ്റ് എക്സിറ്റ് എന്നിവിടങ്ങളിൽ അൽപം വിശ്രമം എടുത്തിരുന്നു. ബെയർഫൂട്ട് മല്ലു എന്ന നാമത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയപ്പെടുന്ന ആകാശ് ഇന്ത്യയിലെ ഒട്ടുമിക്ക മാരത്തണിലും പങ്കെടുത്തിട്ടുണ്ട്. നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള ആറാമത് ഓട്ടമാണിത്. ബാംഗ്ലൂരിൽനിന്ന് മൈസൂരിലേക്ക് 140 കിലോമീറ്റർ ദൂരം 2 ദിവസംകൊണ്ട് പൂർത്തിയാക്കിയതാണ് ആദ്യ ദീർഘദൂര ഓട്ടം. പിന്നീട് ഗോവയിൽനിന്ന് ഗോകർണയിലേക്ക് 145 കിലോമീറ്ററും ഹിമാചൽപ്രദേശിലെ പുനയിൽനിന്ന് ധർമശാലയിലേക്ക് 125 കിലോമീറ്ററും പോണ്ടിച്ചേരിയിൽനിന്ന് ചെന്നൈയിലേക്ക് 150 കിലോമീറ്ററും കൊളംബോയിൽനിന്ന് പുനവതൂനയിലേക്ക് 120 കിലോമീറ്റർ ഓടിത്തീർത്തിരുന്നു.

വർഷാവസാനത്തിൽ ഓടി പുതുവർഷം ആഘോഷിക്കുന്ന രീതിയാണ്. യുഎഇയിലെ കാലാവസ്ഥയും റിപ്പബ്ലിക് ദിനവും കണക്കിലെടുത്താണ് ഈ ദിവസം തിരഞ്ഞെടുത്തതെന്നും പറഞ്ഞു. ഓട്ടത്തിനിടെ വിവാഹക്കാര്യം ആലോചിച്ചില്ല, കൂടെ ഓടാൻ തോന്നുവരെ കിട്ടുന്നതുവരെ അതങ്ങനെതന്നെ തുടരുമെന്ന് 30കാരൻ വ്യക്തമാക്കി. കുട്ടിക്കാലത്ത് ഓട്ടം ഇഷ്ടമല്ലാതിരുന്ന ആകാശ് പിന്നീട് മിലിന്ദ് സോമനിൽ ആകൃഷ്ടനായാണ് ഓടാൻ തുടങ്ങിയത്. ഇന്ന് ലോകം മുഴുവൻ ഓടിക്കൊണ്ടിരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനുവേണ്ടിയാണ്. എന്നാൽ തുടങ്ങാലേ, റെഡി… സ്റ്റഡി… ഗോ.