മുൻഭാര്യക്ക് അന്ത്യചുംബനം നൽകിയ ഫോട്ടോ മനഃപൂർവ്വം ഉണ്ടാക്കിയത്; എല്ലാം ജോളിയുടെ തിരക്കഥ,രണ്ടാം ഭർത്താവ് ഷാജു

മുൻഭാര്യക്ക് അന്ത്യചുംബനം നൽകിയ ഫോട്ടോ മനഃപൂർവ്വം ഉണ്ടാക്കിയത്; എല്ലാം ജോളിയുടെ തിരക്കഥ,രണ്ടാം ഭർത്താവ് ഷാജു
October 08 08:14 2019 Print This Article

കൂടത്തായി കൂട്ടമരണക്കേസിലെ അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തയ്യാറാവുന്നതിനിടെ കൂടുതൽ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തനിക്കെതിരെ ഉയർന്ന സംശങ്ങൾ നിഷേധിക്കാൻ തയ്യാറായ ഷാജു ആരോപണങ്ങള്‍ ജോളിയിലേക്ക് കേന്ദ്രീകരിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. എഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷാജു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഷാജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജു മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

സിലിയുടെയും അൽഫൈനിന്റെയും മരണത്തിന് പിന്നാലെ ജോളിയുമായി നടന്ന വിവാഹവും പിന്നീടുള്ള സംഭവങ്ങളുമാണ് ഷാജു വ്യക്തമാക്കാൻ ശ്രമിക്കുന്നത്. ജോളി അധ്യാപിക എന്ന തരത്തില്‍ ജോലിക്ക് പോവുന്നു, എന്നാൽ ഇവരുമായി ബന്ധപ്പെട്ട സൗഹൃദങ്ങൾ ഉൾപ്പെടെ തനിക്ക് അറിയില്ലെന്ന് പറയുന്ന ഷാജു വിവാഹം ഉൾപ്പെടെ നടന്നത് ജോളിയുടെ മുൻകൂട്ടിയുള്ള തിരക്കഥ പ്രകാരമാണെന്നും പറയുന്നുണ്ട്.

ജോളിയുമായി നടന്നത് പ്രണയ വിവാഹം ആയിരുന്നില്ല, ഭാര്യ മരിച്ചതിന് പിന്നാലെ രണ്ട് മാസത്തിന് ശേഷം ജോളി തന്നെയാണ് വിവാഹത്തിന് മുൻകൈയെടുത്തത്. കുട്ടികളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിലേക്ക് പോകാം എന്ന് ജോളി പറഞ്ഞത്. എന്നാൽ ആദ്യഘട്ടത്തിൽ തനിക്ക് ഇതിനോട് താൽപര്യം ഉണ്ടായിരുന്നില്ല, പിന്നീട് ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ വിവാഹത്തിന് തയ്യാറാവുകയായിരുന്നു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രചരിച്ച മുൻ ഭാര്യ സിലിയുടെ മരണാനന്തര ചടങ്ങുകളിലെ ഫോട്ടോ മനപ്പൂർവം ഉണ്ടാക്കിയതാണോ എന്ന് സംശയിക്കുന്നതായും ഷാജു പറയുന്നു. ഷാജുവും ജോളിയും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നൽകുന്നതാണ് ഫോട്ടോ. തങ്ങൾ ഇരുവരും അടുപ്പത്തിലാണെന്ന പ്രതീതി ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ടാക്കാനായിരുന്നു അതിന് പിന്നിലെ ജോളിയുടെ ശ്രമം എന്നാണ് കരുതുന്നത്.

ജോളിയുടെ ജോലിയെകുറിച്ച് അറിഞ്ഞത് കേസ് വന്ന ശേഷമാണന്ന് വ്യക്തമാക്കുന്ന ഷാജു തന്നെയും അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നതായും വെളിപ്പെടുത്തുന്നു. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും അറിയില്ല. എന്നാൽ ഒരുപാട് ഫോൺ കോളുകൾ വന്നരുന്ന വ്യക്തിയാണ് ജോളിയെന്നും ഷാജു പറഞ്ഞുവയ്ക്കുന്നു.അതേസമയം, മുഖ്യപ്രതി ജോളിയെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നു റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പ്രതികരിച്ചു. കൃത്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞിട്ടുണ്ട്. മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയ റോയിയുടെ സഹോദരന്‍ റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് ആദ്യം മനസിലാക്കിയതും റോജോയായിരുന്നു. സിലിയുടെ ബന്ധുക്കളടക്കം ആറുപേരുടെ മൊഴിയെടുക്കും. സിലിയുടെ സഹോദരന്‍ സിജോ, ബന്ധു സേവ്യര്‍ എന്നിവര്‍ക്ക് നോട്ടിസ് നൽകി.

അറസ്റ്റിലാവുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്. ഇയാളെ കേന്ദ്രീകരിച്ചും അന്വഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ ജോളിയെ അറിയാമായിരുന്നെന്ന് വ്യക്തമാക്കുന്ന ജോൺസണും നിർണായ വെളിപ്പെടുത്തലുകളാണ് പങ്കുവയ്ക്കുന്നത്. അടുത്ത സുഹൃത്തായിരുന്നു ജോളി. സ്വർണം പണയം വെക്കാൻ പലതവണ വാങ്ങിയിരുന്നു അതല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകൾ ഒന്നും ഇല്ലായിരുന്നെന്നും ജോൺസൺ പറയുന്നു.

ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളും പോലീസ് നീരീക്ഷണത്തിലാണ്. വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും ഇന്നു തന്നെ പൊലീസ് ചോദ്യം ചെയ്യും എന്നാണറിയുന്നത്. നേരത്തെ തന്നെ ഇവരില്‍ നിന്നും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.

എന്നാൽ, കൂടത്തായി കേസ് വെല്ലുവിളിയെന്ന് സംസ്ഥാന പോലീസ് മേധാവി പ്രതികരിച്ചു. എന്നാൽ അതിജീവിക്കാൻ കഴിയുമെന്നത് പ്രധാനമാണ്. അന്വേഷണ സംഘം വിഫുലകരിച്ച് നടപടികൾ കൂടുതൽ കാര്യക്ഷമാക്കും. സയനേഡിന്റെ സാന്നിധ്യം കണ്ടെത്താനാവും, എന്നാൽ ഇത് സങ്കീർണമാണ്. അതുകൊണ്ടു തന്നെ വേണ്ടിവന്നാൽ സാംപിളുകൾ വിദേശത്തേക്ക് അയക്കും. ഒരോ കേസും പ്രത്യേക എഫ്ഐആറിട്ട് അന്വേഷിക്കും. സയനേഡ് എങ്ങനെ ലഭ്യമായെന്നത് പ്രധാനമാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles