അബുജ: ദുര്‍മന്ത്രവാദിയെന്നാരോപിച്ച് മാതാപിതാക്കള്‍ തെരുവിലുപേക്ഷിച്ച രണ്ടു വയസുകാരന് തുണയായി ഡാനിഷ് വനിത. ഈ കുഞ്ഞ് വിശന്ന് വലഞ്ഞ് അലഞ്ഞ് തിരിയുന്ന ചിത്രങ്ങള്‍ മനഃസാക്ഷിയുളളവരുടെ കരളലിയിക്കുന്നാണ്. ദുര്‍മന്ത്രവാദിയാണെന്ന വീട്ടുകാരുടെ വിശ്വാസമാണ് ഇവനെ തെരുവിലാക്കിയതെന്ന് ഇവനെ രക്ഷപ്പെടുത്തിയ ഡാനിഷ് സ്ര്തീ അന്‍ജാ റിന്‍ഗ്രെന്‍ പറയുന്നു. കഴിഞ്ഞ എട്ട്മാസമായി വഴിപോക്കര്‍ എറിഞ്ഞ് നല്‍കുന്ന ഭക്ഷണമാണ് ഹോപ് എന്ന ഈ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. എല്ലും തോലുമായ ഇവന്റെ ശരീരം പുഴുവരിക്കുന്ന നിലയിലാണ് ആഫ്രിക്കയില്‍ ജീവിക്കുന്ന ഡാനിഷ് വനിത അന്‍ജാ റിഗ്രന്‍ ലോവന്‍ കണ്ടെത്തിയത്. പിന്നീടവര്‍ അവന് വെളളവും ഭക്ഷണവും നല്‍കി. പിന്നീടിവര്‍ അവനെ അടുത്തുളള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എജ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ സ്ഥാപകയാണ് ലോവന്‍. ഇത്തരത്തില്‍ ദുര്‍മന്ത്രവാദികളെന്ന് മുദ്രകുത്തി ഉപേക്ഷിക്കുന്ന കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഈ ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുളളത്. ആഫ്രിക്കയില്‍ ആയിരക്കണക്കിന് കുട്ടികളെ ഇത്തരത്തില്‍ തെരുവിലേക്ക് വലിച്ചെറിയുകയും കൊല്ലുകയും ചെയ്യുന്നുണ്ട്. സ്വന്തം അച്ഛനമ്മമാര്‍ അടക്കമുളളവരാണ് ഈ ക്രൂരത ചെയ്യുന്നത്. രക്ഷപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ വൈദ്യസഹായവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നു. ഹോപ്പിന്റെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് ലോവന്‍ തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത്.

ഹോപ്പിന്റെ വയറ്റില്‍ നിന്ന് വിരകള്‍ നീക്കം ചെയ്യാനായി മരുന്ന് നല്‍കിയതായും ലോവന്‍ കുറിച്ചിട്ടുണ്ട്. കൂടുതല്‍ അരുണ രക്താണുക്കള്‍ ശരീരത്തില്‍ വേണ്ടതിനാല്‍ രക്തം മാറ്റുകയും ചെയ്യുന്നു. ഇപ്പോള്‍ ഹോപിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവന്‍ സ്വയം ഭക്ഷണം കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നു. തന്റെ മകനോടൊപ്പം ഇവന്‍ കളിക്കാനും തുടങ്ങിയതായി ലോവന്‍ വ്യക്തമാക്കി.

ഏതായാലും ലോവന്റെ സഹായാഭ്യര്‍ത്ഥന ഫലം ചെയ്തു. ലോകമെമ്പാടും നിന്നായി രണ്ട് ദിവസം കൊണ്ട് ഇവര്‍ക്ക് പത്ത് ലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായമെത്തി. ഈ പണം കൊണ്ട് ഇവന്‍ നല്‍കാവുന്നതിന്റെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇത്തരം പീഡനത്തില്‍ നിന്ന് കൂടുതല്‍ കുട്ടികളെ രക്ഷിക്കാനും അവരുടെ പരിചരണങ്ങള്‍ക്കുമായി ഒരു ക്ലിനിക് കൂടി സ്വന്തമായി തുടങ്ങണമെന്ന ആഗ്രഹവും ഇവര്‍ പങ്ക് വയ്ക്കുന്നു.