കണ്ണൂർ പിഞ്ചുബാലന്റെ നിഷ്ടുര കൊലപാതകം; ശ​ര​ണ്യ​യു​ടെ കാ​മു​ക​നും അ​റ​സ്റ്റി​ല്‍

കണ്ണൂർ പിഞ്ചുബാലന്റെ നിഷ്ടുര കൊലപാതകം; ശ​ര​ണ്യ​യു​ടെ കാ​മു​ക​നും അ​റ​സ്റ്റി​ല്‍
February 27 11:11 2020 Print This Article

തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂർ സ്വദേശി നിതിനെയാണ് കൊലപാത പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.

നേരത്തെ, കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാമുകന്റെ പ്രേരണയുള്ളതായി സംശയമുണ്ടെന്ന് ഭര്‍ത്താവ് പ്രണവ് പോലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് നിതിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ തലേന്ന് നിതിനും ശരണ്യയും കൂടിക്കാഴ്ച നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ശരണ്യ കാമുകനെതിരെ മൊഴി നല്‍കിയിരുന്നു.

കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്നാണ് ശരണ്യ പൊലീസിന് നല്‍കിയ മൊഴി. കാമുകനെതിരെ മൊഴി നല്‍കിയത് രക്ഷപ്പെടാനുള്ള തന്ത്രമാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എങ്കിലും ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

ശരണ്യയുടെ കാമുകനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു.

ഫെബ്രുവരി 17 ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യപ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച ഭര്‍ത്താവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിച്ചു. പിറ്റേന്നു പുലര്‍ച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭര്‍ത്താവിനുമേല്‍ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.

പൊലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവര്‍ത്തിച്ചത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles