വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും. കുരുത്തോലകളുമായി വിശ്വാസി സമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാര്‍ഥനകള്‍ നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്.

ത്യാഗത്തിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളിൽ കുരുത്തോലയുമേന്തിയുള്ള പ്രദക്ഷിണവും പള്ളികളിൽ നടക്കും.

ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. ഇതോട് കൂടി ക്രൈസ്തവ സമൂഹം വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്. പള്ളികളിൽ ഒരുക്കങ്ങളെല്ലാം പൂർണ്ണമായി.

എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന ഏകീകരണം നടപ്പാക്കുന്നതിന് മുന്നോടിയായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എറണാകുളം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുർബാനയർപ്പിക്കാനായി എത്തി. ഓശാന ഞായറിനോടനുബന്ധിച്ച് പള്ളികളിൽ കുരുത്തോല പ്രദിക്ഷണവും പ്രത്യേക ചടങ്ങുകളും നടക്കും.

സിറോ മബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതിന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കൊടുത്തിരിക്കുന്ന അന്ത്യശാസനം ഇന്നാണ്. ഓശാന ഞായർ മുതൽ ഏകാകൃത കുർബാന നടപ്പാക്കണമെന്നാണ് മാർപാപ്പയുടെ നിർദേശം. ഏകാകൃത കുർബാന നടപ്പാക്കാൻ എട്ട് മാസം ആവശ്യമാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടത്. എന്നാൽ സിനഡ് ഈ നിർദേശം അംഗീകരിച്ചില്ല.

കർദ്ദിനാളിനൊപ്പം ബിഷപ്പ് ആന്റണി കരിയിലും കുർബാനയിൽ പങ്കെടുക്കുമെന്ന് സീറോ മലബാർ സഭ സിനഡ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഏകീകൃത കുർബാന നടപ്പാക്കാൻ സാവകാശം വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപത. കർദ്ദിനാളിനൊപ്പം കുർബാനയിൽ പങ്കെടുക്കാൻ ബിഷപ്പ് ആന്റണി കരിയിൽ എത്തിയില്ല. ഏകീകൃത കുർബാന അംഗീകരിക്കുന്ന ഒരു വിഭാഗവും എതിർക്കുന്ന അൽമായ മുന്നേറ്റക്കാരും ഇന്ന് ബസിലിക്കയിൽ കുർബാനയ്‌ക്കെത്തും. അതുകൊണ്ട് തന്നെ പള്ളിക്ക് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.