തന്റെ മകനെ ബ്രിട്ടീഷ് സ്റ്റേറ്റ് നിയന്ത്രിക്കുന്നത് തനിക്കിഷ്ടമല്ല എന്ന കാരണത്താൽ ജനനം രജിസ്റ്റർ ചെയ്യാതിരുന്ന പിതാവിന് ഹൈക്കോടതിയിലെ കേസിൽ തോൽവി. കുഞ്ഞിന്റെ മേൽനോട്ട ചുമതലയുള്ള ടവർ ഹാംലെറ്റ് സോഷ്യൽ സർവീസ് ആണ് നിയമ കാരണങ്ങളാൽ വിശദാംശങ്ങൾ പുറത്തു വിടാത്ത വ്യക്തിയുടെയും പങ്കാളിയുടെയും നിലപാട് ഹൈക്കോടതിയെ അറിയിക്കുന്നതും ഇടപെടാൻ ആവശ്യപ്പെട്ടതും. ഈ വർഷം ആദ്യം ജനിച്ച കുഞ്ഞിന്റെ ജനനം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.

എന്നാൽ കോടതിക്ക് കുട്ടിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ പേരെന്റ്റ്‌ ആകാനുള്ള യോഗ്യത ഉണ്ട് എന്ന് ബഹുമാനപ്പെട്ട ജഡ്ജ് ഹെയ്ഡൻ പറഞ്ഞു. ഈമാസം ആദ്യം കുടുംബ കോടതിയിൽ നടന്ന സ്വകാര്യ വാദത്തിന്റെ വിധി ഓൺലൈനായി പബ്ലിഷ് ചെയ്തിട്ടുണ്ട്. അതേസമയം ” ടി “എന്ന് വിളിക്കപ്പെടുന്ന കുട്ടിയെ സംരക്ഷിക്കാനും മാതാപിതാക്കളെ ഗാർഹിക നിരീക്ഷണത്തിൽ ആക്കാനും കോടതി തീരുമാനിച്ചു. കുട്ടിയുടെ വിദൂരഭാവി കണക്കിലെടുത്താണ് ദമ്പതിമാരെ നിരീക്ഷിക്കാൻ കോടതി തീരുമാനിച്ചത്. മാതാപിതാക്കളുടെ കോടതിയോടുള്ള സമീപനം വെച്ച് അവർക്ക് തടവ് ശിക്ഷ ലഭിക്കേണ്ടതാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

ദമ്പതിമാരുടെ വ്യത്യസ്തമായ സമീപനത്തിന് കാരണം ഭർത്താവിനെ ചില വികലമായ വിശ്വാസപ്രമാണങ്ങൾ ആണെന്ന് കോടതി കണ്ടെത്തി. വ്യക്തിഗത പരമാധികാരത്തിൽ വിശ്വസിക്കുകയും രാഷ്ട്രത്തിന് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എതിർക്കുകയും ചെയ്യുന്ന ആളാണ് അച്ഛൻ, എന്നാൽ അമ്മയാവട്ടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും മറ്റാരെങ്കിലും ചെയ്യുന്നതിൽ വിരോധമില്ലാത്ത വ്യക്തിയാണ്.

തന്റെ മകന്റെ ജനനം രജിസ്റ്റർ ചെയ്യുന്നത് നിയമങ്ങൾ നിറഞ്ഞ ഒരു കപ്പലിൽ മകനെ കയറ്റിവിടുന്നത്ര ചീത്തയാണെന്നും അത് ചെയ്യാത്തിടത്തോളം അവൻ സ്വതന്ത്രനാണെന്നും പിതാവ് പറഞ്ഞതായി കോടതി അറിയിച്ചു.