പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ എം മാണിയുടെ പിൻഗാമിയായി എൻസിപി നേതാവും മുൻ സിനിമ, സ്പോര്‍ട്സ് താരവുമായ മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് .കെ.എം.മാണി അടക്കി വാണിരുന്ന പാലാ നിയമസഭാ മണ്ഡലത്തെ ഇനി മറ്റൊരു മാണി നയിക്കുമ്പോൾ പാലായുടെ പുതിയ മാണിക്യത്തെ കുറിച്ച് കൂടുതലറിയാം

പാല നിയോജകമണ്ഡലത്തിൽ പുതിയ താരോദയമായ മാണി സി കാപ്പൻ സുദീര്‍ഘമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുപരിയായി ചലച്ചിത്ര, സ്പോര്‍ട്സ് മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്

1956 മെയ് 30ന് പാലായിൽ ചെറിയാൻ ജെ കാപ്പന്‍റെയും ത്രേസ്യാമ്മയുടെയും ഏഴാമത്തെ മകനായി ആണ് മാണി സി കാപ്പൻ ജനിച്ചത് … സ്വാതന്ത്ര്യസമര സേനാനിയും അഭിഭാഷകനുമായിരുന്ന പിതാവ് ചെറിയാൻ ജെ കാപ്പൻ നിയമസഭാംഗം, പാലാ മുനിസിപ്പൽ ചെയര്‍മാൻ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് . ചങ്ങനാശ്ശേരിയിലെ പാലത്തിങ്കൽ കുടുംബാംഗമായ ആലീസാണ്‌ ഭാര്യ. ചെറിയാൻ കാപ്പൻ, ടീന, ദീപ എന്നിവർ മക്കളാണ്.

കുട്ടിക്കാലത്തു പഠനത്തെക്കാള്‍ സ്പോര്‍ട്സിലായിരുന്നു മാണി സി കാപ്പന് താത്പര്യം. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും മടപ്പള്ളി സര്‍ക്കാര്‍ കോളേജിലും കലാലയ ജീവിതം പൂര്‍ത്തിയാക്കിയ മാണി സി കാപ്പൻ ഒരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്നു.

എന്നാൽ വോളിബോള്‍ താരമെന്ന നിലയിൽ അദ്ദേഹം പേരെടുത്തിരുന്നു . കോളേജ് വിദ്യാഭ്യാസകാലത്ത് സംസ്ഥാന വോളിബോള്‍ ടീമിൽ നാല് വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. നാല് വര്‍ഷത്തോളം കാലിക്കറ്റ് സര്‍വകലാശാല ടീം ക്യാപ്റ്റനുമായിരുന്നു . തുടർന്ന് കെഎസ്ഇബി വോളിബോള്‍ ടീമിലും എത്തി . ഏകദേശം ഒരു വര്‍ഷത്തോളം പ്രൊഫഷണൽ സ്പോര്‍ട്സിൽ ചെലവഴിച്ച മാണി സി കാപ്പൻ 1978ൽ അബുദബി സ്പോര്‍ട്സ് ക്ലബിലേയ്ക്ക് ചേക്കേറി.

അന്തരിച്ച ഇതിഹാസ തരാം ജിമ്മി ജോർജിനൊപ്പം അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിക്കുവാൻ സാധിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണ് മാണി സി കാപ്പൻ. നാലു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വർഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുമുണ്ട് .

ഇരുപത്തിഅഞ്ചോളം ചിത്രങ്ങളിൽ മാണി സി കാപ്പൻ അഭിനയിച്ചു . 1960ൽ പുറത്തിറങ്ങിയ സീത ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് കുസൃതിക്കാറ്റ്, യുവതുര്‍ക്കി, ആലിബാബയും ആറര കള്ളന്മാരും, ഫ്രണ്ട്സ്, ഇരുവട്ടം മണവാട്ടി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇതോടൊപ്പം ജനം (1993), കുസൃതിക്കാറ്റ് (1995), കുസൃതി (2004), മാന്നാർമത്തായി സ്പീക്കിങ്ങ് (1995), മാൻ ഓഫ്‌ ദ് മാച്ച്‌ (1996), മേലേപ്പറമ്പിൽ ആൺവീട് (1993), നഗരവധു (2001) എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയായിരുന്നു അദ്ദേഹം. 2012ൽ ബോറോലാര്‍ ഖോര്‍ എന്ന ആസാമീസ് – ബെംഗാളി ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്.

സിനിമയോടൊപ്പം തന്നെ കോൺഗ്രസ് എസ്സിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പൻ സംസ്ഥാന ട്രെഷറർ ആയിരുന്നു. പിന്നീട് കോൺഗ്രസ് എസ് എൻ.സി.പിയായി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി.

2000 – 2005 കാലയളവിൽ പാല മുനിസിപ്പൽ കൗൺസിലറായും തുടര്‍ന്ന് നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു. . മാണി സി കാപ്പൻ കൗൺസിലർ ആയിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിൻ്റെ സഹോദരന്മാരായ ജോർജ് സി കാപ്പൻ, ചെറിയാൻ സി കാപ്പൻ എന്നിവരും കൗൺസിലർമാരായിരുന്നു. ഒരു കുടുംബത്തിൽ നിന്നും തന്നെ മൂന്ന് കൗൺസിലർമാർ എന്ന അപൂർവ്വ നേട്ടം കാപ്പൻ കുടുംബത്തിന് സ്വന്തമായി. മൂന്ന് തവണ ഇടതുപക്ഷ മുന്നണി നിയമസഭാ സ്ഥാനാർത്ഥിയായി പാലായിൽ മത്സരിച്ചിട്ടുണ്ട്. നിലവിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറാണ്.

മുൻപ് 2006ലും 2011ലും 2016ലും ഇടതുപക്ഷ മുന്നണിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയ്ക്കെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. എന്നാൽ കെ എം മാണിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.. . എന്നാൽ 1996ൽ 23,790 വോട്ടിന്‍റെ റെക്കോഡ് ലീഡ് സൃഷ്ടിച്ച കെ എം മാണിയുടെ ലീഡ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും 8000 കടന്നിട്ടില്ല – കാരണം ഈ മൂന്ന് തവണയും എതിരാളി മാണി സി കാപ്പൻ ആയിരുന്നു . ഇന്നിതാ കെ എം മണിയില്ലാത്ത പാലായിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു രാഷ്ട്രീയത്തോടൊപ്പം സിനിമയെയും ഒപ്പം നിര്‍ത്തിയ കേരളത്തിലെ വിരലിലെണ്ണാവുന്ന നേതാക്കളിലൊരാളായ മാണി സി കാപ്പൻ